കൊച്ചി: ഹരീശ്രീ അശോകനൊപ്പം നടന് മുകേഷ് ചാക്സണ്, സാറാസ് എന്നീ കിറ്റെക്സ് ഉത്പന്നങ്ങളുടെ പരസ്യത്തില്‍ എത്തിയത് ചര്‍ച്ചയാകുന്നു. കൊല്ലം മണ്ഡലത്തില്‍ മുകേഷിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യം പുറത്തിറങ്ങിയത്. ട്വന്റി ട്വന്റിയെ തടയാന്‍ സിപിഎം പാടുപെടുന്നതിനിടെ പരസ്യമെത്തിയത് പ്രദേശത്തെ പാര്‍ട്ടിപ്രവര്‍ത്തകരെ വെട്ടിലാക്കി. മുകേഷും വേഷമിട്ട മമ്മൂട്ടി ചിത്രമായ ക്രോണിക് ബാച്ചിലറിലെ ഹാസ്യരംഗത്തോട് പരസ്യത്തിന് സാദൃശ്യമുണ്ട്.
മുകേഷിന്റെ മുഴുനീള സാന്നിധ്യമുള്ള പരസ്യം ടെലിവിഷനില്‍ എത്തിയതോടെ മുകേഷിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ട്വന്റി ട്വന്റി പാര്‍ട്ടി രൂപീകരിച്ച കമ്പനിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത സിപിഎമ്മുകാര്‍ ഇനി മുകേഷിനെയും ഹരീശ്രീ അശോകനെയും കൂടി ബഹിഷ്ക്കരിക്കുമല്ലോ എന്നാണ് കിറ്റെക്സ് ലൈഫ് സ്റ്റൈലിന്റെ ഫെയ്സ്ബുക്ക് പേജിലെ ഒരു കമന്റ്.
ഇത്തരത്തിലുള്ള നിരവധി പരിഹാസങ്ങള്‍ ഇതിലുണ്ട്. 2015-ല്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി ട്വന്റി അധികാരത്തിലെത്തിയതിനെ തുടര്‍ന്നാണ് സിപിഎമ്മുമായി പോര് തുടങ്ങിയത്. കിഴക്കമ്പലത്തെ ഭരണം കിറ്റെക്സിന്റെ നേതൃത്വത്തില്‍ സ്വകാര്യ ഗ്രൂപ്പിന്റെ കൈകളിലെത്തിയത് ജനാധിപത്യത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് സിപിഎം വാദിക്കുന്നു.
ഇത്തരം ഗ്രൂപ്പുകളെ അനുകൂലിക്കരുതെന്നും കിറ്റെക്സ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നുമാണ് പാര്‍ട്ടിയുടെ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പിലും ട്വന്റി ട്വന്റി സാന്നിധ്യമറിയിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ പാര്‍ട്ടിയുടെ എംഎല്‍എ തന്നെ പരസ്യത്തിലെത്തിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: