രാജനഗരിയില്‍ രാജകീയമാണ് രാധാകൃഷ്ണന്‍സാറിന് വരവേല്‍പ്പ്. തൃപ്പൂണിത്തുറയുടെ മണ്ണറിഞ്ഞാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പര്യടനം. വാക്കുകളിലെ ലാളിത്യവും പ്രൗഢിയും അത് വിളിച്ചുപറയുന്നുണ്ട്. ആദരവാണ് ജനങ്ങളുടെ പ്രതികരണത്തില്‍ നിറയുന്നത്. ആബാലവൃദ്ധം ഉണ്ട് നിരത്തില്‍. പൂക്കള്‍ വാരിയെറിഞ്ഞും പൂമാലകള്‍ ചാര്‍ത്തിയും സ്നേഹം വഴിയുന്നതാണ് സ്വീകരണമോരോന്നും. നാടിന്റെ നായകനാകാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന് തന്നെ വേണമെന്ന് ഉറക്കെ പ്രഖ്യാപിച്ച ജനസഞ്ചയമാണ് ഓരോ സ്വീകരണ സ്ഥലത്തും കാത്തിരുന്നത്. കൈക്കുഞ്ഞുങ്ങളുമായി വരെ അമ്മമാര്‍ വേദിയിലെത്തി. ചിലര്‍ തങ്ങളുടെ ഗുരുവിന്റെ കാല് തൊട്ട് വന്ദിക്കാനും മറന്നില്ല.
രാവിലെ ഒമ്പത് മണിയോടെ ദൈവപ്പുരയ്ക്കല്‍ ക്ഷേത്ര പരിസരത്ത് നിന്നാണ് രണ്ടാം ദിവസത്തെ പര്യടനം തുടങ്ങിയത്. തുറന്ന ജീപ്പിലായിരുന്നു യാത്ര. കുണ്ടന്നുരില്‍ കുട്ടികളും അമ്മമാരും ഉള്‍പ്പെടെ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ കാത്തുനിന്നു. കേരളത്തില്‍ എന്‍ഡിഎ വിജയിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്തി ചെറുപ്രസംഗമാണ് സ്ഥാനാര്‍ത്ഥിയുടേത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തെക്കൂടി പങ്കാളിയാക്കാന്‍ ലഭിച്ച അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. ശൗചാലയങ്ങള്‍, വീടുകള്‍, പാചകവാതകം, റോഡുകള്‍, ആരോഗ്യരക്ഷ…. എണ്ണമില്ലാത്ത മാതൃകകള്‍. ഈ വികസന മാതൃക കേരളത്തിന് സ്വീകാര്യമാക്കണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
കുണ്ടന്നൂര്‍ നോര്‍ത്തിലായിരുന്നു അടുത്ത സ്വീകരണം. കുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കം നിരവധി പേരാണ് ഹാരാര്‍പ്പണത്തിനായി ഇവിടെ കാത്തുനിന്നത്. ഗാന്ധിയന്‍ ആദര്‍ശവും ലാളിത്യവും ജീവിതത്തിന്റെ ഭാഗമാക്കിയ പ്രൊഫ:രാധാകൃഷ്ണനെ ആവേശത്തോടെയാണ് ജനം വരവേറ്റത്. പിന്നീട് പേരേപ്പറമ്പിലേക്ക്. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് നിരവധി ആളുകളാണ് തടിച്ചുകൂടിയത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരെ കണ്ട് പിന്തുണ ഉറപ്പിച്ച അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ സംക്ഷിപ്ത വിവരം അവരോട് വിശദീകരിച്ചു. പര്യടനം നെട്ടൂരില്‍ എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി. ആളുകള്‍ തടിച്ചുകൂടിയതോടെ തുറന്ന വാഹനത്തില്‍ നിന്നും സ്ഥാനാര്‍ഥി പുറത്തിറങ്ങി. അവരില്‍ ഒരാളായി കുശലാന്വേഷണം നടത്തി. കൂടിനിന്നവരില്‍ ഒരാള്‍ നല്കിയ ഇളനീര് അദ്ദേഹം വാങ്ങികുടിച്ചു.
കൂട്ടുങ്കല്‍ ക്ഷേത്ര പരിസരം, മേല്‍പ്പാലം ജങ്ഷന് നെട്ടൂര്‍ അറയ്ക്കല്‍ ക്ഷേത്ര പരിസരം, അമ്പലക്കടവ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 11.45 ഓടെ നെട്ടൂര്‍ എസ്എന്‍ ജങ്ഷനില്‍. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനൊപ്പം ജനങ്ങളുടെ പരാതി കേള്‍ക്കാനും പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും രാധാകൃഷ്ണന് സമയം കണ്ടെത്തി. ചൂടിന്റെ കാഠിന്യം കൂടിയോടെ രാവിലത്തെ പര്യടനം അവിടെ അവസാനിപ്പിച്ചു. ഉച്ചഭഷണവും വിശ്രമത്തിനും ശേഷം വൈകിട്ട് 4.30 നാണ് വീണ്ടും പര്യടനം ആരംഭിച്ചത്. കേട്ടേഴുത്തുംകടവിലായിരുന്നു ഉച്ചക്കുശേഷമുള്ള ആദ്യ സ്വീകരണം. തണ്ടാശേരി കോളനി പരിസരം, തട്ടേക്കാട് റോഡ് എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി. നെട്ടൂര്‍ ധന്യ ജങ്ഷനിലായിരുന്നു സമാപനം.
നാടിന്റെ സര്‍വതോമുഖമായ പുരോഗതിക്കും വികസനത്തിനും നേതൃത്വം നല്കുന്ന നരേന്ദ്ര മോദിക്കൊപ്പം കേരളവും നീങ്ങുന്നതിന് എന്‍ഡിഎയാണ് തങ്ങള്‍ക്കു വേണ്ടതെന്ന് ജനങ്ങള്‍ പറയുമ്പോള്‍ ജനവികാരം വ്യക്തമാവുകയാണ്. തൃപ്പൂണിത്തുറയില്‍ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക് നീങ്ങുമ്പോള്‍ പ്രചാരണരംഗത്ത് തുടക്കംമുതല്‍ നേടിയ മേല്‍ക്കൈ നിലനിര്‍ത്തി മുന്നേറുകയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഓരോ സ്ഥലങ്ങളിലും സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന ആവേശകരമായ സ്വീകരണങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്.
സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ ഒരേ മനസ്സോടെ ചലിക്കുന്ന പ്രവര്‍ത്തകര്‍. ചുവരെഴുത്തും പോസ്റ്ററും ബോര്‍ഡുകളും എല്ലാം സ്ഥാനാര്‍ഥി പ്രഖാപനം വന്ന നിമിഷങ്ങള്‍ക്കകം മണ്ഡലത്തില്‍ നിരന്നു. ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ വി.കെ. സുദേവന്, കെ.കെ. മേഘനാഥന് എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
കെ.എസ്. ഉണ്ണിക്കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: