തിരുവനന്തപുരം : ഒരു കാല് ദല്‍ഹിയിലും മറ്റൊന്ന് തിരുവനന്തപുരത്തും വെച്ചാല്‍ കാലിന് ഉറപ്പുണ്ടാവില്ല. നിയമസഭയിലാണോ ലോക്സഭയിലാണോയെന്ന് ഉറപ്പിച്ചിട്ട് പോരാട്ടത്തിന് ഇറങ്ങണമെന്ന് കെ. മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നേമം സീറ്റ് സംബന്ധിച്ച് സംസാരിക്കവേയാണ് കോടിയേരി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്, എ.എം. ആരിഫ്, പി.വി. അന്‍വര്‍, സി. ദിവാകരന് ഉള്‍പ്പടെയുള്ളവര്‍ ഇടത് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നു. നിയമസഭാംഗത്വം രാജിവെയ്ക്കാതെയാണ് ഇവര്‍ മത്സരിച്ചറ്റത്. ഇടത് സ്ഥാനാര്‍ത്ഥികളില്‍ ആരിഫ് മാത്രമാണ് ജയിച്ചത്. അതിനാല്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ നിയമസഭാംഗമായി തന്നെ തുടര്‍ന്നു. ഇതെല്ലാം വിസ്മരിച്ചുകൊണ്ടാണ് കോടിയേരി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിക്ക് ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കില്‍ എംപി സ്ഥാനം രാജിവെച്ചല്ലേ മത്സരിക്കേണ്ടത്. അങ്ങനയാണെങ്കില്‍ അദ്ദേഹത്തെ അംഗീകരിക്കും. ഇപ്പോ രണ്ട് തോണിയിലല്ലേ കാല്. നിയമസഭയിലാണോ ലോക്സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടു മതി പോരാട്ടമെന്നും കോടിയേരി പറഞ്ഞു. നേമത്ത് ഇത്തവണ എല്‍ഡിഎഫും ബിജെപിയും തമ്മിലാകും മത്സരം. കുന്ദമംഗലത്ത് കോലീബി സഖ്യമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ ബന്ധവും നീക്ക് പോക്കുകളും അണിയറ പ്രവര്‍ത്തനങ്ങളും യുഡിഎഫില്‍ നടക്കുന്നുണ്ട്.
സര്‍വ്വേകളില്‍ ആദ്യം ഇടതിനെ പിന്തുണച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടശേഷം പിന്നീട് മാറ്റിപ്പറയും. അതിനാല്‍ അഭിപ്രായ സര്‍വ്വേ റിപ്പോര്‍ട്ടിന് പുറകേ പോവണ്ടയെന്ന് ഇടത് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: