ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സുരക്ഷാ ഏജന്‍സികളുടെ അന്വേഷണം പുതിയ ദിശയില്‍ കൊണ്ടെത്തിച്ച് അറിയപ്പെടുന്ന സംഘടനയില്‍ അംഗമല്ലാത്ത ഭീകരന്റെ അറസ്റ്റ്. വലിയ ആയുധശേഖരവുമായിട്ടാണ് ഇയാള്‍ പിടിയിലായത്. ഒരാളെ മാത്രം ഉപയോഗിച്ച് ആക്രമണം നടത്തുന്ന രീതിയിലേക്ക് പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനങ്ങള്‍ തന്ത്രം മാറ്റിയോ എന്നതിനെക്കുറിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. വെള്ളിയാഴ്ചയാണ് ദോദ ജില്ലയിലെ ബിഖെര്യാന് ഗ്രാമത്തില്‍നിന്നുള്ള ഫിര്‍ദോസ് അഹമ്മദ് സുരക്ഷാ ഏജന്‍സികളുടെ പിടിയിലായത്.
ഒന്നിലധികം ആയുധങ്ങള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നുവെങ്കിലും ഏതെങ്കിലും പ്രമുഖ ഭീകരസംഘടനയില്‍ അംഗമല്ല. കാശ്മീരിലെ 30 വര്‍ഷത്തെ നുഴഞ്ഞുകയറ്റത്തിനിടയില്‍ ഇതാദ്യമായാണ് എതെങ്കിലും അറിയപ്പെടുന്ന ഭീകരസംഘടനയില്‍ അംഗമല്ലാത്തയാള്‍ ഒരുപാട് ആയുധങ്ങളുമായി പിടിയിലാകുന്നത്. മൂന്ന് ചൈനീസ് പിസ്റ്റളുകള്‍, ചൈനീസ് പിസ്റ്റളുകളുടെ അഞ്ച് മാസികകള്‍, 15 വെടിയുണ്ടകള്‍, സൈലന്‍സര്‍ എന്നിവ പിടിച്ചെടുത്തുവെന്ന് അറസ്റ്റിന് ശേഷമുള്ള ജമ്മു കാശ്മീര്‍ പോലീസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ഏത് സംഘടനയില്പെട്ട ആളാണെന്ന് ഇതിലില്ല. ഈ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനും അവിടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളും തന്ത്രം മാറ്റിയോ എന്ന് അന്വേഷിക്കുന്നത്. ജമ്മു കാശ്മീരില്‍ ഒറ്റയാള്‍ ആക്രമണത്തിനാണോ ലക്ഷ്യമിടുന്നതെന്ന് ഏജന്‍സികള്‍ സംശയിക്കുന്നു. എല്ലാ സാധ്യതകളെക്കുറിച്ചും അന്വേഷിക്കുകയാണെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ജമ്മു മേഖലാ ഐജി മുകേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: