തൃശൂര്‍: പുതുക്കാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ പുത്തന്‍ വീട്ടില്‍ ഭാര്‍ഗവിയമ്മയ്‌ക്ക് ഇപ്പോള്‍ ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങളാണ്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി ഇവര്‍ക്ക് സ്വന്തമായി വീടായി. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലും അധികമാണ്.
മക്കളുടെ ചെറുപ്രായത്തില്‍ തന്നെ ഭര്‍ത്താവ് കൃഷ്ണന്‍ കുട്ടി മരിച്ചു. ജീവിതം കൂട്ടിമുട്ടിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ഇവര്‍ക്കുള്ളത്. സമീപത്തെ ഒരു വീട്ടില്‍ പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കഴിയുന്നത്. സ്വന്തമായുള്ള അഞ്ച് സെന്റില്‍ വീടെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ടാര്‍പോളിന്‍ വലിച്ച് കെട്ടിയ ഒരു കൂടാരത്തിലായിരുന്നു ഇവരുടെ താമസം. ആ വീട്ടില്‍ താമസിച്ച ഓര്‍മ്മകളെക്കുറിച്ച് പറയുമ്പോള്‍ ഭാര്‍ഗവിയമ്മയുടെ കണ്ണുകള്‍ ഈറനണിയും. രാത്രികാലങ്ങളില്‍ ഇരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ട്. മഴയും കാറ്റും വന്നാല്‍ പേടിയോടെയാണ് കഴിയുന്നത്. കാറ്റത്ത് എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴും എന്ന ഭയത്തിലായിരുന്നു ഓരോ രാത്രിയും കഴിച്ചു കൂട്ടിയത്.
സംസ്ഥാന സര്‍ക്കാരിന്റെ, വീട് വെച്ച് നല്‍കുന്ന പദ്ധതിയെക്കുറിച്ച് അറിഞ്ഞ് വീടെന്ന സ്വപ്‌നവുമായി നിരവധി തവണ പഞ്ചായത്ത് ഓഫീസിന് മുന്നിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മുന്നിലും കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് തടസ്സപ്പെടുത്തി. അങ്ങനെ വീടെന്ന സ്വപ്നം അസ്തമിച്ചു.
പിന്നീട് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി ആവാസ് യോജനയെക്കുറിച്ച് പറഞ്ഞതനുസരിച്ച് പഞ്ചായത്തിലെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ഒന്നോ, രണ്ടോ തവണയാണ് പദ്ധതിക്കായി പഞ്ചായത്തില്‍ പോകേണ്ടി വന്നത്. ബാക്കിയുള്ള നടപടികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി. 2020 ജനുവരിയില്‍ ആരംഭിച്ച വീടിന്റെ പണി സെപ്തംബറില്‍ പൂര്‍ത്തീകരിച്ചു. ഗൃഹപ്രവേശനവും സെപ്തംബറില്‍ നടത്തി.
പട്ടിണിയാണെങ്കിലും പേടികൂടാതെ സുരക്ഷിതമായി വീട്ടില്‍ കിടന്ന് ഉറങ്ങാമല്ലോയെന്ന് ഇവര്‍ പറയുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മോദിക്ക് നന്മകള്‍ നേരാനും ഈ അറുപതുകാരി മറക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: