ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പട്ടിക പുറത്തിറക്കി ബിഡിജെഎസ്. കുട്ടനാട്ടില്‍ തമ്പി മേട്ടുതറ, കോതമംഗലത്ത് ഷൈന്‍ കെ.കൃഷ്ണനും ഉടുമ്പഞ്ചോലയില്‍ സന്തോഷ് മാധവനും ഏറ്റുമാനൂരില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഭരത് കൈപ്പാറേടനെ മാറ്റി എന്‍. ശ്രീനിവാസന് നായരെ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചു.
സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു കുട്ടനാട്ടില്‍ മത്സരിക്കുന്ന തമ്പി മേട്ടുതറ. സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്ന മേട്ടുതറ നാരായണന്റെ മകനുമാണ് അദ്ദേഹം.
പാര്‍ട്ടിയിലെ ചില നേതാക്കള്‍ കഴിഞ്ഞ കുറേ നാളുകളായി വേട്ടയാടുന്നതില്‍ പ്രതിഷേധിച്ചാണ് തമ്പി സിപിഐയില്‍ നിന്നും രാജിവച്ചത്. താന്‍ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യാനോ നടപടി സ്വീകരിക്കാനോ തയാറായില്ലെന്നും തമ്പി വ്യക്തമാക്കി. സിപിഐ ജില്ലാ കൗണ്‍സില്‍ ഹരിപ്പാട് സീറ്റില്‍ ഉള്‍പ്പെടുത്തിയ മൂന്നുപേരില്‍ ഒരാളായിരുന്നു തമ്പി മേട്ടുതറ. കാനം രാജേന്ദ്രന് ഏകാധിപതിയാണെന്നും സിപിഎമ്മിന്റെ ബി ടീമായി സിപിഐ മാറിയിരിക്കുകയാണെന്നും തമ്പി പാര്‍ട്ടിക്ക് നല്കിയ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: