ഗുവാഹതി: മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സംശുദ്ധമായ പ്രതിച്ഛായയും ധനമന്ത്രി ഹീമാന്ത ബിശ്വ ശര്‍മ്മയുടെ ജനപ്രിയതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടന്നാക്രമണം നടത്തിയുള്ള പ്രചാരണവും ബിജെപിക്ക് ആസാമില്‍ വന്‍ കുതിപ്പു നല്‍കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. പ്രചാരണത്തിന്റെ കുന്തമുനയിപ്പോള് ഹീമാന്തയാണ്. ദിവസം 17 മണിക്കൂര്‍ വരെയാണ് 52കാരനായ മുതിര്‍ന്ന ബിജെപി നേതാവ് പ്രചാരണത്തിന് വിനിയോഗിക്കുന്നത്.
ഞങ്ങള്‍ മോദിയുടെ സൈന്യമാണ്, പ്രധാനമന്ത്രിയുടെ സന്ദേശം താഴെത്തട്ടില്‍ വരെ എത്തിക്കുകയാണ് ഞങ്ങളുടെ ദൗത്യം, ഹീമാന്ത പറയുന്നു. മുഴുവന്‍ സ്ഥാനാര്‍ഥികളും പറയുന്നത് ഒരു കാര്യമാണ്, പ്രചാരണത്തിന് ഹീമാന്ത വേണം. ഏതാനും ദിവസമെങ്കിലും അദ്ദേഹത്തെ ലഭിക്കണം. അദ്ദേഹത്തിന് ജനങ്ങളുമായുള്ള ബന്ധം അത്ര ആഴത്തിലുള്ളതാണ്. പദയാത്രയോ മാര്‍ച്ചോ എന്തുമാകട്ടെ ഹീമാന്തയെത്തിയാല് ജനങ്ങള്‍ പൊതിയും. മാമക്കൊപ്പം ഒരു സെല്‍ഫി അതാണ് ചെറുപ്പക്കാരുടെ ആഗ്രഹം. അനുയായികള്‍ അദ്ദേഹത്തെ വിളിക്കുന്നത് ദാദാ (ജ്യേഷ്ഠന്) എന്നാണ്. 20 വര്‍ഷമായി ഹീമാന്ത പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് ജലുക്ബാരി. ഇക്കുറിയും അവിടെ നിന്നു തന്നെയാണ് മത്സരിക്കുന്നത്.
കൊറോണയ്ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്കിയതും ഹീമാന്തയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും സുപ്രധാന പങ്കാണ് ഹീമാന്ത വഹിച്ചത്. അഞ്ചു വര്‍ഷത്തിനിടെ ഒരൊറ്റ അഴിമതി ആരോപണം പോലും ഉയര്‍ന്നിട്ടില്ല. ഭരണത്തെക്കുറിച്ചും ആര്‍ക്കും പരാതിയില്ല. സംശുദ്ധമായ പ്രതിച്ഛായയാണ് മുഖ്യമന്ത്രി സോനോവാളിനുള്ളത്. ഇത് വലിയ നേട്ടമായാണ് പാര്‍ട്ടി കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: