ന്യൂദല്‍ഹി : ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം നേമം സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ ധാരണയായതായി സൂചന. കെ. മുരളീധരന് എംപി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുരളീധരനെ ഹൈക്കമാന്‍ഡ് ദല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടി ഇത്തവണയും പുതുപ്പള്ളിയില്‍ നിന്ന് തന്നെ ജനവിധി തേടും.
തൃപ്പൂണിത്തുറയില്‍ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയില്‍ പി.സി. വിഷ്ണുനാഥും മല്‍സരിക്കാനാണ് സാധ്യത. ഞായറാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ പട്ടാമ്പി, നിലമ്പൂര്‍ സീറ്റുകളില്‍ ഇതുവരെ ധാരണയായിട്ടില്ല. അതിനാല്‍ ഈ രണ്ട് സീറ്റുകള്‍ ഒഴിച്ചായിരിക്കും പ്രഖ്യാപനം നടത്തുക.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കണമെങ്കില്‍ ഹൈക്കമാന്‍ഡിന്റെ പ്രത്യേക അനുമതി വേണമെന്ന് നേരത്തെ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. അഭിമാനപ്പോരാട്ടത്തിലൂടെ ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമയാണ് എംപിയായ മുരളീധരനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.
നേമത്ത് മത്സരിക്കാന്‍ സന്നദ്ധനാണെന്നും എവിടെ മല്‍സരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാലും അനുസരിക്കുമെന്നും മുരളീധരന് നേരത്തെ വ്യക്തമാക്കിയിരുന്നു. നേമത്ത് കരുത്തനായ ഒരു നേതാവിനെ മല്‍സരത്തിനിറക്കി കേരളത്തിലാകെ കോണ്‍ഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നത്. ഉമ്മന്‍ ചാണ്ടി പിന്മാറിയതിനെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് മുരളീധരനോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ വി.ശിവന്‍കുട്ടി നേമത്ത് ഇതിനകം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരെന്നത് സംബന്ധിച്ച് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും നിര്‍ദ്ദേശം ലഭിച്ചതായി കെ.ബാബു സ്ഥിരീകരിച്ചു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നും കെ.ബാബു അറിയിച്ചു. ബാബുവിനെ തന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ രാജിവെയ്ക്കുമെന്ന വികാരം പ്രാദേശിക നേതാക്കള്‍ ശനിയാഴ്ച സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു.
കൊല്ലത്ത് മത്സരിക്കാന്‍ അനുമതി ലഭിച്ചതായി ബിന്ദു കൃഷ്ണയും അറിയിച്ചു ഞായറാഴ്ച മുതല്‍ പ്രചാരണം തുടങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. മൂന്നു മുന്നണികള്‍ക്കും സ്വാധീനമുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കെ.പി.അനില്‍കുമാറാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: