പെരുന്ന: ശബരിമല വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍. എസ്.എസ്. കാനത്തിന്റേത് സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള പാഴ്ശ്രമമാണ്. ശബരിമല കേസിന്റെ അന്തിമവിധി വരുന്നതുവരെ എന്‍.എസ്.എസ്. കാത്തിരിക്കണമെന്ന് കാനം പറയുന്നത്. കേസ് നിലവിലുണ്ടെന്ന കാര്യം അദ്ദേഹത്തിന്റെ ഈ പ്രസ്താവനയിലൂടെ തന്നെ വ്യക്തമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സുപ്രീംകോടതിയില്‍ ശബരിമല കേസിന്റെ ഉത്ഭവം 2006ല്‍ ആണ്. 2008ല്‍ എന്‍.എസ്.എസ് കേസില്‍ കക്ഷിചേര്‍ന്നു. ഏതുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് 2018 ആഗസ്റ്റ് 28ന് വിധി ഉണ്ടായി. ഈ വിധിക്കെതിരെ എന്‍എസ്എസ് ഭരണഘടനാബഞ്ച് മുമ്പാകെ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തു. അതനുസരിച്ച് റിവ്യൂ ഹര്ജികളിന്മേല് 2019 ജനുവരി 22ന് കോടതിയില്‍ വാദംകേള്‍ക്കാന്‍ അഞ്ചംഗ ബഞ്ച് തീരുമാനിച്ചു. വിധിയില്‍ ചില അപാകതകള്‍ ഉണ്ടെന്നു ബോദ്ധ്യപ്പെട്ട സാഹചര്യത്തില്‍ ഭരണഘടനാ ബഞ്ച്, കേസ് ഒന്‍പതംഗ വിശാലബഞ്ചിന്റെ പരിഗണനയ്ക്കു വിടുകയാണുണ്ടായത്. കേസ് ഇപ്പോഴുംസുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതേയുള്ളുവെന്നും എന്‍എസ്എസ് വ്യക്തമാക്കി.
കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ശബരിമലകേസില്‍ അന്തിമവിധി വരുമ്പോള്‍ വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാല്‍ എല്ലാവരുമായും ആലോചിച്ചശേഷം മാത്രമേ വിധി നടപ്പാക്കൂ എന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അവരുടെ ദേശീയ ജനറല്‍ സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിനുവിരുദ്ധമല്ലേ? നിലപാടുകളിലെ ഈ മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കുന്നതിനുവേണ്ടി മാത്രമാണെന്നും എന്‍എസ് എസ് പ്രസ്താവനയില്‍ അറിയിച്ചു.
ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെതിരെ വിമശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരത്തെ രംഗത്തെത്തിയിരുന്നു. ശബരിമല അടഞ്ഞ അധ്യായമാണ്. പ്രശ്നം ചിലരുടെ മനസില്‍ മാത്രമാണ്. കേസ് നടത്തി തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരെ കാത്തിരിക്കുകയാണ് മര്യാദയെന്നും അദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: