അമ്പലപ്പുഴ: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറുന്നതായി ആക്ഷേപം. വഴിയോരത്തെ ബിജെപിയുടെ ഫ്‌ളക്‌സുകള്‍ തല്ലിതകര്‍ക്കുകയും സിപിഎം സ്ഥാപിച്ച ബോര്‍ഡുകള്‍ക്ക് സുരക്ഷിതത്വമൊരുക്കിയുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയം കളിക്കുന്നത്.
ദേശീയപാതയോരത്തെ പൊതു സ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രചരിപ്പിച്ച നിരവധി ഫ്ലക്‌സ് ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇത് നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. ഇതോടെ അന്നേ ദിവസം തന്നെ എത്തിയ ഉദ്യോഗസ്ഥര്‍ ബിജെപിയുടെ വിജയ യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ ഫ്ലക്‌സുകളും തല്ലിതകര്‍ക്കുകയും സിപിഎം സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് പാര്‍ട്ടി നേതാക്കളെ വിളിച്ച് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പാര്‍ട്ടി സഖാക്കള്‍ തയാറായതുമില്ല. എന്നാല്‍ ഇതിനെതിരെ യാതൊരു നടപടിയും എടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
കഴിഞ്ഞ ദിവസം പുറക്കാട് ജങ്ഷനില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഇവിടെ സ്ഥാപിച്ചിരുന്ന ബിജെപിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് അവരുടെ വാഹനത്തിന്റെ മുകളില്‍ കയറിനിന്ന് നീക്കം ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ ബോര്‍ഡു കൂടി നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അമ്പലപ്പുഴ കച്ചേരിമുക്ക് ജങ്ഷനില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ മുകളില്‍ കൂറ്റന്‍ ബോര്‍ഡുകളാണ് ഇപ്പോഴും സ്ഥാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: