യാങ്കൂണ്‍: മാന്മറിലെ പ്രധാന നഗരത്തിന്റെ പ്രാന്തപ്രദേശമായ ലെയ്ങ്തയയില് പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്തുന്ന 22 പേര് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ചൈനീസ് ധനസഹായമുള്ള ഫാക്ടറികള്‍ക്ക് സമരക്കാര്‍ തീവച്ചതിന് പിന്നാലെയാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. മറ്റിടങ്ങളിലാണ് 16 പേര് മരിച്ചതെന്ന് അസിസ്റ്റന്റ്സ് അസോസിയേഷന് ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്സ്(എഎപിപി) വ്യക്തമാക്കി.
ഒരു പൊലീസുകാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഫെബ്രുവരി ഒന്നിന് പട്ടാളം അധികാരം പിടിച്ചെടുത്തശേഷം ഏറ്റവും കൂടുതല്‍ മരണങ്ങള് രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ. ലെയ്ങ്തയയിലുള്ള വസ്ത്രനിര്‍മാണ ഫക്ടറികള്‍ക്കാണ് സമരക്കാര്‍ തീവച്ചതെന്ന് ചൈനീസ് എംബസി അറിയിച്ചു. ചൈനയില്‍നിന്നുള്ള ഒരുപാട് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും പലരും ആക്രമണത്തില്‍ കുടുങ്ങുകയും ചെയ്തുവെന്നും എംബസി പറയുന്നു.
തുടര്‍ന്ന് ചൈനീസ് സ്വത്തുക്കള്‍ക്കും പൗരന്മാര്ക്കും സംരക്ഷണം നല്കാന് പട്ടാള ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പട്ടാള അട്ടിമറിക്ക് ചൈന അനുകൂലമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വ്യവസായ പ്രദേശത്തുനിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് വെടിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: