കൊല്‍ക്കത്ത: ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 148 സ്ഥാനാര്‍ത്ഥികളുടെ കൂടി ലിസ്റ്റ് പുറത്ത് വിട്ട് ബിജെപി. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയി കൃഷ്ണനഗര്‍ ഉത്തരില്‍ മത്സരിക്കും.
ബംഗാളിലെ 5,6,7,8 ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് വ്യാഴാഴ്ച പുറത്ത് വിട്ടത്. ബംഗാളിലെ മുന്‍ ബിജെപി അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹ ഹബ്ര മണ്ഡലത്തില്‍ മത്സരിക്കും.
റാണാഘട്ട് എംപി ജഗന്നാഥ് സര്‍ക്കാര്‍ ശാന്തിപൂറില് മത്സരിക്കും. ഇക്കുറി ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാലാമത്തെ എംപിയാണ് ജഗന്നാഥ് സര്‍ക്കാര്‍. നിയമസഭയിലേക്ക് മത്സരിക്കുന്ന മറ്റു ലോക്സഭാ എംപിമാര്‍ ഇവരാണ്- കേന്ദ്രസഹമന്ത്രികൂടിയായ ബാബുല്‍ സുപ്രിയോ, ലോകേത് ചാറ്റര്‍ജി, നിതിഷ് പ്രമാണിക്. രാജ്യസഭ എംപിയായ സ്വപന് ദാസ്ഗുപ്തയ്ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.
ഇനി 11 സീറ്റുകളിലേക്ക് കൂടിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത്. ഇക്കുറി ബംഗാള്‍ ഭരണം പിടിക്കുക എന്നതിനേക്കാള്‍ കുറഞ്ഞ ഒരു അജണ്ടയും ബിജെപിയ്ക്കില്ല. 2016ല്‍ 294 അംഗ സഭയില്‍ 211 സീറ്റുകള്‍ പിടിച്ചാണ് മമതയുടെ തൃണമൂല്‍ അധികാരത്തിലേറിയത്. എന്നാല്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18 എണ്ണം പിടിച്ചതോടെയാണ് ബിജെപിയുടെ ആത്മവിശ്വാസം കൂടി.
ഇക്കുറി ബംഗാളിലെന്ന് മാത്രമല്ല, ഇന്ത്യയാകെ ഉറ്റുനോക്കുന്ന പോര് നന്ദിഗ്രാമിലാണ്. ഇവിടെ മമത ബാനര്‍ജിയും അവരുടെ അരുമശിഷ്യനെങ്കിലും ഈയിടെ ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയും തമ്മിലാണ് മാറ്റുരയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: