കൊല്ലം: യുഡിഎഫ് വന്നാല്‍ സോളാര്‍, എല്‍ഡിഎഫ് വന്നാല്‍ ഡോളര്‍. കേരളത്തെ കുംഭകോണങ്ങളുടെ നാടാക്കുകയാണ് മാറിമാറി വരുന്ന ഇടതു-വലതു മുന്നണികളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുറ്റിങ്ങല്‍ ക്ഷേത്രമൈതാനത്ത് ചാത്തന്നൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി.ബി. ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും മഹാത്മാ അയ്യങ്കാളിയുടെയും ജന്മം കൊണ്ട് ദൈവത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കേരളത്തെ രണ്ട് കൂട്ടരും ചേര്‍ന്ന് കട്ടുമുടിക്കുകയാണ്. വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പിണറായി വിജയനെതിരെ ചോദ്യശരങ്ങളെയ്ത അമിത് ഷാ അത് വീണ്ടും ആവര്‍ത്തിച്ചു. ‘പിണറായി വിജയന് മറുപടി പറയണം. നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോളര്‍ കടത്തില്‍ ഉള്‍പ്പെട്ടില്ലേ? ഈ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുഖ്യ പ്രതിയായിട്ടുള്ള വനിതയെ സര്‍ക്കാര്‍ ചെലവില്‍ വിദേശത്ത് കൊണ്ടുപോയിട്ടില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയില്ലേ?
നാടിന്റെ പൈതൃകവും സംസ്കാരവും ആചാരവും ഇവര്‍ നശിപ്പിക്കുകയാണ്. വിശ്വാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ഒഴിവാക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണെന്ന് വീമ്പിളക്കുന്നു. കേരളത്തില്‍ മുസ്ലിം ലീഗുമായാണ് അവര്‍ക്ക് ബന്ധം. മഹാരാഷ്ട്രയില്‍ ശിവസേനയുടെ കൂടെയിരുന്ന് അധികാരത്തിന്റെ മധുരം നുണയുകയാണ്. ഇങ്ങനെയൊരു മതേതര പാര്‍ട്ടിയെ തന്റെ ജീവിതത്തില്‍ ഇതേവരെ കണ്ടിട്ടില്ലെന്ന് അമിത് ഷാ പരിഹസിച്ചു.
കേരളത്തിന്റെ രക്ഷ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ്. മുന്നില്‍നിന്ന് നയിക്കാന്‍ ഇ. ശ്രീധരനെപ്പോലുള്ളവര്‍ ഉണ്ട്. കേരളത്തിന്റെ വികസനത്തിനായി കേന്ദ്രം നിരവധി പദ്ധതികളാണ് നടപ്പാക്കിയതെന്ന് ഓര്‍ക്കണം. കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ദരിദ്രരെപ്പറ്റിയാണ് പറയുന്നത്. എന്നിട്ട് പാവങ്ങള്‍ക്ക് ഒന്നും നല്‍കിയില്ല. പാവപ്പെട്ടവര്‍ക്ക് ഗ്യാസ് അടുപ്പ് നല്കിയതും ശൗചാലയം നിര്‍മിച്ചതും രണ്ട് ലക്ഷം ജനങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്കിയതും മോദിയാണെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു. സമ്മേളനത്തില്‍ ബിജെപി ചാത്തന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: