കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് 2016 മെയ് പതിനാറിനായിരുന്നു. മെയ് പത്തൊന്പതിനു ഫലപ്രഖ്യാപനം വന്ന് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്ന മെയ് ഇരുപത്തിയാറിനുമുമ്പുതന്നെ ഈ സര്‍ക്കാരും അതിനു നേതൃത്വം കൊടുക്കുന്ന സിപിഎമ്മും തങ്ങളുടെ രാഷ്ട്രീയ അജണ്ട വ്യക്തമാക്കിയിരുന്നു. മെയ് ഇരുപതിന് കൊടുങ്ങല്ലൂരിനടുത്തു കൈപ്പമംഗലത്തു പ്രമോദ് എന്ന ബിജെപി പ്രവര്‍ത്തകനെ അരുംകൊല നടത്തി തുടങ്ങിയ ആഹ്ലാദപ്രകടനം പിന്നീട് കണ്ണൂരിലെയും, കാസര്‍കോട്ടെയും പാലക്കാട്ടെയും തൃശ്ശൂരിലെയും കൊല്ലത്തെയും തിരുവന്തപുരത്തെയും ഒട്ടേറെ വീടുകളില്‍ സ്ത്രീകളുടെ തോരാകണ്ണീരിന് കാരണമായി. അധികാരത്തില്‍ ഏറി ആറു മാസം തികയും മുന്‍പ് കണ്ണൂര്‍ ജില്ലയില്‍ പിണറായി പഞ്ചായത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ സ്വന്തം അമ്മയുടെയും ഗര്‍ഭിണിയായ അനുജത്തിയുടെയും മുന്നിലിട്ടാണ് കേവലം 32 വയസ്സുമാത്രം പ്രായമുള്ള രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. രമിത്തിന്റെ അച്ഛനും ബസ് ഡ്രൈവറുമായിരുന്ന ഉത്തമനെ ബസ്സില്‍ നിന്ന് വലിച്ചിറക്കി 14 വര്‍ഷം മുമ്പ് ഇതേ കമ്മ്യൂണിസ്റ്റ്കാര് വെട്ടികൊലപ്പെടുത്തിയിരുന്നു. ലോകത്തില്‍ മറ്റേത് പ്രസ്ഥാനത്തിന് ഇത്രക്ക് അധ:പതിക്കാനാകും.!
നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകത്തില്‍ നടുങ്ങിയ കേരളത്തിലെ സ്ത്രീകള്‍ക്ക് ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാവും’ എന്ന ഇടതുപക്ഷത്തിന്റെ മുദ്രാവാക്യവും, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് തലയിണക്കു ചുവട്ടില്‍ കൊടുവാള് വച്ച് ഉറങ്ങേണ്ടിവരില്ല എന്ന സഖാവ് പിണറായി വിജയന്റെ വാക്കും വിശ്വസിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. പക്ഷെ മുദ്രാവാക്യത്തിലെ പൊള്ളത്തരവും വാക്കിലെ വൈരുദ്ധ്യവും വെളിവാകാന്‍ ഏറെ വൈകേണ്ടിവന്നില്ല.
കേരളത്തിന്റെ വികസനത്തിലോ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏതെങ്കിലും ഭരണനേട്ടങ്ങളിലോ സ്ത്രീകള്‍ക്ക് ഇടമില്ലായിരുന്നു. ഇടതു സര്‍ക്കാരിന്റെ കാലം സ്ത്രീകളുടെ ദുരിതകാലമായിരുന്നു. ഒട്ടധികം സ്ത്രീകള്‍ കേരളത്തില്‍ പീഡിപ്പിക്കപ്പെട്ടു. സത്യപ്രതിജ്ഞ ചെയ്തു ഒരുമാസം തികയുന്നതിനു മുന്‍പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം സഹോദരിമാരും ദലിത് സ്ത്രീകളുമായ അഖില, അഞ്ജന എന്നിവരെ അറസ്റ്റ് ചെയ്ത്, അഖിലയുടെ 18 മാസം പ്രായമുള്ള കുഞ്ഞിനെ അടക്കം ലോക്കപ്പില്‍ ഇട്ടതു കേരളം മറക്കാനിടയില്ല. അവരുടെ പിതാവ് തലശേരിയിലെ സി.പി.എം നേതാവിനെതിരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയായിരുന്നു സിപിഎം. അച്ഛനുനേരെ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ ചെന്നതിനാണ് അറസ്റ്റ് ചെയ്തത്.
ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ കുടുംബാംഗങ്ങളോടൊപ്പം തിരുവനന്തപുരത്തെ ഡിജിപിയുടെ ഓഫീസിലെത്തിയപ്പോള്‍ പോലീസ് അവരെ അറസ്റ്റ് ചെയ്ത് ക്രൂരമായി റോഡിലൂടെ വലിച്ചിഴച്ചു ബലമായി നീക്കം ചെയ്യുന്ന കാഴ്ച കേരളത്തിലെ ഒരമ്മയ്ക്കും മറയ്ക്കാനാവില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ട്രേഡ് യൂണിയനില്‍ (സിഐടിയു) അംഗങ്ങളായ ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്ന് ഊരുവിലക്ക് നേരിട്ട ചിത്രലേഖയെന്ന വനിതാ ഓട്ടോ ഡ്രൈവറെയും നാം മറക്കാന്‍ ഇടയില്ല. തങ്ങള്‍ ചെയ്യുന്ന അതേ ജോലി ചെയ്യുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവറെ തങ്ങളുടെ സ്റ്റാന്‍ഡില്‍ സ്വീകരിക്കാന്‍ അവരുടെ മനസ്സനുവദിച്ചല്ല, അതും ഒരു ദലിത് സ്ത്രീ. അതിനുള്ള പ്രതികാര നടപടിയായിരുന്നു ഊരുവിലക്ക്. ലിംഗസമത്വം കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ തനിരൂപം ഇതാണ്.
2018 ജനുവരി മാസത്തില്‍ തന്റെ ഭര്‍ത്താവിനെ കോടഞ്ചേരി സിപിഎം വേളംകോട് ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം കൈകാര്യം ചെയ്യുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ നാലുമാസം ഗര്‍ഭിണിയായ ജ്യോത്സ്നയെ വയറ്റില്‍ ചവിട്ടിയതുമൂലം ഉണ്ടായ കനത്ത രക്തസ്രാവത്തെതുടര്‍ന്ന് അവര്‍ക്കു നഷ്ടമായത് കുഞ്ഞു ജീവനെയാണ്. സ്ത്രീശാക്തീകരണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയെന്നും സ്ത്രീകള്‍ക്ക് എല്ലായ്പ്പോഴും പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാനായി രാത്രി നടത്തമടക്കം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സര്‍ക്കാര്‍ നിരവധിപരിപാടികള്‍ അവതരിപ്പിച്ചു എന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഉപദ്രവങ്ങളില്‍ നിന്നോ ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നോ അഭയം തേടുന്നവര്‍ക്കുമായി സര്‍ക്കാര്‍ ഏകദിന വീടുകളും ഹോസ്റ്റലുകളും തുറന്നു എന്നുമൊക്കെയാണ് പിണറായി സര്‍ക്കാരിന്റെ അവകാശവാദം. കേരളത്തില്‍ ഉടനീളം സ്ത്രീകള്‍ക്ക് ഉപയോഗയോഗ്യമായ പൊതു ടോയ്ലെറ്റുകള് തുറക്കുമെന്നുമൊക്കെ കൊട്ടിഘോഷിക്കപ്പെട്ടുവെങ്കിലും നമ്മുടെ നാട്ടില്‍ എത്ര ഹോസ്റ്റലുകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ തുറന്നുവെന്നോ സ്ത്രീ സൗഹൃദമായ എത്ര പൊതു ടോയ്ലെറ്റുകള് സ്ഥാപിച്ചുവെന്നോ സര്‍ക്കാറിനു പറയാന്‍ കഴിയുന്നില്ല.
ഈ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സ്ത്രീകളെ മാത്രം മുന്‍നിര്‍ത്തിയുള്ള ഒരു പദ്ധതിയോ വികസനമോ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. ജന്‍ഡര്‍ ബജറ്റ് കൊണ്ട് സ്ത്രീകള്‍ക്ക് എന്ത് നേട്ടമുണ്ടായി എന്ന് പറയാന്‍ ഇപ്പോഴും സര്‍ക്കാരിന് സാധിച്ചിട്ടില്ല. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് സൃഷ്ടിക്കും എന്ന് ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞത് നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ എഴുതിയത് പുതിയ വകുപ്പ് രൂപീകരിക്കുന്നത് സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പുവരുത്തുന്നതിനും ലിംഗ പക്ഷപാതത്തില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും അവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമാണെന്നാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തു മഹിളാ ഐക്യവേദി സംഘടിപ്പിച്ച ജനജാഗരണ സദസ്സില്‍ കഴിഞ്ഞ ദിവസം സംസാരിച്ചുകൊണ്ടിരിക്കെ മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ സോമനെ അവിടെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടതുപക്ഷ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ക്കായി 2018-2019 ബജറ്റില്‍ 50 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും സ്ത്രീശാക്തീകരണത്തിനായി നീക്കിവച്ചിരിക്കുന്ന ഈ 50 കോടി രൂപ വനിതാമതില്‍ സംഘടിപ്പിക്കാനായി ഉപയോഗിക്കും എന്നുമാണ് ഹൈക്കോടതി മുമ്പാകെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് വിശ്വാസി സമൂഹത്തെ അധികാരം കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ ജാള്യത മാറ്റാന്‍ പടുത്തുയര്‍ത്തിയ ‘വനിതാ മതില്’ സംഘടിപ്പിക്കാനാണ് ഈ തുക ചെലവഴിക്കപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരന്തരം തുടര്‍ന്നുകൊണ്ടേയിരുന്നു. രാത്രി കുടുംബത്തോടും കുഞ്ഞുങ്ങളോടുമൊപ്പം സ്വന്തം വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ സിപിഎമ്മുകാര്‍ വീടിനു തീയിട്ടതിനെത്തുടര്ന്നു ദേഹമാസകലം പൊള്ളലേറ്റ വിമലാദേവി വെന്തുമരിച്ചതു നമ്മുടെ കേരളത്തിലാണ്. സര്‍ക്കാര്‍ സംരക്ഷണയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ദളിത് യുവതി ലൈംഗിക പീഡനത്തിന് ഇരയായതും കേരളത്തിലാണ്. വാക്കിലും പ്രവര്‍ത്തിയിലും ഉള്ള ഈ വൈരുദ്ധ്യം ഇടത് സര്‍ക്കാരിന്റെ കാലത്ത് എന്നും നിലനിന്നു എന്നതാണ് സത്യം. എന്നിട്ടിപ്പോള്‍ സ്ത്രീകളുടെ വോട്ട് ലഭിക്കാന്‍ വിശ്വാസിസമൂഹത്തെ പറ്റിക്കുന്ന നിലപാടുമാറ്റവുമായി ഇടതുപക്ഷം വരുന്നത് കേരളത്തിലെ സ്ത്രീകളുടെ ഓര്‍മശക്തിയേയും സാമാന്യ ബുദ്ധിയേയും വെല്ലുവിളിക്കുന്നതിനു തുല്യമാണ്.
കേരളത്തിലെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ തങ്ങളുടെ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്ത് മദ്യവില്‍പ്പനയ്ക്ക് മുന്‍സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ദുര്‍ബലപ്പെടുത്തുകയായിരുന്നു. കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് ഇടതുമുന്നണി എന്ന് ഇടതുപക്ഷക്കാരിയായ കെപിഎസി ലളിത അഭിനയിച്ച പരസ്യചിത്രം കേരളീയര്ക്കുനേരെ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നേരെ കൊഞ്ഞനം കുത്തുന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഗാര്‍ഹിക പീഡനക്കേസുകളില്‍ ഭൂരിഭാഗത്തിലും ഭര്‍ത്താവിന്റെ മദ്യപാനമാണ് അക്രമത്തിന് ഇന്ധനം പകരുന്ന പ്രധാന ഘടകമെന്നിരിക്കെ ഇടതുസര്‍ക്കാരിന്റെ മദ്യനയം കേരളത്തിലെ സ്ത്രീകളോട് ചെയ്ത കടുത്ത വഞ്ചനയാണ്.
വാളയാര്‍ കേരളത്തിന്റെ തീരാ നൊമ്പരമാണ്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ 2020 ല്‍ പുറത്തുവിട്ട കണക്കനുസരിച്ചു ഭാരതത്തില്‍ 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ പട്ടികയില്‍ കേരളം രണ്ടാമതാണ്. ആറ് വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളും 60 വയസ്സിനു മുകളിലുള്ള വൃദ്ധകളും ബലാത്സംഗത്തിന് ഇരയായത് ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. ഇത്തരം അതിക്രമങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടാണ് ആ സര്‍ക്കാരിന്റെ സ്ത്രീകളോടും സ്ത്രീസുരക്ഷയോടുമുള്ള പ്രതിബദ്ധത വെളിവാക്കുന്നത്. വാളയാര്‍ പെണ്‍കുട്ടികളെ വേട്ടയാടിയവരെ രക്ഷിക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വം പ്രാരംഭഘട്ടത്തില്‍ തന്നെ നടത്തിയ ഇടപെടലുകള്‍ നാം കണ്ടതാണ്. കേസിന്റെ വിചാരണവേളയില്‍ ജില്ലാ ശിശുക്ഷേമ സമിതി ചെയര്മാന് പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന വിരോധാഭാസവും കേരളം കണ്ടു. കേസന്വേഷണത്തില്‍ പോലീസ് കാണിച്ച നിരുത്തരവാദപരവും നിന്ദ്യവുമായ വീഴ്ചകളും, വിചാരണയില്‍ പ്രോസിക്യൂഷന് വരുത്തിയ വീഴ്ചകളും എണ്ണിയെണ്ണിപ്പറഞ്ഞാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി കേസ് പുനരന്വേഷണം നടത്താനും പുനര്‍വിചാരണ നടത്താനും ഉത്തരവിട്ടത്.
കേരളത്തിലെ വനിതാകമ്മീഷന് ആകട്ടെ വെറും നോക്കുകുത്തിയായി മാറിയ കാഴ്ചയാണ് കേരളം കണ്ടത്. സ്വന്തം പാര്‍ട്ടിയിലെ വനിതാ യുവജന നേതാവിന് പാര്‍ട്ടി ഓഫിസില്‍ നേരിട്ട ലൈംഗിക പീഡനം അന്വേഷിച്ച പാര്‍ട്ടി കമ്മീഷന് അംഗവും വനിതയുമായ നേതാവിന്റെ കണ്ടെത്തല്‍ അത് തീവ്രത കുറഞ്ഞ പീഡനമാണെന്നാണ്. കമ്മീഷന് അധ്യക്ഷയ്ക്കാകട്ടെ തനിക്കു നാട്ടിലെ നിയമസംവിധാനത്തേക്കാള് വിശ്വാസം പാര്‍ട്ടി കോടതിയിലാണെന്നു കൂടി പ്രഖ്യാപിക്കുമ്പോള്‍ അതിക്രമങ്ങളില്‍ അശരണരാകുന്ന കേരളത്തിലെ സ്ത്രീകള്‍ നീതി തേടി എങ്ങോട്ടു പോകണം ?
കുടുംബശ്രീകളിലൂടെ സ്ത്രീശാക്തീകരണം ഉറപ്പാക്കി എന്നതാണ് സര്‍ക്കാരിന്റെ മറ്റൊരു അവകാശവാദം. എന്നാല്‍ കുടുംബശ്രീയെ രാഷ്ട്രീയവല്‍ക്കരിച്ച് കമ്യൂണിസ്റ് പാര്‍ട്ടിയോട് ചേര്ന്നുനില്ക്കുന്നവരിലേക്കുമാത്രം അധികാരങ്ങളും ആനുകൂല്യങ്ങളും എത്തുന്ന തരത്തിലാണ് ഇന്ന് കേരളത്തില്‍ കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ വഴി നടപ്പിലാക്കിയിട്ടുള്ള ന്യായവില ഭക്ഷണശാലകളുടെ നടത്തിപ്പ് ലഭിച്ചിട്ടുള്ളതും പാര്‍ട്ടി അംഗങ്ങളുടെ കുടുബത്തിലെ സ്ത്രീകള്‍ക്ക് മാത്രമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞു നടത്തുന്നത് മുഴുവന്‍ പാര്‍ട്ടി ശാക്തീകരണമാണെന്ന് നാം പലപ്പോഴായി കണ്ടു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നടപ്പിലാക്കുന്ന മിക്ക പദ്ധതികളുടെയും നോഡല്‍ ഏജന്‍സി കുടുംബശ്രീയാണെന്നിരിക്കെ പേരുമാറ്റി അവതരിപ്പിച്ച ലൈഫ് മിഷന് പദ്ധതിയുടെവരെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ഇടതുപക്ഷം നടത്തുന്ന രാഷ്രീയ ഇടപെടലുകള്‍ പല പദ്ധതികളും അര്‍ഹരായവരിലേക്കു എത്തുന്നതിന് വിലങ്ങുതടിയാവുന്നു.
കേന്ദ്രത്തില്‍ 2014 ല്‍ അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ ആകട്ടെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു നടപ്പില്‍ വരുത്തി. 2019ല്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ പഴയ പദ്ധതികള്‍ തുടര്‍ന്നു എന്നു മാത്രമല്ല പുതിയവ ആവിഷ്കരിച്ചു നടപ്പിലാക്കുക കൂടി ചെയ്തു. പെണ്‍കുട്ടികള്‍ക്കായി ബേട്ടി ബചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി എന്നീ പദ്ധതികള്‍, രാജ്യത്തെ ഒന്‍പതു കോടി വീടുകളില്‍ സ്വന്തമായി ടോയ്ലെറ്റുകള്, ഉജ്വല പദ്ധതിയിലൂടെ എട്ടു കോടി വീട്ടമ്മമാര്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്, കോവിഡ് കാലത്തു ഈ ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി മൂന്ന് സിലിണ്ടറുകള്‍, മാതൃവന്ദന യോജനയിലൂടെ അമ്മമാര്‍ക്ക് ആദ്യ പ്രസവത്തിനു അയ്യായിരം രൂപ ധനസഹായം, ജന്‍ധന്‍ യോജനയിലൂടെ രാജ്യത്തെ ഇരുപത് കോടി സ്ത്രീകള്‍ക്ക് കോവിഡ് കാലത്തു ആയിരത്തി അഞ്ഞൂറ് രൂപ വീതം ധനസഹായം, തൊഴിലെടുക്കുന്ന അമ്മമാര്‍ക്ക് ആശ്വാസമായി പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി ഉയര്‍ത്തി, വെറും ഒരു രൂപ വിലയില്‍ പ്രകൃതി സൗഹൃദപരവും ആരോഗ്യകരവുമായ സുവിധ സാനിറ്ററി നാപ്ക്കിന്‍ ലഭ്യമാക്കി, തൊഴിലുറപ്പു വേതനം 170 ല്‍ നിന്ന് 300 രൂപയോളമാക്കി ഉയര്‍ത്തി, അംഗന്‍വാടി ആശാവര്ക്കര്മാര്രുടെ വേതനം വര്‍ധിപ്പിക്കല്‍ എന്നിങ്ങനെ എത്രയെത്ര പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടപ്പിലാക്കിയത്. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തിയത് കൂടാതെ ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന രീതിയായ മുത്തലാഖ് നിയമം മൂലം നിര്‍ത്തലാക്കുകയും മുസ്ലീം സ്ത്രീകളോട് ചെയ്തുവന്ന ചരിത്രപരമായ തെറ്റ് തിരുത്തുകയും ചെയ്തു. ഇത് ലിംഗനീതിയുടെ വിജയമായാണ് മുസ്ലിം സ്ത്രീകള്‍ കണ്ടത്. സമൂഹത്തില്‍ അവര്‍ക്കു കൂടുതല്‍ തുല്യത കൈവരിക്കാനും ഇത് ഉപകരിക്കുമെന്ന് വിലയിരുത്തപ്പെട്ടു.
വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ പൊതുസമൂഹവും സ്ത്രീകളും വിലയിരുത്തേണ്ടത് ഇത്തരം കാര്യങ്ങളാണ്. പൊള്ളയായ വാഗ്ദാനങ്ങള്‍ക്കപ്പുറം ജനജീവിതം തിരിച്ചറിഞ്ഞ് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കാനും പ്രഖ്യാപിച്ചത് നടപ്പില്‍ വരുത്താനും കെല്‍പ്പുള്ള സര്‍ക്കാരാണ് ഈ നാടിന്റെ വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനും ആവശ്യം. വോട്ടര്‍പട്ടികയില്‍ പുരുഷന്മാരേക്കാള് എട്ടു ലക്ഷം അധികം വരുന്ന കേരളത്തിലെ സ്ത്രീകള്‍ അവകാശപ്പെടുന്ന ‘വിദ്യാഭ്യാസയോഗ്യര്’ എന്ന വിശേഷണം അര്‍ത്ഥവത്താകണമെങ്കില്‍ നന്മ തിന്മകള് വേര്‍തിരിച്ചറിയാനുള്ള വിവേചന ബുദ്ധികൂടി ഉണ്ടെന്നു സ്ത്രീകള്‍ ബാലറ്റിലൂടെ തെളിയിക്കണം. കണ്ണീരുണങ്ങാത്ത അമ്മമാരുടെ കേരളം മാറ്റത്തിന്റെ ചാലകശക്തിയാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: