ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യയിലേക്ക്. ഏപ്രില്‍ അവസാനത്തോടെയാണ് അദേഹം ഇന്ത്യയില്‍ എത്തുക. ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടന്നതിന് ശേഷം ബോറിസ് ജോണ്സണ് നടത്തുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര സന്ദര്‍ശനമാണ് ഇതെന്നുള്ള പ്രത്യേകതയും ഇതിനുണ്ട്.
ഇന്ത്യയുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ക്കുമാണ് സന്ദര്‍ശനമെന്ന് ബോറിസ് ജോണ്‍സന്റെ ഓഫീസ് വ്യക്തമാക്കി. ജൂണില്‍ ജിഏഴ് രാജ്യങ്ങളുടെ യോഗം ബ്രിട്ടണില്‍ വെച്ച് നടക്കുന്നുണ്ട്. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്ദര്‍ശകനായി പങ്കെടുക്കും. ഈ യോഗത്തിന് മുന്നോടിയായി ഇന്ത്യ സന്ദര്‍ശനം നടത്താനാണ് ബോറിസ് ജോണ്‍സന്റെ തീരുമാനം.
ലോകരാഷ്ട്രീയ ഭൂപടത്തില്‍ നിര്‍ണായകമായ ഇന്തോ-പസഫിക് മേഖലയില്‍ നടപ്പിലാക്കുന്ന നയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഏപ്രില്‍ 26ന് ഇന്ത്യയില്‍ എത്തുന്ന അദേഹം രണ്ടുദിവസം തമിഴ്നാട് സന്ദര്‍ശിക്കും. പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനാണ് അദേഹം തമിഴ്നാട്ടില്‍ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി വരുന്നതിന്റെ മുന്നൊരുക്കമായി അദേഹത്തിന്റെ സുരക്ഷ ഒദ്യോഗസ്ഥര്‍ അടുത്ത ദിവസങ്ങളില്‍ ചെന്നൈയില്‍ എത്തും. തമിഴ്നാട്ടിലെ ടെമ്പിള്‍ ടൂറിസത്തില്‍ ആകൃഷ്ടരായി ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത് ബ്രിട്ടനില്‍ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: