പ്രളയ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെ സഹായിച്ചെന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തര്‍ക്കമൊന്നുമില്ല. സാധ്യമായ എല്ലാത്തരത്തിലും കേന്ദ്ര സഹായം ഉണ്ടായതായി പരസ്യമായി പറയുകയും ചെയ്തു. കാരണം, കേരളം അന്തിച്ച് നിന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണ ധര്‍മം നിര്‍വഹിച്ചു. അതില്‍ കൂടുതല്‍ മാനുഷികതയും ചേര്‍ത്തു. അക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമായെന്ന് വ്യക്തമായപ്പോഴാണ് മുഖ്യമന്ത്രി വിളിച്ചു പറയാന്‍ നിര്‍ബന്ധിതനായത് എന്നു വേണം കരുതാന്‍.
പ്രളയ സ്ഥിതിവിശേഷത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു 2018 ജൂലൈ 21ന് സംസ്ഥാനം സന്ദര്‍ശിച്ചു. ആഗസ്ത് 12ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും കേരളം സന്ദര്‍ശിച്ചു. ആഗസ്ത് 17,18 തീയതികളില്‍ പ്രധാനമന്ത്രി പ്രളയ ബാധിത പ്രദേശങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ചു, ഉന്നതതല യോഗം വിളിച്ചു. എല്ലാ ദിവസവും പ്രധാനമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുകയും ദിവസവും യോഗം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചു.
യാഥാര്‍ത്ഥ്യവുമായി ചേരാത്ത കണക്കുകള്‍ നിരത്തി കേന്ദ്രത്തോട് പണം ആവശ്യപ്പെടുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിച്ച കണക്കുമാത്രം മതി പണത്തോടുള്ള പിണറായി സര്‍ക്കാരിന്റെ അത്യാര്‍ത്തി തിരിച്ചറിയാന്‍. കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് ആഗസ്ത് 18ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്.
തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍ നിര്‍മിക്കാന്‍ 13,800 കോടി വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇത് തെറ്റായ കണക്കാണെന്ന് മനസിലാക്കിയ പ്രധാനമന്ത്രി, റോഡും പാലവും ദേശീയപാത അതോറിറ്റിയെകൊണ്ട് നിര്‍മിക്കാമെന്നു പറഞ്ഞു. അതോടെ പണം വേണമെന്ന ആവശ്യം പോലും കേരളം മാറ്റിവച്ചു. കൃഷി, വീടുകള്‍, വൈദ്യുതി സംവിധാനം പുനഃസ്ഥാപിക്കല്‍ തുടങ്ങിയവയ്ക്ക് ആവശ്യപ്പെട്ടത് 5000 കോടിയാണ്. വൈദ്യുതിയുടെ കാര്യത്തില്‍ കേന്ദ്ര സ്ഥാപനമായ എന്‍ടിപിസി സഹായിക്കുമെന്ന് കേന്ദ്രം അറിയിച്ചു. പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി തകര്‍ന്ന വീടുകളെല്ലാം പുനര്‍ നിര്‍മിക്കാമെന്നും മോദി അറിയിച്ചതോടെ ദുരന്തപ്രതിരോധത്തിനായി അടിയന്തരമായി 2000 കോടി ഉടന്‍ വേണമെന്ന ആവശ്യം ഉന്നയിച്ചു.
അതേസമയം കേന്ദ്രം നല്കിയ ദുരന്തപ്രതിരോധ നിധിയില്‍ കേരളം ചെലവഴിക്കാതെ കിടന്നത് 562.45 കോടി രൂപ. രാജ്നാഥ് സിങ് പ്രഖ്യാപിച്ചത് 100 കോടി. 500 കോടി കൂടി പ്രധാനമന്ത്രി അനുവദിച്ചു. എല്ലാ പാര്‍ലമെന്റംഗങ്ങളും ഒരോ കോടി വീതം കേരളത്തിന് നല്‍കാനും നിര്‍ദേശിച്ചു. കേരളം പ്രതീക്ഷിച്ചതിലും കൂടുതല്‍ സഹായങ്ങള്‍ അങ്ങനെ കിട്ടി.
ഉദാരമായി വായ്പ നല്കാന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി. നാഷണല്‍ ഹൗസിങ് ബാങ്ക് പലിശ ഇളവ് പ്രഖ്യാപിച്ചു. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നടപടികള്‍ ലഘൂകരിച്ചു. വിശദമായ റിപ്പോര്‍ട്ടുകള്‍ നല്കുന്നതിനു പകരം നഷ്ടത്തിന്റെ കണക്കുകള്‍ കേരളം പെരുപ്പിച്ചു കാട്ടിക്കൊണ്ടിരുന്നു. 45,000 കോടിയുടെ നഷ്ടമെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് പിന്നീട് അത് 75,000 കോടി എന്നാക്കി. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3500 കോടിയുടെ നഷ്ടമാണ് പൊതുമരാമത്ത് അവകാശപ്പെട്ടത്. പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് 13,800 കോടി. ജീവനോപാധി പാക്കേജ് 4700 കോടി രൂപ വേണമെന്നും കണ്ടെത്തി. പദ്ധതികള്‍ നല്‍കാതെ പണം മാത്രം ചോദിച്ചു കൊണ്ടിരുന്നു.
പ്രളയ ദുരിതാശ്വാസമായി 3048.39 കോടി രൂപയുടെ അധികസഹായം കൂടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ പ്രളയം തകര്‍ത്ത് അഞ്ച് മാസം പിന്നിട്ടപ്പോഴത്തെ കണക്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവഴിച്ചത് 18 ശതമാനം തുക മാത്രമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ സമ്മതിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ പിരിച്ചെടുത്ത 7124.54 കോടി രൂപയില്‍ ചെലവഴിച്ചത് 1344.93 കോടി രൂപ. കേന്ദ്ര സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നല്കിയ 2904 കോടി രൂപ പോലും പൂര്‍ണമായി ചെലവഴിക്കാന്‍ കഴിഞ്ഞില്ല.
കേരളം പുനര്‍ നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് കൂടുതല്‍ തകര്‍ത്തതല്ലാതെ കാര്യമായ ഒന്നും ചെയ്തില്ല. ചെയ്തതിലെല്ലാം പരാതികള്‍ മാത്രം. അതിനു കാരണം രാഷ്ട്രീയ പക്ഷപാതവും. രണ്ടാം വട്ടവും ഭരിക്കാന്‍ ജനവിധി തേടുമ്പോള്‍ പ്രളയത്തിന്റെ ദുരിതം അനുഭവിച്ച കേരളം ഭരണമുന്നണിയോട് ചോദിക്കുന്നത് അവസരം തന്നിട്ടും ലഭിച്ചിട്ടും നിങ്ങള്‍ എന്തു ചെയ്തുവെന്നാണ്. ഒന്നും ചെയ്യാത്തവരെക്കൊണ്ട് ചെയ്യിക്കാഞ്ഞതെന്തെന്നാണ് നിയമസഭയിലെ ഔദ്യോഗിക പ്രതിപക്ഷത്തോട് ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: