ബെയ്ജിങ്: 2019 ഡിസംബര്‍ അവസാനം ചൈനയിലെ വുഹാനില്‍ ആദ്യ കൊവിഡ്-19 രോഗബാധ സ്ഥിരീകരിക്കുന്നതിനും രണ്ടുമാസം മുന്നേതന്നെ കൊവിഡിന് കാരണമാവുന്ന സാര്‍സ് കോവ് 2 വൈറസുകളുടെ വ്യാപനം നടന്നിരുന്നതായി പഠനം. മോളിക്യുലര്‍ ഡേറ്റിങ് മാര്‍ഗങ്ങളും എപ്പിഡെമോളജിക്കല്‍ സിമുലേഷനുകളും ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ ഡിയാഗോവിലെ (യുസിഎസ്ഡി) സ്കൂള്‍ ഓഫ് മെഡിസിന് വിഭാഗം, അരിസോണ യൂനിവേഴ്സിറ്റി, ഇല്ല്യൂമിന ഇന്കോര്പറേഷന് എന്നിവയിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം ‘സയന്‍സ്’ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. “ചൈനയില്‍ രോഗബാധ കണ്ടെത്തുന്നതിനും എത്ര കാലം മുന്‍പ് ഈ വൈറസുകള്‍ വ്യാപിച്ചിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ഈ പഠനം നടത്തിയത്. ആ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനായി ഞങ്ങള്‍ മൂന്ന് പ്രധാന വിവരങ്ങള്‍ പരിശോധിച്ചു. ലോക്ക്ഡൗണിന് മുമ്പ് വുഹാനിലുണ്ടായ സാര്‍സ് കോവ് 2 വ്യാപനത്തെക്കുറിച്ചുള്ള വിശദമായ ധാരണ, ചൈനയിലെ വൈറസിന്റെ ജനിതക വൈവിധ്യം, ചൈനയിലെ ആദ്യകാല കൊവിഡ് -19 കേസുകളുടെ റിപോര്‍ട്ടുകള്‍ എന്നിവയാണ് ആ മൂന്ന് വിവരങ്ങള്‍.
ഹുബെ പ്രവിശ്യയില്‍ വൈറസ് പ്രചരിക്കാന്‍ തുടങ്ങിയതിന്റെ കാലാവധി പരമാവധി 2019 ഒക്ടോബര്‍ പകുതി വരെ പിന്നോട്ട് പോവാമെന്ന് കണ്ടെത്തി,” യുസിഎസ്ഡി സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള പ്രസ്താവനയില്‍, പഠനത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ഗവേഷകന് ജോയല്‍ ഓ വര്‍ത്തൈം പറഞ്ഞു. 2019 ഡിസംബറിലാണ് വുഹാനില്‍ കൊവിഡ് -19 കേസുകള്‍ ആദ്യമായി റിപോര്‍ട്ട് ചെയ്തത്. 2019 നവംബര്‍ 17നെങ്കിലും ചൈനയിലെ വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയില്‍ കൊവിഡ്-19 രോഗബാധ കണ്ടെത്തിയതായി സൂചിപ്പിക്കുന്ന പ്രാദേശിക പത്ര റിപോര്‍ട്ടുകളെക്കുറിച്ചും യുബിഎസ്ഡിയുടെ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു. ചൈനീസ് അധികാരികള്‍ പൊതുജനാരോഗ്യം ലക്ഷ്യമിട്ടുള്ള നടപടികള്‍ നടപ്പിലാക്കുന്ന സമയമാവുമ്പോഴേക്ക് തന്നെ വൈറസ് സജീവമായി പ്രചരിച്ചിരുന്നുവെന്ന് ഈ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പുതിയ പഠനത്തില്‍, സാര്‍സ് കോവ് 2 വൈറസിന്റെ ആദ്യകേസ് അല്ലെങ്കില്‍ ഇന്‍ഡെക്സ് കേസ് എപ്പോള്‍ സംഭവിച്ചുവെന്ന് മനസിലാക്കാന്‍ ഗവേഷകര്‍ മോളിക്യുലര്‍ ക്ലോക്ക് എവല്യൂഷനറി അനാലിസിസ് സമ്പ്രദായമാണ് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: