ഡെറാഡൂണ്‍: ഹിന്ദു യുവവാഹിനി എന്ന സംഘടന ഡെറാഡൂണിലെ 150 ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ബാനര്‍ ഉയര്‍ത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഡെറാഡൂണിലെ പ്രേംനഗര്‍, ചക്രത റോഡ്, ശുദ്ധോവാല പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ഹിന്ദുക്ഷേത്രങ്ങളിലാണ് ബാനറുകള്‍ ഉയര്‍ത്തിയത്. വൈകാതെ ഉത്തരാഖണ്ഡിലെ എല്ലാം ക്ഷേത്രങ്ങളിലും ഈ ബാനര്‍ ഉയര്‍ത്താനാണ് തീരുമാനമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
ഘാസിയാബാദിലെ ദസ്ന ക്ഷേത്രത്തില്‍ ഈയിടെ അതിക്രമിച്ചു കയറിയതിന്റെ പേരില്‍ മുസ്ലിം ബാലനെ മര്‍ദ്ദിച്ച സംഭവത്തെതുടര്‍ന്നാണ് ഹിന്ദു യുവവാഹിനി ഈ ബാനര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് അവഗണിച്ചാണ് മുസ്ലിം ബാലന് ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറിയത്. എന്നാല്‍ ഹിന്ദുസ്ത്രീകളെ ഉപദ്രവിക്കാനും മോഷണത്തിനും മറ്റുമാണ് ഈ പ്രദേശത്തെ മുസ്ലിങ്ങള്‍ ക്ഷേത്രത്തില്‍ കയറുന്നതമെന്ന് മുഖ്യപുരോഹിതനായ യതി നരസിംഹാനന്ദ് ആരോപിച്ചു. ക്ഷേത്രത്തിനകത്തേക്ക് വെള്ളം കുടിക്കാന്‍ കയറിയ മുസ്ലിം ബാലനെ മര്‍ദ്ദിച്ചുവെന്നായിരുന്നു ക്ഷേത്രത്തിനെതിരായ ആരോപണം. എന്നാല്‍ കുടിവെള്ള പൈപ്പ് ക്ഷേത്രകവാടത്തിലുള്ളപ്പോള് വെള്ളം കുടിക്കാന്‍ എന്തിനാണ് ഈ മുസ്ലിം ബാലന് ക്ഷേത്രത്തിനുള്ളില്‍ കയറിയതെന്ന് ക്ഷേത്രം ഭാരവാഹികള്‍ ചോദിക്കുന്നു. മോഷണമായിരുന്നു ഈ ബാലന്റെ ലക്ഷ്യമെന്നും മുഖ്യപുരോഹിതന്‍ നരസിംഹാനന്ദ് പറഞ്ഞു.
എന്നാല്‍ മുസ്ലിം ബാലനെ മര്‍ദ്ദിച്ച സംഭവത്തെതുടര്‍ന്ന് ബിഎസ്പി എംഎല്‍എ അസ്ലം ചൗധരി ഈ ക്ഷേത്രത്തിലേക്ക് താന്‍ കയറുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ പൂര്‍വ്വീകരുടെ കൂടിയാണ് ഈ ക്ഷേത്രമെന്നായിരുന്നു അദ്ദേഹത്തിന്റെ വിചിത്ര വാദം. അസ്ലം ചൗധരി നടത്തിയ ഈ വെല്ലുവിളിക്കെതിരെയാണ് ഹിന്ദു യുവ വാഹിനി സംഘടനയില്‍പ്പെട്ടവര്‍ ഉത്തരാഖണ്ഡിലെ മുഴുവന്‍ ഹിന്ദു ക്ഷേത്രങ്ങളിലും ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. അതിന്റെ ഭാഗമായാണ് തുടക്കത്തില്‍ 150 ക്ഷേത്രത്തങ്ങളില്‍ ബോര്‍ഡ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്.
അസ്ലം ചൗധരിയുടെ ഭീഷണിയെ ചെറുക്കാന്‍ ഇനി ഉത്തരാഖണ്ഡിലെ ഓരോ ക്ഷേത്രമുറ്റത്തും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബാനര്‍ സ്ഥാപിക്കുമെന്ന് ഹിന്ദു യുവവാഹിനിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജീതു രന്ധാവയുടെ വിശദീകരണം. ‘സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ക്ഷേത്രം പരിപാവനമായ ഇടമാണ്. അതുകൊണ്ട് തന്നെ ഇനി അത്തരക്കാരെ മാത്രമേ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിടൂ’ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: