മുംബൈ: മാസം തോറും 100 കോടി രൂപ വീതം ഡാന്‍സ് ബാറുകളില്‍ നിന്നും പിരിച്ചെടുക്കാന്‍ എന്‍സിപി നേതാവ് കൂടിയായ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് നിര്‍ദേശിച്ചെന്ന ആരോപണം തെറ്റാണെന്നും ആ നാളുകളില്‍ അദ്ദേഹം ചികിത്സാര്‍ത്ഥം ആശുപത്രിയിലായിരുന്നുവെന്നും എന്‍സിപി നേതാവ് ശരത് പവാര്‍.
മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഫിബ്രവരി അഞ്ച് മുതല്‍ 15 വരെയും മന്ത്രി അനില്‍ ദേശ്മുഖം ആശുപത്രിയിലായിരുന്നെന്നും ഫിബ്രവരി 15 മുതല്‍ 27 വരെ നാഗ്പൂരിലെ വീട്ടില്‍ കോവിഡ് മൂലം ക്വാറന്റൈനിലായിരുന്നെന്നും ഈ കാലയളവില്‍ എങ്ങിനെയാണ് മന്ത്രി മാസം തോറും 100 കോടി രൂപ വീതം ബാറുകളില്‍ നിന്നും പിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കുക എന്നാണ് ശരത്പവാറിന്റെ ചോദ്യം. ഈ രേഖകളെല്ലാം മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് കൈമാറുമെന്നും അതുകൊണ്ട് മന്ത്രി ഈ ആരോപണത്തിന്റെ പേരില്‍ രാജിവെക്കുന്ന പ്രശ്നമില്ലെന്നും ശരത് പവാര്‍ വിശദീകരിച്ചു.
എന്നാല്‍ ശരത് പവാര്‍ പറഞ്ഞ തീയതികളില്‍ തെറ്റുണ്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ‘അനില്‍ ദേശ്മുഖ് ഫിബ്രവരി 5 മുതല്‍ 15 വരെയും 16 മുതല്‍ 27 വരെയും ആശുപത്രിയിലായിരുന്നുവെന്നാണ് ശരത് പവാര്‍ പറഞ്ഞത്. എന്നാല്‍ അനില്‍ ദേശ്മുഖ് ഫിബ്രവരി 15ന് വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട്. ശരത്പവാറിന്റെ വാദം തെറ്റാണെന്ന് ഇത് വഴി തെളിയുകയാണ്,’- അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു. ഇതിന് തെളിവായി കൂടെ മന്ത്രി അനില്‍ ദേശ്മുഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയും ട്വീറ്റിനൊപ്പം അദ്ദേഹം പുറത്തുവിട്ടു.
ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസും ശരത് പവാറിന്റെ നിരീക്ഷണം തെറ്റാണെന്ന് വാദവുമായി രംഗത്തെത്തി. ‘പരംബീര്‍ സിംഗിന്റെ കത്തില്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ തീയതിയെക്കുറിച്ച് സൂചിപ്പിക്കുന്നില്ല. ഫിബ്രവരി മാസം അവസാനം എന്ന് മാത്രമേ സൂചനയുള്ളൂ. പരംബീര്‍ സിംഗ് നല്കിയ കത്ത് വേണ്ടത്ര ശ്രദ്ധയോടെ പവാര്‍ മനസ്സിലാക്കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന തെളിയിക്കുന്നത്,’ ഫഡ്നാവിസ് പറഞ്ഞു.
ഇതിന് പുറമെ, അനില്‍ ദേശ്മുഖിന്റെ ആശുപത്രിവാസത്തെക്കുറിച്ച് ശരത് പവാര്‍ പുറത്ത് വിട്ട വസ്തുതകള്‍ തെറ്റാണെന്ന് നാഗ്പൂരിലെ അലെക്സിസ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രി രേഖകള്‍ ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ടിവി പറയുന്നു.
ആശുപത്രി രേഖകളില്‍ ആഭ്യന്തരമന്ത്രിയ്ക്ക് ക്വാറന്റൈന് വേണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് റിപ്പബ്ലിക് ടിവി ചൂണ്ടിക്കാട്ടുന്നു. ‘ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ സുസ്ഥിരമായ ആരോഗ്യസ്ഥിതി കണക്കിലെടുത്താല്‍ അദ്ദേഹം വിമാനത്തില്‍ പറക്കാന്‍ ഫിറ്റാണ്,’ ആശുപത്രി രേഖകള്‍ പറയുന്നു. പരംബീര്‍ സിംഗ് ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തില്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും അഴിമതിക്കാരനായ പൊലീസ് ഓഫീസര്‍ സച്ചിന് വാസെയും കൂടിക്കാഴ്ച നടത്തിയ തീയതി കൃത്യമായി പറയുന്നില്ലെന്നും റിപ്പബ്ലിക് ടിവി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: