തിരുവനന്തപുരം: മസാല ബോണ്ട് കേസില്‍ കിഫ്ബിയുടെ രണ്ട് ഉന്നതോദ്യോഗസ്ഥരും രണ്ടാംവട്ടവും കിഫ്ബിയ്ക്ക് മുന്പില് ഹാജരായില്ല.
കിഫ്ബി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി (ഇഡി) ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുകയാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കിഫ്ബി സിഇഒ കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രംജിത് സിംഗ് എന്നിവര്‍ക്കാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി രണ്ടാമതും നോട്ടീസ് നല്‍കിയത്. പക്ഷെ ഇവര്‍ രണ്ടു പേരും തല്ക്കാലം വരാന്‍ തയ്യാറല്ലെന്ന് ഇഡിയെ അറിയിക്കുകയായിരുന്നു.
ഒരു വട്ടം കൂടി ഇവര്‍ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയയ്ക്കും. കിഫ്ബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടീസ് അയയ്ക്കും. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇഡി നീക്കം. അതോടെ കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനും ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിംഗിനും വഴങ്ങേണ്ടതായി വരും.
ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാകാന്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കെ.എം. എബ്രഹാം പരാതി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തി വനിതാ ഉദ്യോഗസ്ഥയെ ഇഡി മാനസികമായി പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡിയ്ക്കെതിരെ കേസെടുക്കാനുള്ള നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. എന്നാല്‍ ഉദ്യോഗസ്ഥയുടെ പരാതി തെറ്റാണെന്ന് ഇഡി വാദിക്കുന്നു. കെ.എം. എബ്രഹാമിന് പകരമായാണ് ഉദ്യോഗസ്ഥ ഹാജരായത്. അവര്‍ ഒരു സത്യവാങ്മൂലം എഴുതി നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇഡി വാദിക്കുന്നു.
മാത്രമല്ല, ഇഡിയ്ക്കെതിരെ കേസെടുക്കണമെങ്കില്‍ ഇഡി പീഢിപ്പിച്ചു എന്ന് ആരോപിക്കുന്ന ഉദ്യോഗസ്ഥര്‍ പരാതി നല്‍കണം. ഇതിന് ഇനിയും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കേന്ദ്രത്തില്‍ നിന്നുള്ള ശിക്ഷാനടപടികളെ ഭയന്നാണ് ഇത്. ആരോപണം ഉന്നയിക്കുന്ന ഉദ്യോഗസ്ഥ കെ.എം. എബ്രഹാമിന്റെ ശുപാര്‍ശയില്‍ ഐഎഎസ് പട്ടികയില്‍ എത്തിയതാണെന്നും ആരോപണമുണ്ട്. ഇനി ഉദ്യോഗസ്ഥ പരാതി നല്കിയാല് തന്നെ ഇഡി ഉയര്‍ന്ന കോടതിയെ സമീപിക്കും. ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന ഭയം ഉദ്യോഗസ്ഥയ്ക്കും ഉണ്ട്.
കിഫ്ബി 2019 മെയ് മാസത്തിലാണ് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് വഴി 9.72 ശതമാനം പലിശയ്ക്ക് 2150 കോടി രൂപ മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചത്. സംസ്ഥാനങ്ങള്‍ രാജ്യത്തിന് പുറത്ത് നിന്ന് കടമെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടിലൂടെ പണം കണ്ടെത്തിയതെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ബോഡി കോര്‍പറേറ്റായ കിഫ്ബിയ്ക് മസാല ബോണ്ട് വഴി പണം സമാഹരിക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ എന്‍ഒസി മതിയെന്നാണ് സംസ്ഥാനസര്‍ക്കാരും തോമസ് ഐസക്കും വാദിക്കുന്നത്. എന്നാല്‍ വിദേശനാണയ മാനേജ്മെന്റ് നിയമം (ഫെമ) ലംഘിച്ചുവെന്നതിനാലാണ് ഇഡി കേസന്വേഷിക്കുന്നത്. കിഫ്ബിയുടെ നീക്കം ഭരണഘടനയുടെ 293(1)വകുപ്പനുസരിച്ചും തെറ്റാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റിസര്‍വ്വ് ബാങ്കില്‍ നിന്നും കിഫ്ബിയുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള ആശങ്കകളെക്കുറിച്ചും അന്വേഷിച്ച് ഇഡി കത്തയച്ചിട്ടുണ്ട്. കിഫ്ബിയുടെ ബാങ്കിംഗ് പാര്‍ട്ണറായ ഏക്സിസ് ബാങ്കിന്റെ ഉദ്യോഗസ്ഥരെയും ഇഡി ചോദ്യം ചെയ്യും. വേണ്ടി വന്നാല്‍ ധനമന്ത്രി തോമസ് ഐസക്കിനെയും ഇഡി ചോദ്യം ചെയ്യുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: