കോട്ടയം: പുനലൂരിനെയും പാലക്കാട്ടിനെയും പിറകിലാക്കി കോട്ടയത്ത് ചൂട് കനക്കുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില 38.4 ഡിഗ്രി സെന്‍ഷ്യസ് കഴിഞ്ഞദിവസം കോട്ടയത്ത് രേഖപ്പെടുത്തി. തൊട്ടുപിറകില്‍ ആലപ്പുഴ ജില്ലയാണ്. 36.8 ഡിഗ്രി സെന്‍ഷ്യസ് ആണ് ആലപ്പുഴ ജില്ലയിലെ താപനില.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ സമയത്ത് കോട്ടയത്തെ താപനില 34.4 ഡിഗ്രി സെന്‍ഷ്യസ് ആയിരുന്നു. രണ്ടു ദിവസം കോട്ടയത്ത് കനത്ത മഴ ലഭിച്ചെങ്കിലും ചൂടിന് ശമനമില്ല. നാലു ഡിഗ്രിയുടെ വര്‍ദ്ധനവാണ് കോട്ടയത്ത് ഉണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പുനലൂരില്‍ ഇന്നലെത്തെ താപനില 36.5 ആയിരുന്നു. പാലക്കാട് 35.2 ഡിഗ്ര സെന്‍ഷ്യസും. ഭൂപ്രകൃതിയില്‍ നിന്ന് വന്നിട്ടുള്ള വ്യത്യാസങ്ങളാകാം കോട്ടയത്ത് ചൂടുകൂടാന്‍ കാരണമായതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
കോട്ടയം ജില്ലയില്‍ ഈ മാസം 20നുശേഷം നിലവിലുള്ള അവസ്ഥയ്‌ക്ക് മാറ്റമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) കേരളാ തീരത്തേക്ക് വരുന്നതോടെ മഴയ്‌ക്ക് സാധ്യത കൂടും. മേഘങ്ങള്‍ ഭൂമധ്യരേഖാപ്രദേശത്തിന് ചുറ്റും കിഴക്കുദിശയില്‍ സഞ്ചരിക്കുന്നതാണ് മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ എന്നറിയപ്പെടുന്നത്.
ഇതെത്തുന്ന സ്ഥലങ്ങളിലെ സാഹചര്യമനുസരിച്ച് മഴയും ന്യൂനമര്‍ദ്ദനങ്ങളും ചുഴലിക്കാറ്റും രൂപപ്പെടും. ഈര്‍പ്പമുള്ള അവസ്ഥകളില്‍ ഇത് ശക്തിപ്രാപിക്കുമെന്നിരിക്കെ, ഈ മാസം 20നുശേഷം കേരളത്തിലേക്ക് പ്രവേശിക്കും. ഇതോടെ കോട്ടയത്ത് ചൂടിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: