ഛണ്ഡീഗഡ്: സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തിയാല്‍ അത് വീണ്ടെടുക്കാനുള്ള “സ്വത്തുവകകള്‍ക്കുള്ള കേടുപാടുകള്‍ വീണ്ടെടുക്കല്‍ നിയമം” ഹരിയാന സര്‍ക്കാര്‍ പാസാക്കി.
ആഭ്യന്തര മന്ത്രി അനില്‍ വിജ് ആണ് വ്യാഴാഴ്ച നിയമസഭയില്‍ ഈ ബില്‍ അവതരിപ്പിച്ചത്. പ്രധാനമായും സമരത്തിന്റെ പേരിലുള്ള അക്രമം തടയാനുദ്ദേശിച്ചാണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി നിയമപരമായോ നിയമവിരുദ്ധമായോ കൂട്ടംചേര്‍ന്ന് സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തിയാല്‍ അത് നശിപ്പിച്ചയാളുകളില്‍ നിന്നു തന്നെ ഈടാക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം. ലഹളകള്‍, അക്രമാസക്തമായ സമരങ്ങള്‍ എന്നിവയുള്‍പ്പെടെ ക്രമസമാധാനം ലംഘിച്ച് സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തിയാല്‍ അത് സര്‍ക്കാര്‍ നശിപ്പിച്ചവരില്‍ നിന്നുതന്നെ ഈടാക്കും. ഇതിനായി രൂപീകരിക്കുന്ന ക്ലെയിംസ് ട്രിബ്യൂണലാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി ഈടാക്കുക. ഇതിന് എന്ത് നഷ്ടപരിഹാരം ഈടാക്കണം എന്നും ട്രിബ്യൂണല്‍ തീരുമാനിക്കും. അത് സ്വത്ത് നശിപ്പിച്ചവരില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കും.
ക്ലെയിംസ് ട്രിബ്യൂണല്‍ വിധിക്കുന്ന നഷ്ടപരിഹാരത്തുക നാശനഷ്ടങ്ങള്‍ വരുത്തിയ വ്യക്തികളില്‍ നിന്നും കളക്ടര്‍ ഈടാക്കും. ഇതിനായി അവരുടെ സ്വത്ത്, ബാങ്ക് അക്കൗണ്ട് എന്നിവ പിടിച്ചെടുക്കാനും മരവിപ്പിക്കാനും കളക്ടര്‍ക്ക് അധികാരമുണ്ട്. നഷ്ടപരിഹാരത്തുക ആ വ്യക്തി നല്‍കുന്നതുവരെ അയാളുടെ സ്വത്ത് തടഞ്ഞുവെയ്ക്കാന്‍ കളക്ടര്‍ക്ക് അധികാരമുണ്ടായിരിക്കും.
കര്‍ഷകസമരത്തിന്റെ പേരില്‍ ഹരിയാനയില്‍ വ്യാപകമായി സമരക്കാര്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന് ഭാവിയില്‍ ഒരു തടയിടാന്‍ കൂടിയാണ് പുതിയ നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: