ന്യൂദല്‍ഹി: ഇന്ത്യയിലെ ബിസിനസ് നേതൃനിരയില്‍ തിളങ്ങുന്ന ഗൗതം അദാനി ലോകത്തിലെ വന്‍ ബിസിനസ് ഭീമന്‍മാരെ പിന്തള്ളി ഈ വര്‍ഷത്തെ മൂല്യ വളര്‍ച്ചയുടെ കാര്യത്തില്‍ മുന്‍പന്തിയിലെത്തിയതായി റിപ്പോര്‍ട്ട്.
തുറമുഖങ്ങള്‍ മുതല്‍ ഊര്‍ജ്ജരംഗം വരെ കൈവെച്ച അദാനിയുടെ ബിസിനസ് സംരംഭങ്ങളില്‍ മൊത്തം ആസ്തി മൂല്യത്തിലാണ് വന്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. 2021ല്‍ അത് 16.2 ബില്ല്യണ്‍ ഡോളറില്‍ നിന്ന് 50 ബില്ല്യണ്‍ ഡോളറിലേക്ക് കുതിച്ചതായി ബ്ലൂംബര്‍ഗ് പുറത്തുവിട്ട കോടീശ്വരന്മാരുടെ സൂചിക പറയുന്നു. അതായത് 33.8 ബില്യണ്‍ ഡോളറിന്റെ കുതിപ്പാണ് ഈ വര്‍ഷം കൈവരിച്ചത്.
ഒരു വര്‍ഷത്തില്‍ നേടിയ ആസ്തിവളര്‍ച്ചയുടെ കാര്യത്തില്‍ ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെയും ടെസ്ല ഇലക്ട്രിക് കാറിന്റെ സിഇഒ ഇലോണ്‍ മസ്‌കിനെയും അദാനി പിന്തള്ളി. ഈ വര്‍ഷം അദാനി ഗ്രൂപ്പിന്റെ ഒന്നൊഴികെയുള്ള വിവിധ കമ്പനികളുടെ ഓഹരി വിലയില്‍ 50 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിരുന്നു.
മുകേഷ് അംബാനി പോലും ഇക്കാര്യത്തില്‍ അദാനിയേക്കാള്‍ വളരെ പിറകിലാണ്. അംബാനിയ്‌ക്ക് ഈ ഒരു വര്‍ഷത്തില്‍ കൂട്ടിച്ചേര്‍ക്കാനായ ആസ്തിമൂല്യം 8.1 ബില്ല്യണ്‍ ഡോളര്‍ മാത്രം.
മാത്രമല്ല, അദാനി ബിസിനസില്‍ സ്വയം ആരംഭിച്ച ആദ്യതലമുറക്കാരന്‍ കൂടിയാണ്. അധികം പൊതുവേദികളില്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത അദാനിയുടെ സവിശേഷത വളര്‍ച്ച നേടാന്‍ സാധ്യതയുള്ള വിവിധ മേഖലകള്‍ കൃത്യമായി കണ്ടെത്തി നിക്ഷേപമിറക്കുക എന്നതാണ്. ഇപ്പോള്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഡേറ്റാ കേന്ദ്രങ്ങള്‍, കല്‍ക്കരി ഖനികള്‍ എന്നിവയാണ് അദാനിയുടെ ഇന്ത്യയിലെ പ്രധാന ബിസിനസ് മേഖലകള്‍. ടോട്ടാല്‍ എസ്എ മുതല്‍ വാര്‍ബര്‍ഗ് പിന്‍കസ് വരെയുള്ള ആഗോള ഭീമന്‍മാരായ നിക്ഷേപകരില്‍ നിന്നുപോലും അദാനിയ്‌ക്ക് വലിയ തോതില്‍ മൂലധനം സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ഡേറ്റ കേന്ദ്രങ്ങളില്‍ നിക്ഷേപമിറക്കിക്കൊണ്ട് അദാനി ടെക്‌നോളജി രംഗത്തേക്ക് കൂടി കാലൂന്നുകയാണ്. ഒരു ജിഗാവാട്ട് പ്രാപ്തിയുള്ള ഡാറ്റ സെന്‍റര്‍ വരെ ഇന്ത്യയില്‍ വികസിപ്പിക്കാനാണ് അദാനി എന്‍റര്‍പ്രൈസസിന്റെ പദ്ധതി.പൊതുവേ അധികം റിസ്‌കില്ലാത്ത, വിപണന രംഗത്ത് ചാഞ്ചാട്ടങ്ങളില്ലാത്ത, കാലാതിവര്‍ത്തിയായി നില്‍ക്കുന്ന ബിസിനസുകളിലായിരുന്നു ഇതുവരെ അദാനിയുടെ നിക്ഷേപം.
അദാനി ടോട്ടല്‍ ഗാസിന്റെ 96 ശതമാനവും അദാനി എന്‍റര്‍പ്രൈസസ് 90 ശതമാനവും അദാനി ട്രാന്‍സ്മിഷന്‍ 79 ശതമാനവും അദാനി പവര്‍, അദാനി പോര്‍ട്‌സ് 52 ശതമാനവും ഈ വര്‍ഷം ഓഹരി വിലയില്‍ കുതിപ്പുണ്ടായി. അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി മൂല്യം കഴിഞ്ഞ വര്‍ഷം 500 ശതമാനം കുതിച്ചെങ്കില്‍ ഈ വര്‍ഷം ഇതുവരെ 12 ശതമാനം വളര്‍ച്ച നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: