ന്യൂദല്‍ഹി: ആറുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ കാര്യക്ഷമത അടിസ്ഥാനമാക്കി പുതിയ മൂല്യനിര്‍ണയ ചട്ടക്കൂട് പുറത്തിറക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ.). ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം.
കാര്യങ്ങള്‍ മനഃപ്പാഠമാക്കുന്ന നിലവിലെ രീതിയില്‍ നിന്ന് മാറി, ദൈനംദിന പ്രശ്നങ്ങളെ പരിഹരിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ കാര്യക്ഷമതയെ വിലയിരുത്തുകയാണ് പുതിയ രീതിയെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ഇംഗ്ലീഷ്, സയന്‍സ്, മാത്സ് എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് മികച്ച പഠനഫലങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാല് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ അറിവുകള്‍, അവര്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ എന്നിവ പൂര്‍ണമായും ഈ സംവിധാനം വഴി വിലയിരുത്തപ്പെടും.
കേന്ദ്രീയ, നവോദയ വിദ്യാലയങ്ങള്‍ സ്വകാര്യ സ്കൂളുകള്‍ എന്നിവ ചട്ടക്കൂടിന്റെ ഭാഗമായി വരും. മൂന്ന്, നാല് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി പുതിയ സംവിധാനം നടപ്പാക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു. ബ്രിട്ടീഷ് കൗണ്‍സില്‍, ആല്‍ഫാപ്ലസ് എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
മൂന്ന് മുതല്‍ 12 ക്ലാസ്സുവരെയുള്ള വിദ്യാര്‍ഥികളുടെ കരിക്കുലത്തെ അടിസ്ഥാനമാക്കി 100-ലധികം പുസ്തകങ്ങളും മന്ത്രി അവതരിപ്പിച്ചു. 16 വിഷയങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ സിബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ 1000-ത്തോളം അധ്യാപകരാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയത്. അധ്യാപനത്തിലൂടെ കുട്ടികള്‍ക്കിടയില്‍ സാമൂഹികവും സാംസ്കാരികവുമായ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. പാഠഭാഗങ്ങള്‍ക്കൊപ്പം വര്‍ക്ക്ഷീറ്റുകളും പുസ്തകത്തിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ ദിക്ഷ (diksha.gov.in) വഴി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുസ്തകങ്ങള്‍ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: