പാലാ : ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി പരിധിയില്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കുകയാണെന്ന് ജനപക്ഷം സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ പി.സി. ജോര്‍ജ്. ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. താന്‍ ജനിച്ച് വളര്‍ന്ന എന്റെ നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് മുനിസിപ്പാലിറ്റി പരിധിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിയതായി പി.സിജോര്‍ജ് എംഎല്‍എ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞദിവസം ഈരാറ്റുപേട്ട തീക്കോയ് പഞ്ചായത്തില്‍ പ്രചാരണത്തിന് എത്തിയപ്പോള്‍ പി.സി.ജോര്‍ജിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് കൂകി വിളിച്ചിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചിയോ, ലാഹോറോ അല്ല. ചില പ്രത്യേക ആളുകളുടെ കൂവല്‍ കണ്ടൊന്നും ഓടാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. പറയാനുള്ളത് നെഞ്ച് വിരിച്ചു തന്നെ പറയുമെന്ന് പി.സി. ജോര്‍ജും അവര്‍ക്ക് തിരിച്ച് മറുപടി നല്‍കിയിരുന്നു.
ഒരുപറ്റം ആളുകള്‍ വോട്ട് ചോദിക്കാനുള്ള എന്റെ അവകാശത്തെ നിഷേധിച്ച് കൊണ്ട് നിലകൊള്ളുമ്പോള്‍ അവര്‍ ലക്ഷ്യം വെക്കുന്ന വര്‍ഗ്ഗീയ ലഹളയിലേക്ക് തന്റെ നാടിനെ തള്ളിവിടാനാകില്ല. തന്നെ സ്നേഹിക്കുന്ന ഈ വര്‍ഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങള്‍ ഈരാറ്റുപേട്ടയില്‍ ഉണ്ട്. പക്ഷെ അവര്‍ക്ക് പോലും കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഭീഷണികള്‍ മൂലം സാധിക്കുന്നില്ല. എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലുമെന്നും, കൊല്ലുമെന്നും പരസ്യമായി ഭീഷണി പെടുത്തുന്നു. ഇതിനെ കുറിച്ച് വിശദമായി ഈരാറ്റുപേട്ടയില്‍ പ്രസംഗിച്ചിട്ടുള്ളതുമാണ്.
എനിക്കൊപ്പം പൊതുപ്രവര്‍ത്തന രംഗത്തുള്ള ഈരാറ്റുപേട്ടയിലെ ഓരോ വ്യക്തികളുടെയും സുരക്ഷയെ കരുതി ഈരാറ്റുപേട്ടയില്‍ തന്റെ പ്രചരണ പരിപാടികള്‍ അവസാനിപ്പിക്കുകയാണ്. വര്‍ഗ്ഗീയ ചിന്താഗതിയില്ലാതെ ഈ നാട്ടില്‍ മതേതരത്വം പുലരണമെന്നാഗ്രഹിക്കുന്ന ഈരാറ്റുപേട്ടക്കാര്‍ തന്നെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പി.സി. ജോര്‍ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: