പുന്നപ്ര- വയലാര്‍ വെടിവെപ്പുകളില്‍ കമ്യൂണിസ്റ്റുകള്‍ പാവപ്പെട്ട അണികളെ വഞ്ചിച്ച ചരിത്രത്തിനു പിന്നാലെ, അവര്‍ നേട്ടമായി പറയുന്ന ഭൂപരിഷ്കരണ നിയമവും ചതിയായിരുന്നുവെന്ന യാഥാര്‍ഥ്യവും പുറത്തുവരുന്നു.
കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അധികാരത്തിലേറിയപ്പോള്‍ നടത്തിയ ഭൂപരിഷ്കരണ നിയമം ലോക നേട്ടമായി പറയപ്പെടുമ്പോഴും അതില്‍ പാര്‍ട്ടി, പാവപ്പെട്ട കര്‍ഷകരെ ചതിച്ച സംഭവം കാര്യമായി ചര്‍ച്ചയാകുന്നില്ല. കുടിയാന്മാരായ കര്‍ഷകരെ വഞ്ചിച്ചും ജന്മികളെ സഹായിച്ചുമാണ് ഭൂപരിഷ്കരണ നിയമം നടപ്പാക്കിയത് എന്നതാണ് വാസ്തവം.
സത്യത്തില്‍ ഈ നിയമത്തിന്റെ ആശയം പോലും അവരുടെ സ്വന്തമല്ല. ‘നമ്മള് കൊയ്യുന്ന വയല്‍ നമ്മുടേതാക്കി’യെന്ന് ഇന്നും പാടിപ്പുകഴ്ത്തുന്നവര്‍ പക്ഷേ, 1865 ലെ പാട്ടം വിളംബരം മുതല്‍ നാട്ടുരാജാക്കന്മാര് പലപ്പോഴായി കൃഷിഭൂമിയില്‍ കര്‍ഷകര്‍ക്ക് അവകാശങ്ങള്‍ നല്കി ഇറക്കിയ നിയമങ്ങളൊന്നും ഒരിടത്തും പരാമര്‍ശിക്കുന്നില്ല.
പക്ഷേ, നിയമം പാസാക്കിയത് ആരെന്നത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മില്‍പ്പോലും തര്‍ക്കത്തിലാണ്. 1959-ല്‍ ഇഎംഎസ് സര്‍ക്കാര്‍ കാര്‍ഷിക ബില്‍ കൊണ്ടുവന്നു. സര്‍ക്കാരിനെ കോണ്‍ഗ്രസിന്റെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചു വിട്ടു. പിന്നീട് മുസ്ലിം ലീഗിനേയും കൂട്ടുപിടിച്ച് 1969 ല്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ നിയമം മാറ്റിയും പുതുക്കിയും അവതരിപ്പിച്ചു. ആ സര്‍ക്കാരും വീണു. സിപിഎമ്മുമായി പിരിഞ്ഞ്, സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ വന്ന സിപിഐ-കോണ്‍ഗ്രസ് സര്‍ക്കാരാണ് കാര്‍ഷിക നിയമം 1970 ല്‍ നടപ്പാക്കിയത്.
കഴിഞ്ഞ വര്‍ഷം, ഭൂപരിഷ്കരണ നിയമ നിര്‍മാണത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷത്തില്‍ പക്ഷേ, അച്യുത മേനോന്റെ പേരുപോലും പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയാറായില്ല. ‘ആ പേരു പറയാന്‍ (അച്യുതമേനോന്റെ) നാവുപൊന്തിയില്ല’ എന്നായിരുന്നു പിണറായിയുടെ പ്രതികരണം. സിപിഐ കുറച്ചു ദിവസം പ്രതിഷേധിച്ചു, പ്രതികരിച്ചു, പിന്നീട് എല്‍ഡിഎഫ് കൂട്ടില്‍ അടങ്ങിക്കിടന്നു.
ഒന്നാം വഞ്ചന
ഭൂപരിഷ്കരണ നിയമം വാസ്തവത്തില്‍ പാവപ്പെട്ട കര്‍ഷക തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു. കൈവശം വെക്കാവുന്ന ഭൂമിക്ക് വിസ്തീര്‍ണ പരിധി നിശ്ചയിക്കുമെന്നും ജന്മിമാരുടെ ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കുമെന്നും കമ്യുണിസ്റ്റുകള്‍ വിശ്വസിപ്പിച്ചു. പക്ഷേ, സംസ്ഥാനത്തെ കൃഷിഭൂമിയുടെ 55 % വരുന്ന തോട്ടഭൂമി അവര്‍ സീലിങ് പരിധിയില്‍ നിന്ന് ഒഴിവാക്കി ആദ്യം വഞ്ചിച്ചു.
സംസ്ഥാന സര്‍ക്കാര്‍ 1963-ല്‍ പുറത്തുവിട്ട കണക്കു പ്രകാരം തോട്ടങ്ങള്‍ എന്ന് പറയാവുന്ന ഭൂമി 29 ലക്ഷം ഏക്കറാണ്. അതില്‍ ഏകദേശം 11 ലക്ഷം ഏക്കര്‍ ചെറുകിട കര്‍ഷകരും 18 ലക്ഷം ഏക്കര്‍ വന്‍കിട കമ്പനികളുടേതുമാണെന്നും വ്യക്തമാക്കിയിരുന്നു. അതില്‍ തോട്ടഭൂമിക്ക് ഭൂപരിധി നിയമം ബാധകമാക്കിയാല്‍ ഏകദേശം 7.5 ലക്ഷം ഏക്കര്‍ മിച്ച ഭൂമി ഉണ്ടാകുമെന്നും സര്‍ക്കാര്‍ 1957-ല്‍ കണക്കാക്കിയിരുന്നു. എന്നാല്‍, തോട്ടഭൂമി ഒഴിവാക്കി, 1969 ല്‍ ഭൂപരിഷ്കരണ നിയമം അവതരിപ്പിച്ചപ്പോള്‍ വന്ന കണക്ക് പ്രകാരം കേരളത്തില്‍ 1.2 ലക്ഷം ഏക്കര്‍ മിച്ചഭൂമിയേ ഉണ്ടായിരുന്നുള്ളു! അതായത് 1957 നും 1969 നും ഇടയ്ക്ക് സംഭവിച്ച ‘മറിമായ’ത്തിലൂടെ ആറു ലക്ഷം ഏക്കര്‍ മിച്ചഭൂമി രേഖകളില്‍ ‘നഷ്ട’മായി.
നിയമം 1969 ല്‍ അവതരിപ്പിച്ചെങ്കിലും നടപടിയായത് 1970 ജനുവരി ഒന്നുമുതലാണ്. ഈ കാലംകൊണ്ട് ഭരണവര്‍ഗത്തോട് അടുപ്പമുള്ള ജന്മിമാര്‍ക്ക് അവരുടെ അധിക ഭൂമി ഇഷ്ടക്കാര്‍ക്ക് വീതംവെക്കാനുള്ള അവസരം ലഭിച്ചു. ഇവിടെയും യോഗക്ഷേമ സഭയുടെ യോഗം വരുന്നു. ചരിത്രത്തില്‍ സംഭവങ്ങളുടെ ഓരോ ആവര്‍ത്തനങ്ങള്‍. പുന്നപ്ര വെടിവെപ്പ് വേളയില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് യോഗക്ഷേമ സഭയുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. ഭൂ പരിധി നിയമം നടപ്പാക്കും മുമ്പ് പാലക്കാട് ജില്ലയില്‍, മലപ്പുറത്തെ സ്വന്തം തറവാട്ടില്ലമായ ഏലംകുളം മനയ്ക്കല്‍ നിന്ന് അധികം അകലെയല്ലാത്ത ഓങ്ങല്ലൂരിലെ യോഗക്ഷേമ സഭാ യോഗത്തില്‍ ഭൂമി പിടിച്ചെടുക്കല്‍ സാധ്യതയെക്കുറിച്ച് ഇഎംഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ചില രേഖകളിലുണ്ട്.
രണ്ടാം വഞ്ചന
ഏറ്റെടുത്ത ഭൂമി വിതരണം ചെയ്തതിലൂടെയായിരുന്നു അടുത്ത വഞ്ചന. കര്‍ഷക ‘കുടിയായ്മ’ എന്നും ‘കുടികിടപ്പെ’ന്നും രണ്ട് തരത്തിലാണ് തിരിച്ചത്. അതില്‍, ജന്മിയുടെ കൃഷി ഭൂമി , പാട്ടത്തിനെടുത്ത് കൈവശം വച്ച് കൃഷി ചെയ്യുന്ന ‘കര്‍ഷക കുടിയാ’ന് അയാള്‍ കൈവശം വച്ചിരുന്ന ഭൂമി പതിച്ച് കിട്ടി. അതിന് സീലിങ് പരിധി നിയമം ബാധകമാക്കിയില്ല. പലര്‍ക്കും നൂറ് കണക്കിനേക്കര്‍ ലഭിച്ചു.
‘കുടികിടപ്പുകാര്‍’ ഭൂ ഉടമയായ കര്‍ഷകന്റെ പാടത്ത് പകലന്തിയോളം പണിയെടുത്ത തൊഴിലാളികളാണ്. ഇവര്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ച ഭൂമിക്ക് പകരം കോര്പ്പറേഷന്, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് എന്നിങ്ങനെ തിരിച്ച്, യഥാക്രമം മൂന്ന്, അഞ്ച്, 10 സെന്റു വീതമാണ് നല്‍കിയത്. അതായത്, ജന്മിയുടെ കാര്യസ്ഥനും, കങ്കാണിയും, ജന്മിയുടെ ഭൂമിയില്‍ പാട്ടക്കൃഷി നടത്തി, തൊഴിലാളികളെ അടിമപ്പണി ചെയ്യിക്കുകയും ചെയ്തിരുന്നവര്‍ക്ക് കൈവശ ഭൂമി മുഴുവന്‍ സ്വന്തമായി കിട്ടി. ‘കൊയ്യുന്ന വയലെല്ലാം കൈയില്‍ കിട്ടു’മെന്ന് പാടി പണിയെടുത്ത് നടുവൊടിച്ചവര്‍ക്ക് ഒന്നുമില്ലാതായി.
ചതിക്കപ്പെട്ടത് യഥാര്‍ത്ഥ ജന്മിമാരും, തൊഴിലാളികളും. കൃഷി ഭൂമികളുടെ യഥാര്‍ഥ അവകാശികളില്‍ നിന്ന് അനര്‍ഹരില്‍ എത്തിയ കൃഷിഭൂമി, വിയര്‍ക്കാതെ കിട്ടിയതായതിനാല്‍ പുതു ജന്മികള് കൃഷിയിറക്കാതെ തുണ്ടുകളാക്കി മുറിച്ചു വിറ്റു. ഇത് പിന്നീട് രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കി. പാവപ്പെട്ട തൊഴിലാളികള്‍ക്ക് കുടികിടപ്പ് അവകാശം കൊടുക്കേണ്ടിവരുമെന്ന് മനസിലാക്കിയ ‘പുത്തന്‍മുതലാളിമാര്‍’ തൊഴിലാളികളുടെ കുടിലുകള്‍ തീവെച്ച് അവരെ ആട്ടിപ്പായിച്ചു. അങ്ങനെ ഭൂപരിഷ്കരണം, യഥാര്‍ത്ഥ മണ്ണിന്റെ മക്കളുടെ ‘ഉള്ള കഞ്ഞിയില്‍ പാറ്റ വീണ’ സ്ഥിതിയിലാക്കുന്നതായിരുന്നു.
മൂന്നാം വഞ്ചന
ഭൂപരിഷ്കരണത്തെ തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട ‘അനാഥരെ’ വീണ്ടും ചതിക്കുകയായിരുന്ന കമ്യൂണിസ്റ്റുകള്‍. ലക്ഷക്കണക്കിന് പേര് ഭൂമിയോ, പാര്‍പ്പിടമോ ഇല്ലാത്തവരായി. അവര്‍ ഹരിജനങ്ങളായിരുന്നു, കര്‍ഷക തൊഴിലാളികളായിരുന്നു. അവര്‍ 1970 കളില്‍ സര്‍ക്കാരിന് പ്രശ്നക്കാരായി മാറി. അവരുടെ അസ്വസ്ഥതകള്‍ ചെറു കലാപങ്ങളും സമരങ്ങളും ഉണ്ടാക്കിയേക്കുമെന്നും അത് അരാജകത്വത്തിന് കാരണമാകുമെന്നും ഭയന്നപ്പോള്‍ സിപിഐ നേതാവ് എം.എന്‍. ഗോവിന്ദന് നായരാണ് 1972 ല്‍, ലക്ഷം വീട് കോളനി എന്ന ആശയം അവതരിപ്പിച്ച് അവരെ അവിടവിടങ്ങളില്‍ കുടിയിരുത്തിയത്. സത്യത്തില്‍ 25 സെന്റ് കൃഷി ഭൂമിയെങ്കിലും ലഭിക്കേണ്ടിയിരുന്ന യഥാര്‍ഥ കര്‍ഷക തൊഴിലാളികളെ, കോളനികളിലാക്കി ഒതുക്കി, പൊതു ധാരയില്‍ നിന്ന് അകറ്റി, മൂലയ്ക്ക് ആക്കുകയായിരുന്നു, സവര്‍ണ ജാതി ചിന്തക്കാരായ കമ്യൂണിസ്റ്റുകള്‍ ചെയ്തത്.
പക്ഷേ, അതും അനര്‍ഹരായ നിങ്ങള്‍ക്ക് ‘ഞങ്ങള്‍ നേടിത്തന്നത്’ എന്നു വിശ്വസിപ്പിച്ച്, അവരെ ഒന്നാകെ കൊടിപിടിക്കാനും തൊണ്ട പൊട്ടിക്കാനുമുള്ള പാര്‍ട്ടിയണികളാക്കി മാറ്റാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞുവെന്നതാണ് വഞ്ചനയുടെ തുടര്‍ച്ച.
വര്‍ഗ സമരത്തിന് പട്ടിണിപ്പാവങ്ങളെ ആയുധമാക്കുന്ന സിദ്ധാന്തത്തിന്റെ പ്രയോഗ ചരിത്രം ഇന്നും ആവര്‍ത്തിക്കുകയാണ്, കമ്യൂണിസ്റ്റുകളും മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റുകളും എന്നതാണ് ചൂഷണം ചെയ്യപ്പെടുന്ന അണികള്‍ തിരിച്ചറിയാത്ത സത്യം. അത് ഇനി ഏറെക്കാലം വിജയിക്കില്ലെന്ന തിരിച്ചറിവിലാണ് ‘വൈരുധ്യാത്മക ഭൗതിക വാദം നടപ്പാക്കാന്‍ എളുപ്പമല്ലെന്ന്’ പ്രസ്താവനയിലെത്തിച്ചതും
പ്രതികരിക്കാൻ ഇവിടെ എഴുതുക: