ന്യൂദല്‍ഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള(ഐഎസ്) ബന്ധത്തിന്റെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി(എൻഐഎ) അറസ്റ്റ് ചെയ്ത മൂന്നുപേരില്‍ രണ്ടുപേര്‍ മലയാളികള്‍. കേരളത്തില്‍നിന്നുള്ള മുഹമ്മദ് അമീന്‍(അബു യഹിയ), ഡോ. റഹീസ് റഷീദ് എന്നിവരും മുഷബ് അനുവറുമാണ് പിടിയിലായത്. കേരളത്തില്‍ എട്ടിടങ്ങളിലും ബംഗളൂരുവില്‍ രണ്ടിടത്തും ദല്‍ഹിയിലും എന്‍ഐഎ ഇന്നലെ നടത്തിയ പരിശോധനയില്‍ ലാപ് ടോപ്, മൊബൈല്‍ സിം കാര്‍ഡുകള്‍, ഹാര്‍ഡ് ഡ്രൈവ് എന്നിവ പിടിച്ചെടുത്തു.
കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിലായിരുന്നു സംസ്ഥാനത്തെ റെയ്ഡ്. കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന, ദല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ എന്നിവരെ ഒപ്പം കൂട്ടിയായിരുന്നു 11 ഇടങ്ങളില്‍ ഒരേസമയം എന്‍ഐഎ റെയ്ഡ് നടത്തിയത്. യുഎപിഎ, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ മൂവര്‍ക്കുമെതിരെ ചുമത്തി. ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴി ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയ സംഘം കാശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിനും പദ്ധതിയിട്ടു.
രാജ്യത്ത് ഐഎസ് ഭീകരവാദം പ്രചരിപ്പിക്കുന്നതിനൊപ്പം ചിലരെ വധിക്കാനും അബു യഹിയ മേധാവിയായ സംഘത്തിന് ഉദ്ദേശ്യമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ബഹ്‌റൈനില്‍നിന്ന് കേരളത്തിലെത്തിയ അബു യഹിയ തുടര്‍ന്ന് ജമ്മു കാശ്മീര്‍, ദല്‍ഹി എന്നിവടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒരാഴ്ച മുന്‍പു നടത്തിയ ചോദ്യം ചെയ്യലില്‍ അബു യഹിയയുടെ കൂട്ടാളികളില്‍നിന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ എന്‍ഐഎ റെയ്ഡ് നടത്തിയത്.
ബംഗളൂരുവില്‍ ഡന്റല്‍ ഡോക്ടറായ ഓച്ചിറ മേമന സ്വദേശി റഹീസ് റഷീദ് രണ്ടാഴ്ച മുന്‍പാണ് ഭാര്യയ്‌ക്കൊപ്പം ഓച്ചിറയിലെ വീട്ടിലെത്തിയത്. മൂന്നുവര്‍ഷം മുന്‍പായിരുന്നു കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായി ഇയാളുടെ വിവാഹം. പോപ്പുലര്‍ ഫ്രണ്ട് നേതാവായ ഭാര്യാ പിതാവിന്റെ ചേളാരിയിലെ വീട്ടില്‍ പരിശോധന നടത്തുന്നതിനിടെ, സംഘടനയുടെ പ്രവര്‍ത്തകരും അന്വേഷണ സംഘവുമായി വാക്കേറ്റമുണ്ടായി. അഞ്ചല്‍ കണ്ണങ്കോട് സ്വദേശി രാഹുലിന്റെ വീട്ടിലും ഇപ്പോള്‍ താമസിക്കുന്ന മലപ്പുറം വെളിമുക്കിലെ വീട്ടിലും പരിശോധന നടന്നു. രാഹുലിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: