Categories: Varadyam

സുറുമ എഴുതിയ മിഴികളില്‍ കവിത എഴുതിയ കേച്ചേരി

സംസ്‌കൃതഭാഷയില്‍ ആദ്യമായി ചലച്ചിത്ര ഗാനങ്ങള്‍ രചിച്ച ഗാനരചയിതാവ് എന്ന ബഹുമതി ലഭിച്ചയാളാണ് മലയാളത്തിന്റെ പ്രിയ കവി യൂസഫലി കേച്ചേരി. ഭാഷാ പണ്ഡിതനായും അഭിഭാഷകനായും ഗാനരചയിതാവായും. നിര്‍മ്മാതാവായും സംവിധായകനായുമൊക്കെ തിളങ്ങിനിന്ന ഒരു അതുല്യ പ്രതിഭ.

സംസ്‌കൃതഭാഷയില്‍ ആദ്യമായി ചലച്ചിത്ര ഗാനങ്ങള്‍ രചിച്ച ഗാനരചയിതാവ് എന്ന ബഹുമതി ലഭിച്ചയാളാണ് മലയാളത്തിന്റെ പ്രിയ കവി യൂസഫലി കേച്ചേരി. ഭാഷാ പണ്ഡിതനായും അഭിഭാഷകനായും  ഗാനരചയിതാവായും. നിര്‍മ്മാതാവായും സംവിധായകനായുമൊക്കെ തിളങ്ങിനിന്ന ഒരു അതുല്യ പ്രതിഭ.

സംസ്‌കൃതപണ്ഡിതന്‍ കെ.പി. നാരായണപിഷാരടിയുടെ കീഴില്‍ സംസ്‌കൃതം അഭ്യസിക്കുകയും, തുടര്‍ന്ന് ഹിന്ദുപുരാണങ്ങളില്‍ അറിവൂ നേടുകയും ചെയ്തു. 1963ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്കു കടന്നുവരുന്നത്. മാപ്പിളപ്പാട്ടുകള്‍ക്കു വരി ഒരുക്കുന്നതിലും, ലളിത പദാവലികള്‍ നിറച്ച് ഗാനരചന നിര്‍വഹിക്കുന്നതിലും അദ്ദേഹത്തിനുള്ള കഴിവ് അസാമാന്യമായിരുന്നു. അതിന് തെളിവാണല്ലോ ‘പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായി കടവത്തോ ‘എന്ന ഗാനവും ‘മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട്’ എന്ന ഗാനവും.  

സംസ്‌കൃതത്തില്‍ എഴുതിയ ആദ്യത്തെ ഗാനം 1988 ല്‍ പുറത്തിറങ്ങിയ ധ്വനി എന്ന ചിത്രത്തിന് വേണ്ടിയുള്ളതായിരുന്നു. ‘ജാനകി ജാനേ’ എന്നു തുടങ്ങുന്ന ഗാനം പ്രശസ്ത ഹിന്ദി ചലചിത്ര സംഗീത സംവിധായകനായ നൗഷാദ് ഈണം നല്‍കിയതായിരുന്നു. (ഇന്ത്യയില്‍ അതിസുന്ദരമായ മെലഡികള്‍ ഒരുക്കിയ നൗഷാദിനെകൊണ്ട് തന്റെ ഒരു ഗാനത്തിന് സംഗീതം ചിട്ടപ്പെടുത്താന്‍ ഒരുപാട് ആഗ്രഹിച്ചതിന്റെ സാഫല്യം) തുടര്‍ന്ന് സര്‍ഗം എന്ന എന്ന ചിത്രത്തിന് വേണ്ടി  ബോംബെ രവി ഈണം നല്‍കിയ ‘കൃഷ്ണകൃപാസാഗരം’ എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റായി. 2000 ല്‍ പുറത്തിറങ്ങിയ ‘മഴ’ എന്ന ചിത്രത്തിലെ ‘ഗേയം ഹരിനാമധേയം’ സംസ്‌കൃതത്തില്‍ എഴുതിയ ഏറ്റവും നല്ല ഗാനത്തിനുള്ള ദേശീയ അവാര്‍ഡ്  ലഭിക്കുകയുണ്ടായി.

മതങ്ങള്‍ക്ക് അതീതമായി പരന്നൊഴുകിയ കൃഷ്ണസ്‌നേഹം കേച്ചേരിയുടെ ഗാനങ്ങളില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. കേച്ചേരിയുടെ സംസ്‌കൃതപഠനം ഭാരതത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തിലേക്ക് ആഴ്ന്നിറങ്ങി സംസ്‌കാരങ്ങളുടെ ചെപ്പുകള്‍ തുറന്നു അവയില്‍നിന്ന് മുത്തുമണികള്‍ പെറുക്കിയെടുക്കാന്‍ വളരെയേറെ പ്രചോദിപ്പിച്ചിരുന്നു. ഗുരുവായൂര്‍ അമ്പലത്തിലെ നട വരെ പോയി  ദൂരെനിന്നുകൊണ്ട് ശ്രീകൃഷ്ണന്റെ ചൈതന്യ പ്രഭ നെഞ്ചിലേറ്റിയിരുന്ന കവിയായിരുന്നു അദ്ദേഹം. എത്രയോ ഗാനങ്ങളില്‍ അദ്ദേഹത്തിന്റെ കൃഷ്ണഭക്തി നിറഞ്ഞുനില്‍ക്കുന്നതായി കാണാം.  

സംസ്‌കൃതം എഴുതുന്നത് അപരാധമായി  അദ്ദേഹം കരുതിയിരുന്നില്ല. അതായിരുന്നു മതങ്ങള്‍ക്ക് അതീതമായ അദ്ദേഹത്തിന്റെ ചിന്ത. അത് കേരളത്തിലെ ജനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു. 1984ല്‍ ‘ആയിരംനാവുള്ള മൗനങ്ങള്‍’ എന്ന കൃതിക്ക് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിക്കുകയുണ്ടായി. ജീവിതാനുഭവങ്ങളെ  ഇന്ദ്രിയാനുഭൂതിയാക്കി തീര്‍ക്കുന്ന കുറേ കവിതകളുടെ രചനയായിരുന്നു ഈ കൃതിയില്‍. ഹിന്ദു-മുസ്ലിം മിത്തുകളുടെ ഇതിവൃത്തവും ഹൈന്ദവ സംസ്‌കാരത്തിന്റെ ഭക്തി സാന്ദ്രതയും ഇതില്‍ പ്രകടമാക്കിയിരുന്നു

വര്‍ത്തമാനകാലത്തെ അവസ്ഥാന്തരങ്ങളോടുള്ള രൂക്ഷമായ പ്രതിഷേധവും അദ്ദേഹത്തിന്റെ മിക്ക കൃതികളിലും പ്രകടമായിരുന്നു. നല്ല കവിതകള്‍ എഴുതാന്‍ സംസ്‌കൃതവും അറിയണമെന്ന് തീരുമാനിച്ചതുകൊണ്ടുതന്നെയാണ് അദ്ദേഹം സംസ്‌കൃതം പഠിക്കാന്‍ തുടങ്ങിയത്. സംസ്‌കൃതത്തിലെ ശുദ്ധ പദങ്ങള്‍ ചേര്‍ത്തുവച്ച് എഴുതിയ മനോഹര കവിതകള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കൃത ചലച്ചിത്രഗാനങ്ങള്‍. ഭാവ ചാരുത ചേര്‍ത്തു കോറിയിട്ട എത്രയെത്ര ഗാനങ്ങള്‍. ‘പരിണയ’ത്തിലെ പാര്‍വണേന്ദുമുഖി പാര്‍വതീ… എന്നു തുടങ്ങുന്ന ഗാനം തിരുവാതിരപ്പാട്ടിന്റെ ഭാവാത്മകതയില്‍ നിറയുന്ന ഒരു ഉത്തമ രചനയുടെ നേര്‍ക്കാഴ്ച തന്നെയാണ്. സിനിമ എന്ന ദൃശ്യമാധ്യമത്തിനു വേണ്ടി തന്റെ വക്കീല്‍ കുപ്പായം ഇറക്കിവച്ച ആളാണ് കേച്ചേരി.

1971 നടന്‍ മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന സിനിമയുടെ നിര്‍മ്മാണ ചുമതല നിര്‍വഹിച്ചത് യൂസഫലി കേച്ചേരി ആണ് ഇതിന്റെ ഗാനരചനയും അദ്ദേഹം തന്നെ നിര്‍വഹിച്ചു. വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു ഗാനം ആണല്ലോ ‘തമ്പ്രാന്‍ പിടിച്ചത് മലരമ്പ്’ എന്ന ഗാനം. അതുപോലെതന്നെ മറ്റൊരു ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 1972 പുറത്തിറങ്ങിയ ‘മരം’. ഇതിന്റെ സംവിധാന ചുമതലയും അദ്ദേഹം തന്നെ നിര്‍വഹിച്ചു കേച്ചേരിയുടെ വരികള്‍ക്ക് ജി ദേവരാജന്‍ ഈണം പകര്‍ന്ന് യേശുദാസ് പാടിയ പതിനാലാം രാവുദിച്ചത് മാനത്തോ… എന്നുതുടങ്ങുന്ന ഗാനം ഇന്നും ഹിറ്റുകളിലൊന്നാണ്.  

അന്നത്തെ  പ്രഗത്ഭരായ  പി. ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, ഒഎന്‍വി, വയലാര്‍ തുടങ്ങിയ ഗാനരചയിതാക്കളോടൊപ്പം ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരാളാണ് യൂസഫലി കേച്ചേരി. എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ  രചനകള്‍. സുറുമ എഴുതിയ മിഴികളില്‍ പ്രണയത്തിന്റെ മധുരത്തേന്‍ കൊണ്ട് കവിതയെഴുതി ചേര്‍ത്ത കവി. ഹിന്ദുസ്ഥാനി ഗസലുകളെയും സംസ്‌കൃതശ്ലോകങ്ങളെയും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന  ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംഗീതസംവിധായകരും കേച്ചേരിയുടെ വരികള്‍ക്ക് ഇമ്പമുള്ള ഈണം നല്‍കി മധുരതരമാക്കിയിട്ടുണ്ട്. ബാബുരാജ്, ദക്ഷിണാമൂര്‍ത്തി സ്വാമികള്‍, കെ രാഘവന്‍, കെ.വി.മഹാദേവന്‍,  എം. എസ്. വിശ്വനാഥന്‍. പുകഴേന്തി, എസ്. പി. വെങ്കിടേഷ്, വിദ്യാസാഗര്‍, ജെറി അമല്‍ദേവ്, എം. ബി. ശ്രീനിവാസന്‍, കെ. ജെ. ജോയ് തുടങ്ങിയവരുടെ ഈണങ്ങളില്‍ മലയാളിക്ക് ഇന്നും മനസ്സില്‍ മൂളാന്‍ ഒരുപാട് മനോഹരമായ ഗാനങ്ങള്‍.

മാനസനിളയില്‍ (ധ്വനി), അനുരാഗ കളരിയില്‍, നാദാപുരം പള്ളിയിലെ (തച്ചോളി അമ്പു) ആലിലകണ്ണാ (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും) സ്വരരാഗ ഗംഗാ പ്രവാഹമേ, കൃഷ്ണ കൃപാസാഗരം (സര്‍ഗ്ഗം) സാമജ സഞ്ചാരിണി, വൈശാഖ പൗര്‍ണ്ണമിയോ (പരിണയം) മൈലാഞ്ചി തോപ്പില്‍ (മൂടുപടം) എന്നിങ്ങനെ സിനിമയ്‌ക്കുവേണ്ടി അദ്ദേഹം രചിച്ച ഗാനങ്ങള്‍ എല്ലാം കാല്‍പ്പനികതയുടെ നിലാവെളിച്ചം നിറഞ്ഞുനിന്നവയായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക