2001 മുതല്‍ ഗോത്രമഹാസഭയുടെ അധ്യക്ഷയായ ജാനു മുത്തങ്ങ സമരഭൂമിയിലെ വനവാസികളെ ഭൂമിക്ക് വേണ്ടി പോരാടാന്‍ പഠിപ്പിച്ചു. വനവാസികള്‍ക്ക് കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2003ല്‍ സി.കെ. ജാനുവും കൂട്ടരും മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കുടില്‍കെട്ടി സമരം ചെയ്തു. ഭരണകൂടം നിരാലംബരായ ആദിവാസികളെ തോക്കും ലാത്തിയുമായി നേരിട്ടു. പോലീസ് ഭീകരതയില്‍ തടിച്ചു വീര്‍ത്ത മുഖവും ശരീരഭാഗങ്ങളുമായി ജയിലിനു പുറത്തേക്ക് വന്ന ജാനുവിനെ ആര്‍ക്കും മറക്കാനാവില്ല. വയനാട്ടില്‍ ആദ്യമായി ഭൂസമരം ആരംഭിച്ചത് സി.കെ. ജാനുവാണ്. 1990ല്‍ അമ്പുകുത്തിയിലെ ഭൂസമരവും 1995ലെ പനവല്ലി സമരവും ജാനുവിനെ ആദിവാസികളുടെ അനിഷേധ്യ നേതാവാക്കി. ഇടതു വലതു മുന്നണികളില്‍ നിന്ന് ആദിവാസികള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പുവന്നതോടെ ജാനു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമായി.
- എന്തുകൊണ്ട് വീണ്ടും എന്‍ഡിഎ
സിപിഎം സമര ഭൂമിയില്‍ പോലും വനവാസികള്‍ നിരവധി വര്‍ഷങ്ങളായി നരകയാതനയിലാണ്. അവര്‍ക്ക് ജാഥ തൊഴിലാളികളെയാണ് ആവശ്യം. എല്‍ഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. അവര്‍ വനവാസി വിരുദ്ധരാണ്. വനവാസികളെയും പട്ടികയില്‍പ്പെടുന്ന ജാതി വിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യകതയാണ് ജെആര്പിയിലൂടെ വീണ്ടും എന്‍ഡിഎയില്‍ എത്താന്‍ കാരണം. ബിജെപി ആദിവാസികളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്.
- മുത്തങ്ങ ഭൂസമരത്തിന് ശേഷം
കേരളത്തില്‍ മുഴുവന്‍ വനവാസി ഭൂരഹിതര്‍ക്കും വിതരണം ചെയ്യാനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് വനവാസികള്‍ക്ക് നല്കുന്ന കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും പരാജയപ്പെട്ടു. സമരം നടക്കുമ്പോള്‍ എന്തെങ്കിലും ചെയ്തു എന്ന് വരുത്തി തീര്‍ക്കും. കൊല്‍ക്കത്തയിലേയും മുംബൈയിലേയും ചേരികള്‍ക്ക് സമാനമായ വനവാസി ചേരികളാണ് ഇവര്‍ക്ക് ആവശ്യം. ഇത് അംഗീകരിക്കില്ല. 2001ലെ കുടില്‍കെട്ടല്‍ സമര വ്യവസ്ഥകള്‍ ലംഘിച്ചതോടെയാണ് 2003ല്‍ മുത്തങ്ങ സമരം ആരംഭിച്ചത്. ഇടതു വലതു മുന്നണികള്‍ക്ക് തങ്ങളുടെ വോട്ട് ബാങ്കായ വനവാസികള്‍ ഗോത്രമഹാസഭയിലേക്ക് ചേക്കേറുന്നത് സഹിക്കാനായില്ല. വെറ്റിലയും അടക്കയും പുകയിലയും ചാരായവും ഉണ്ടയും ചായയും നല്കി വശത്താക്കിയിരുന്ന വോട്ടുകള്‍ നഷ്ടപ്പെടുമെന്നവര്‍ മനസ്സിലാക്കി. അതോടെ മാധ്യമങ്ങളുടെ സഹായത്തോടെ കള്ളക്കഥകള്‍ മെനഞ്ഞ് വനവാസികളെ വേട്ടയാടി. പോലീസും ഭരണകൂടവും വേട്ടയാടിയതുപോലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളെ വേട്ടയാടി.
- വനവാസികളുടെ ഫ്ലാറ്റുകള്‍
ഫ്ലാറ്റ് സംസ്കാരം അംഗീകരിക്കാനാകില്ല. സ്വന്തം കുടുംബക്കാര്‍ക്ക് പോലും ഫ്ലാറ്റുകളിലേക്ക് സന്ദര്‍ശനത്തിന് വരാന്‍ പഞ്ചായത്തിന്റെ അനുമതി വേണമത്രേ. ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്. ലജ്ജാകരം.
- പനവല്ലി ഭൂസമരം
1995ല്‍ 52 കുടുംബങ്ങളാണ് ഇഞ്ചക്കാട് വെട്ടിതെളിച്ച് കുടില്‍കെട്ടി സമരം നടത്തിയത്. ഇന്ന് ഈ ഭൂമിയില്‍ വനവാസികള്‍ പൊന്ന് വിളയിക്കുന്നു. ഞാനും ഈ ഭൂമിയിലാണ് താമസം. വനവാസികള്‍ മികച്ച കര്‍ഷകര്‍ കൂടിയാണെന്ന് പൊതുസമൂഹം ഇതിലൂടെ മനസിലാക്കി.
- കോളനികളിലെ ദുരവസ്ഥ
വയനാട്ടിലെ ഭൂരിഭാഗം കോളനികളിലും അടിസ്ഥാന സൗകര്യങ്ങളില്ല. ഇവര്‍ക്ക് മുടക്കുന്ന കോടിക്കണക്കിന് രൂപ എവിടെ പോകുന്നു എന്ന് അന്വേഷിക്കണം. ഭൂമിയില്ല, കിടപ്പാടമില്ല, തൊഴിലില്ല, വിദ്യാഭ്യാസമില്ല. എന്നാല്‍ കോളനികളില്‍ ലഹരി മാഫിയ പിടി മുറുക്കിയിരിക്കുന്നു. വനവാസി വിഭാഗത്തില്‍ ജനിച്ചതുകൊണ്ട് മാത്രം എനിക്ക് സ്കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. എന്നെപോലുള്ള നൂറുകണക്കിന് സ്ത്രീകള്‍ ഇന്ന് കേരളത്തില്‍ ഉണ്ട്. ഇതിനുമാറ്റം വരണം.
- വോട്ടര്‍മാരോട് പറയാനുള്ളത്
കഴിഞ്ഞ തവണ ഞാന്‍ മത്സരിച്ചത് വോട്ട് വര്‍ദ്ധിപ്പിക്കാനായിരുന്നു. ഇത്തവണ ജയിക്കാന്‍ വേണ്ടിയാണ്. ജനങ്ങളും അത് ആഗ്രഹിക്കുന്നു. നാല്‍പ്പത്തഞ്ച് വര്‍ഷമായി പൊതു പ്രവര്‍ത്തനത്തിലുണ്ട്. വാഗ്ദാനങ്ങള്‍ ഒന്നും ഞാന്‍ നല്‍കുന്നില്ല. വിജയിപ്പിച്ചാല്‍ പ്രവര്‍ത്തിച്ച് കാട്ടും. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് ബത്തേരി. ആദിവാസി സമൂഹങ്ങള്‍ മനസ്സുവെച്ചാല്‍ ബത്തേരിയില്‍ വിജയം സുനിശ്ചിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: