ന്യൂദല്‍ഹി: ശിവസേന എംപി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി മഹാരാഷ്‌ട്രയിലെ അമരാവതിയില്‍നിന്നുള്ള സ്വതന്ത്ര എംപി നവ്‌നീത് റാണ തിങ്കളാഴ്ച രംഗത്തെത്തി. സച്ചിന്‍ വാസെ-അനില്‍ ദേശ്മുഖ് വിഷയത്തില്‍ താക്കറെ സര്‍ക്കാരിനെ ശക്തമായി ചോദ്യം ചെയ്തതിനുശേഷം ലോക്‌സഭാ ഇടനാഴിയില്‍വച്ചായിരുന്നു ഇതെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്‌ക്ക് അയച്ച കത്തില്‍ അവര്‍ പറയുന്നു. മഹാരാഷ്‌ട്രയിലെ എംഎല്‍എയുടെ ഭാര്യയാണ് നവ്‌നീത് റാണ.
താന്‍ എങ്ങനെയാണ് സഭയില്‍ വിഷയം ഉന്നയിച്ചതെന്നും ലോക്‌സഭാ ഇടനാഴിയില്‍വച്ച് ഭീഷണി നേരിട്ടതെന്നും എംപി വിശദീകരിച്ചു. കോഴ ആവശ്യപ്പെട്ടതിനെക്കുറിച്ച് മുംബൈ പൊലീസ് മുന്‍ കമ്മിഷണര്‍ പരംബീര്‍ സിംഗിന്റെ ആരോപണത്തെക്കുറിച്ചും അതില്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനുണ്ടെന്ന് പറയപ്പെടുന്ന പങ്കിനെപ്പറ്റിയും സഭയില്‍ സംസാരിച്ചു. മന്‍സൂഖ് ഹിരെണിന്റെ മരണം, സച്ചിന്‍ വാസെയുടെ പങ്ക്, പരംബീര്‍ സിംഗിന്റെ കത്ത് എന്നിവയുമായി ബന്ധപ്പെട്ട വിവാദത്തില്‍ താക്കറെ സര്‍ക്കാരിനെതിരെ നിരവധി ചോദ്യങ്ങളുയര്‍ത്തിയെന്ന് റാണ പറഞ്ഞു.
‘അത്തരം ചോദ്യങ്ങള്‍ ഞാന്‍ പാര്‍ലമെന്റിലുയര്‍ത്തി. സര്‍ക്കാരിനെ ചോദ്യം ചെയ്തതിന് ശിവസേന എംപി അരവിന്ദ് സാവന്ത് എന്നെ ഭീഷണിപ്പെടുത്തി. നിങ്ങള്‍ക്ക് മഹാരാഷ്‌ട്രയിലുടനീളം സഞ്ചരിക്കാന്‍ എങ്ങനെ കഴിയുമെന്ന് ഞാന്‍ കാണട്ടെയെന്നും നിങ്ങളെയും ഞങ്ങള്‍ ജയിലിലാക്കുമെന്നും പറഞ്ഞു’.- റാണ ആരോപിക്കുന്നു.
ശിവസേനയുടെ ലെറ്റര്‍ഹെഡിലൂടെയും ഫോണ്‍വഴിയും മുന്‍പും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് എംപി പറയുന്നു. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും കൊല്ലുമെന്നും പറഞ്ഞ് നിരവധി തവണ ഭീഷണി ലഭിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, പാര്‍ലമെന്ററികാര്യമന്ത്രി, ദല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് റാണ കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: