ബെംഗളൂരു: അയോധ്യയിലെ ശ്രീരാമജന്മഭൂമിയില് ഉയരുന്നത് ക്ഷേത്രം മാത്രമല്ല, രാജ്യത്തിന്റെ സാംസ്കാരിക ധാര്‍മ്മികതയുടെ പ്രതീകവുമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് മന്മോഹന് വൈദ്യ. ബെംഗളൂരു ജനസേവാ വിദ്യാകേന്ദ്രയില്‍ അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തന പ്രചാരണത്തില്‍ സ്വയംസേവകര്‍ രാജ്യത്തുടനീളം സജീവമായി പങ്കെടുത്തു. പ്രചാരണത്തിന്റെ ഭാഗമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ 5,45,737 സ്ഥലങ്ങളിലെത്തി. ഏകദേശം 20 ലക്ഷം കാര്യകര്‍ത്താക്കള്‍ 12,47,21,000 ആളുകളുമായി ബന്ധപ്പെട്ടു. ഐക്യത്തിന്റെ വികാരം പ്രകടിപ്പിക്കുന്നതില്‍ രാമക്ഷേത്ര പ്രചാരണം വിജയിച്ചു. ക്ഷേത്രം രാമരാജ്യത്തിനുള്ള പ്രചോദനമാകും, അദ്ദേഹം പറഞ്ഞു.
പ്രതിനിധി സഭയ്ക്ക് തുടക്കം കുറിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയും ഭാരതാംബയുടെ ചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു. ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ ഇന്ന് സമാപിക്കും. പുതിയ സര്‍കാര്യവാഹിനെ ഇന്ന് തെരഞ്ഞെടുക്കും. പ്രതിനിധി സഭ ചര്‍ച്ച ചെയ്ത പ്രമേയങ്ങള്‍, ആര്‍എസ്എസിന്റെ അടുത്ത മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സര്‍കാര്യവാഹ് വിശദീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: