അഹന്ത ഒരു മിഥ്യ
അടുത്ത 5 ശ്ലോകങ്ങളിലായി അഹന്ത ഒരു മിഥ്യയാണെന്ന് വ്യക്തമാക്കുന്നു.
ശ്ലോകം 293
സര്‍വ്വാത്മനാ ദൃശ്യമിദം
മൃഷൈവനൈവാഹമര്ത്ഥഃ
ക്ഷണികത്വദര്ശനാത്
ജാനാമ്യഹം സര്വ്വമിതി ്ര
പതീതിഃകുതോ/ഹമാദേഃ
ക്ഷണികസ്യ സിദ്ധ്യേത്
ഈ കാണുന്ന പ്രപഞ്ചം മിഥ്യയാണ്. ക്ഷണനേരം മാത്രം കാണുന്നതിനാല്‍ അഹന്തയും സത്യമല്ല. അഹന്തയും മറ്റും ക്ഷണികങ്ങളായതിനാല്‍ ‘ഞാന്‍ എല്ലാമറിയുന്നു’ എന്നത് എങ്ങനെ ശരിയാകും.?
എല്ലാ ദൃശ്യങ്ങളും ക്ഷണികങ്ങളായതിനാല്‍ മിഥ്യയാണ്. എന്നാല്‍ അഹം പദാര്‍ത്ഥം സത്യമാണ്. എല്ലാം ഞാന്‍ അറിയുന്നു എന്ന യഥാര്‍ത്ഥ അഹം പദാര്‍ത്ഥബോധം ക്ഷണികമായവയ്ക്ക് എങ്ങനെയുണ്ടാകും ?എന്നും ഈ ശ്ലോകത്തിന് അര്‍ത്ഥം പറയാറുണ്ട്.
നമ്മള് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഈ ജഗത്ത് വാസ്തവത്തില്‍ മിഥ്യയാണ്. സ്വപ്നത്തില്‍ നിന്ന് ഉണര്ന്നയാള്ക്ക് സ്വപ്നം സത്യമല്ല എന്ന് അറിയാം. ജഗത്ത് മാത്രമല്ല കര്‍തൃത്വഭോക്തൃത്വ അഭിമാനിയായ, അഹന്ത തന്നെ ജീവനും മിഥ്യയാണ്. കാരണം ഇവയൊക്കെ ക്ഷണികങ്ങളാണ്.
അഹന്ത എപ്പോഴും മാറി കൊണ്ടിരിക്കും.നമ്മുടെ കുട്ടിക്കാലം മുതല്‍ വാര്‍ദ്ധക്യത്തിന്റെ അങ്ങേയറ്റം വരെ മാറ്റങ്ങളോടെ അഹന്ത നിലനില്ക്കും. ശൈശവം, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീ ദശകള്‍ക്ക് വിധേയമാണത്. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളിലും അഹന്തയ്ക്ക് മാറ്റമുണ്ട്.
ഈ ജഗത്ത് നിരന്തരം മാറുന്നതാണെങ്കിലും നാം പറയാറുണ്ട് ‘ഞാന്‍ അറിയുന്നു, എനിക്ക് അനുഭവമുണ്ട്’ എന്നൊക്കെ. ഇവയെല്ലാം അഹന്തയുടെ മിഥ്യാധാരണയാണ്.
എല്ലാ മാറ്റങ്ങളും നടക്കുമ്പോഴും അതിനെയൊക്കെയറിയുന്ന ഒരു മാറ്റങ്ങളില്ലാത്ത ഒന്നുണ്ട്. നാം കൊച്ച് കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ വര്ദ്ധക്യത്തിലുള്പ്പടെ എല്ലാ ദശകളിലും മാറാതെ നിന്ന പൊതു ഘടകം. യഥാര്‍ത്ഥത്തില്‍ അതാണ് ഞാന്‍. എല്ലാ ദശകളിലേയും മാറ്റങ്ങളെ അറിഞ്ഞ് തുടര്‍ച്ചയായി നിന്ന ആ സത്യം അതാണ് ആത്മാവ് അതാണ് ഞാന്‍. ജാനാമി അഹം എന്ന പ്രതീതിയുണ്ടാക്കുന്നത് ആത്മാവാണ്. എന്നും മാറിമറിയുന്ന അഹന്തയ്ക്ക് അവിടെ ഒരു പ്രസക്തിയുമില്ല.
ശരീരം മുതലായവയില്‍ നിന്ന് അഹം പദാര്‍ത്ഥമായ ആത്മാവിനെ ജ്ഞാനത്തിന്റെ ഉറപ്പിനായി വീണ്ടും വിചാരം ചെയ്യുകയാണ് ഇവിടെ.
ഞാന്‍ അറിയുന്നു, ഞാന്‍കേള്‍ക്കുന്നു, ഞാന്‍ രുചിക്കുന്നു എന്നിവയിലെല്ലാം ഞാന്‍ മാറ്റമില്ലാതെയുണ്ട്. എന്നാല്‍ ആ പ്രവൃത്തികള്‍ക്ക് മാറ്റമുണ്ട്. അതിനാല്‍ അവ ക്ഷണികമാണ്, മിഥ്യയാണ്.
കണ്ണിനോ കാതിനോ നാക്കിനോ മൂക്കിനോ മനസ്സിനോ സ്വയം പ്രവര്‍ത്തിക്കാനാവില്ല. എല്ലാം ഞാന്‍ അറിയുന്നു എന്നത് യഥാര്‍ത്ഥ ഞാനായ മാറ്റമില്ലാത്ത ഞാനാണ്. ഞാന്‍ എന്ന ഭാവമായഅഹന്തയ്ക്ക് കൂടി ആധാരമായ ആത്മാവ് തന്നെയാണ് എല്ലാം അറിയുന്നവനും അനുഭവിക്കുന്നവനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: