ഖരക്പുര്: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അവസരം ലഭിച്ചാല്‍ ജനങ്ങള്‍ക്കായി ജീവന് വരെ നല്കാന് തങ്ങള്‍ തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഖരക്പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം രാത്രി 55 മിനിട്ടോളം ഫേസ്ബുക്കും, ഇന്‍സ്റ്റഗ്രാമും, വാട്സ്ആപ്പും അപ്രത്യക്ഷമായപ്പോള്‍ എല്ലാവരും ആശങ്കയിലായി. എന്നാല്‍ ബംഗാളില്‍ വികസനവും വിശ്വാസവും ഇല്ലാതായിട്ട് തന്നെ 50-55 വര്‍ഷത്തോളമായി. ബംഗാളിന്റെ വികസനത്തിന് ബിജെപി നിര്‍ണ്ണായകമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മമത സര്‍ക്കാര്‍ കളിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ മമതയില്‍ വിശ്വാസം അര്‍പ്പിച്ചെങ്കിലും അവര്‍ ജനങ്ങളെ വഞ്ചിച്ചു.
കോണ്‍ഗ്രസും, ഇടതുപക്ഷവും, തൃണമൂലും ചേര്‍ന്ന് പതിറ്റാണ്ടുകളായി ബംഗാളിന്റെ വികസനത്തെ ഇല്ലാതാക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയാണ് മമത ബാനര്‍ജിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരാനുള്ള നിങ്ങളുടെ ത്വര എനിക്ക് മനസ്സിലാകുന്നുണ്ട്. കഴിഞ്ഞ 70 വര്‍ഷത്തെ ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ ബിജെപിക്ക് കേവലം അഞ്ച് വര്‍ഷങ്ങള്‍ മതി. നിങ്ങള്‍ പലര്‍ക്കും അവസരം കൊടുത്തു. അടുത്ത അഞ്ച് വര്‍ഷം ഞങ്ങള്‍ക്ക് അവസരം തരൂ. നിങ്ങള്‍ക്കായി ജീവന് ത്യജിക്കാനും ഞങ്ങള്‍ തയ്യാറാണ്. സംസ്ഥാനത്ത് വികസനം കൊണ്ടുവരും. കാര്‍ഷിക രംഗത്തും, ആരോഗ്യ രംഗത്തും ബിജെപി സര്‍ക്കാര്‍ വികസനം കൊണ്ടുവരും.
ബംഗാള്‍ ജനത മാറ്റം ആഗ്രഹിക്കുന്നു. അതിന് തെളിവാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്ന ജനസാഗരം. പത്ത് വര്‍ഷത്തെ മമതയുടെ ദുര്‍ഭരണം ബംഗാളിന്റെ യുവത്വത്തെ ഇല്ലാതാക്കിയിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ക്രൂരതയുടെ സ്കൂളാണ്. കൊള്ളയടി അവരുടെ സിലബസും. ഇത്രയും നാള് തൃണമൂല്‍ ബംഗാളിനെ കൊള്ളയടിക്കുകയാണ് ചെയ്തത്. അത് നിരവധി കമ്പനികള്‍ അടച്ചുപൂട്ടാനും നാടിന്റെ വികസനം കഷ്ടത്തിലാക്കാനും കാരണമായി എന്ന് മോദി കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 27 മുതല്‍ 29 വരെ അഞ്ച് ഘട്ടമായാണ് ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: