ലഖ്നോ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദുക്ഷേത്രത്തില്‍ വെള്ളംകുടിക്കാനെത്തിയ മുസ്ലിം ബാലനെ ആക്രമിച്ചുവെന്ന ‘ക്വിന്റ്’ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തള്ളി മുഖ്യപുരോഹിതന്‍ യതി നരസിംഹാനന്ദ് സരസ്വതി രംഗത്ത്.
“ഈ പ്രദേശത്ത് 95ശതമാനത്തിലധികം മുസ്ലിം ജനവിഭാഗമാണ്. ഹിന്ദുക്കള്‍ ആകെ അഞ്ച് ശതമാനമേയുള്ളൂ. തൊട്ടടുത്ത ഗ്രാമങ്ങളില്‍ നിന്നുള്ള ഹിന്ദുസ്ത്രീകള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. പക്ഷെ അപ്പോഴൊക്കെ പലപ്പോഴും മുസ്ലിം ഗുണ്ടകള്‍ ഈ സ്ത്രീകളെ ആക്രമിക്കുന്ന പതിവുണ്ട്. എപ്പോഴെങ്കിലും ഹിന്ദു സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ മുസ്ലിങ്ങള്‍ കൂട്ടത്തോടെ പ്രതികളുടെ രക്ഷയ്ക്കെത്തുകയാണ് പതിവ്,” മുഖ്യപുരോഹിതന്‍ യതി നരസിംഹാനന്ദ് പറയുന്നു.
ക്ഷേത്രത്തില്‍ മോഷണം, ആക്രമണം, ഹിന്ദു സ്ത്രീഭക്തര്‍ക്ക് നേരെയുള്ള ഉപദ്രവം- ഇതെല്ലാം പതിവായപ്പോള്‍ ഹിന്ദു ക്ഷേത്രപരിസരത്തേക്ക് മുസ്ലിങ്ങളുടെ പ്രവേശനം നിരോധിക്കാന്‍ ക്ഷേത്രം നടത്തിപ്പുകാര്‍ നിര്‍ബന്ധിതരായി. ‘ഒരു ഹിന്ദു ആണ്‍കുട്ടിയാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെങ്കില്‍ അത് ആവര്‍ത്തിക്കരുതെന്ന് മാതാപിതാക്കള്‍ കുട്ടിയെ ഉപദേശിക്കും. എന്നാല്‍ മുസ്ലിം കുട്ടികളുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നത്’ പുരോഹിതന് പറയുന്നു.
അങ്ങിനെയാണ് മുസ്ലിങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ട് ബോര്‍ഡ് വെച്ചത്. ആക്രമിക്കപ്പെട്ടെന്ന് കരുതുന്ന മുസ്ലിം ആണ്‍കുട്ടിയുടെ ശ്രമം ക്ഷേത്രത്തിലെ വെള്ളം കുടിക്കല്‍ അല്ലായിരുന്നുവെന്നും മുഖ്യപുരോഹിതന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് തെളിവായി ക്ഷേത്രത്തിന് മുന്പില് കുടിവെള്ളത്തിനായി സ്ഥാപിച്ചിട്ടുള്ള രണ്ട് പൈപ്പുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ഒരു പൈപ്പ് റോഡിനരികിലാണെങ്കില്‍ മറ്റൊരെണ്ണം ക്ഷേത്രകവാടത്തില്‍ തന്നെയാണ്. കുട്ടിക്ക് ഇതിലെ പൈപ്പില്‍ നിന്നും വെള്ളം കുടിക്കാവുന്നതേയുള്ളൂ. അപ്പോള്‍ വെള്ളം കുടിക്കുക എന്നതല്ല കുട്ടിയുടെ ലക്ഷ്യം.’- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ക്ഷേത്രം നാല് തവണയെങ്കിലും മുസ്ലിം സംഘങ്ങളാല്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. നിരവധി മുഖ്യപുരോഹിതന്മാര് കൊല്ലപ്പെടുകയോ സ്ഥലം വിട്ടുപോകാന്‍ പ്രേരിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇതാണ് ക്ഷേത്രത്തിന്റെ ചരിത്രമെന്നും പുരോഹിതന് പറയുന്നു.
പ്രാര്‍ത്ഥിക്കാനായി വരുന്ന മുസ്ലിങ്ങളെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കൊള്ളയടിക്കാനോ, സ്ത്രീകളെ ഉപദ്രവിക്കാനോ കൊലപാതക ഗുഡാലോചനയുമായി വരുന്നവരെയോ അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തനിക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണിയുണ്ടായ കാര്യവും അദ്ദേഹം പറഞ്ഞു.
ക്ഷേത്രം സ്വകാര്യസ്വത്താണ് അല്ലാതെ പൊതുസ്വത്തല്ല. മുസ്ലിങ്ങളെ ഒരു കാരണവശാലും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും യതി നരസിംഹാനന്ദ് സരസ്വതി പറയുന്നു. പ്രദേശിക എംഎല്‍എയായ അസ്ലം ചൗധരിയുടെ മകനെ ക്ഷേത്രത്തിനകത്ത് ഒരു ഹിന്ദു പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന്റെ പേരില്‍ മര്‍ദ്ദിക്കുകയുണ്ടായി. ക്വിന്റോ, ദി വൈര്‍ മാഗസിനോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തില്ല.
ആസിഫ് എന്ന കുട്ടിയെ മര്‍ദ്ദിച്ചത് മുസ്ലിമായതിനാലാണ് എന്നായിരുന്നു ക്വിന്റ് മാസികയുടെ വാദം. എന്നാല്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയതിനായിരുന്നു മര്‍ദ്ദനമെന്നായിരുന്നു മുഖ്യപുരോഹിതന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: