അന്ന് ഗുജറാത്തിലേക്കുള്ള മോദിയുടെ ക്ഷണം നിരസിച്ചു. പക്ഷേ ഇന്ന് നാട്ടില്‍ മോദിയുടെ പ്രതിനിധിയാകാന്‍ ഒരുങ്ങുകയാണ് രാജശേഖരന് നായര്‍. ചരിത്രം ഉറങ്ങുന്ന നെയ്യാറ്റിന്‍കരയുടെ ബിജെപി പ്രതിനിധിയായി നിയമസഭയില്‍ എത്താനുള്ള അവസരം തേടുകയാണ് ജീവിതത്തിലും ബിസിനസ്സിലും വിജയിച്ച ബിസിനസ്സ് ലോകത്ത് ഉദയസമുദ്ര രാജശേഖരനായ നാട്ടുകാരുടെ സ്വന്തം ചെങ്കല്‍ രാജശേഖരന്.
നരേന്ദ്ര മോദിയുടെ സഹായഹസ്തം ആഗ്രഹിക്കാത്തവര്‍ ചുരുക്കം. മൈക്രോ സോഫ്റ്റും ആമസോണും പോലുള്ള ആഗോള വമ്പന്മാര് വരെ മോദിയുടെ വാഗ്ദാനം സ്വീകരിച്ച് ഭാരതത്തില്‍ വന്‍ നിക്ഷേപത്തിന് തയ്യാറായി. മോദിയുടെ ഒരു ഫോണ്‍ വിളിയെത്തുടര്‍ന്ന് ടാറ്റാ തങ്ങളുടെ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റി. ഗുജറാത്തില്‍ വ്യവസായം തുടങ്ങാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണം സ്നേഹപൂര്‍വം നിരസിച്ച മലയാളിയുണ്ട്. ഉദയസമുദ്ര ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ രാജശേഖരന് നായര്‍.
2014 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സമയം. കേരളത്തിലും പ്രചാരണത്തിനെത്തി മോദി. താമസിച്ചത് ഉദയ സമുദ്രയില്‍. മോദിയുമായുള്ള അന്നത്തെ കൂടിക്കാഴ്ച രാജശേഖരന് നായര്‍ മറക്കില്ല. ബിസിനസിന്റെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞശേഷം, ‘ഗുജറാത്തിലും ധാരാളം തീരങ്ങളുണ്ട്, പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ട് തുടങ്ങാന്‍ അവിടേക്ക് ക്ഷണിക്കുന്നു, എല്ലാവിധ സഹായവും നല്‍കാം’ എന്ന് മോദി പറഞ്ഞു.. ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലവും സൗജന്യ വൈദ്യുതിയുമൊക്കെ ഓഫര്‍ ചെയ്തു.
‘ഗുജറാത്തില്‍ നിക്ഷേപമിറക്കാന്‍ പണമുള്ളവര്‍ ധാരാളമുണ്ട്. കേരളത്തിന്റെ അവസ്ഥ അതല്ല. ജന്മനാട്ടില് കുറച്ചുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് ബിസിനസ് മാറ്റിയത്. അതിനാല്‍ ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹം.’ എന്ന മറുപടി മോദിക്ക് ഇഷ്ടപ്പെട്ടു. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച രാജശേഖരന് എന്ന ബിസിനസ്സുകാരനിലേക്ക് വല്ലാത്തൊരു ഊര്‍ജ്ജം പ്രവഹിപ്പിച്ചത്.
‘എന്റെ നാട്ടില്‍ കുടുംബങ്ങളിലൊക്കെ ഒരു ദുഃഖം നിലനില്‍ക്കുന്നുണ്ട്. പലരുടെയും മക്കള്‍ പുറത്താണ്, അമ്മയും അച്ഛനും വീട്ടില്‍ തനിച്ച്. അല്ലെങ്കില്‍ ഭര്‍ത്താവ് ജോലിക്കായി പുറത്തു പോകേണ്ടിവരുന്നു. എല്ലാ സാഹചര്യവും ഉള്ള വീടുകളിലും ഈ ദുഃഖം കാണാനാകും. അതാണ് ഞാന്‍ കേരളത്തില്‍ ബിസിനസ് തുടങ്ങാന്‍ പ്രധാന കാരണം. കുറച്ചു പേരെങ്കിലും വീടുകളില്‍ നില്ക്കട്ടെ ഉറ്റവര്‍ക്കൊപ്പം.’ ഇതും കൂടി കേട്ടപ്പോള്‍ മോദി പറഞ്ഞു ‘രാജശേഖരന് ഇവിടെത്തന്നെ നില്ക്കു. എന്തു സഹായത്തിനും വിളിക്കൂ…’
പിന്നീടാണ് രാജശേഖരന് നായര്‍ ശംഖുമുഖത്ത് ഉദയ് സ്യൂട്ട്സ് ആരംഭിക്കുന്നത്. നരേന്ദ്രമോദിയുടെ രണ്ടാം ഊഴത്തിലേക്കുള്ള പ്രചാരണത്തിനെത്തിയപ്പോള്‍ ശംഖുമുഖത്തെ സമ്മേളനം കഴിഞ്ഞ് വിശ്രമിക്കാന്‍ ഉദയ് സ്യൂട്ട്സിലായിരുന്നു സൗകര്യം ക്രമീകരിച്ചിരുന്നത്. അന്ന് ‘അങ്ങ് എന്നെ ഓര്‍ക്കുന്നോ?’ എന്ന് ചോദ്യത്തിന് ‘താങ്കളെ മറക്കാനോ…’ എന്നായിരുന്നു മോദിയുടെ മറുപടി.’ താങ്കള്‍ ഞാന്‍ ക്ഷണിച്ചതു പ്രകാരം ഗുജറാത്തിലേക്കു വന്നിരുന്നെങ്കില്‍ ഇന്ന് എനിക്ക് ശംഖുമുഖത്ത് ഇത്രയും അടുത്ത് വിശ്രമിക്കാന്‍ സ്ഥലമൊരുങ്ങുമായിരുന്നില്ല എന്നല്ലേ എന്നോടു പറയാനുള്ളത്’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: