കോട്ടയം: പിറവം പുകയുന്നു. സിപിഎമ്മും കേരളാ കോണ്‍ഗ്രസും വെട്ടില്‍. സിപിഎം ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റിയംഗം പിറവത്തെങ്ങനെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും? ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന് സിപിഎമ്മിനോ കേരളാ കോണ്‍ഗ്രസിനോ കഴിയുന്നില്ല. സിപിഎം ടിക്കറ്റില്‍ മത്സരിച്ച് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിന്ധുമോള്‍ ജേക്കബ്ബ് കേരളാ കോണ്‍ഗ്രസിന്റെ പിറവം സ്ഥാനാര്‍ഥിയായതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്.
സിന്ധുമോള്‍ക്കെതിരെ ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അടിയന്തിര യോഗം ചേര്‍ന്ന് പുറത്താക്കല്‍ നടപടി തീരുമാനിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനു ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോളെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കി എന്ന പ്രസ്താവനയാണ് ലോക്കല്‍ കമ്മിറ്റി ഇറക്കിയത്. ഇതില്‍ പോസ്റ്ററുകളും വ്യാപകമായി പതിച്ചിട്ടുണ്ട്. എന്നാല്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് പുറത്താക്കല്‍ നടപടി തള്ളി. ഒരംഗത്തെ പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് അധികാരമില്ലെന്ന് വിശദീകരിച്ചതിനൊപ്പം സിന്ധുമോളെ ന്യായീകരിക്കുകയും ചെയ്തു.
ഇതിനിടെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയാണ് പിറവത്ത് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിത്വം സീകരിച്ചതെന്ന സിന്ധുമോള്‍ ജേക്കബ്ബിന്റെ പ്രസ്താവന സീറ്റ് കച്ചവട ആരോപണത്തിന് ബലം നല്‍കുന്നതായി. പാര്‍ട്ടി അംഗമാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ താന്‍ ഇടത് സ്വതന്ത്രയായാണ് മത്സരിച്ചതെന്നും അതിനാല്‍ ഏത് പാര്‍ട്ടിക്കൊപ്പവും മത്സരിക്കാം. ഇനി കേരളാ കോണ്‍ഗ്രസ് അംഗത്വം എടുത്ത് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്നും അവര്‍ പറഞ്ഞു. ഉഴവൂരില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ വ്യക്തിക്ക് പിറവത്ത് വോട്ട് അഭ്യര്‍ഥിക്കേണ്ട ഗതികേടിലാണ് അവിടുത്തെ സിപിഎം പ്രവര്‍ത്തകര്‍.
പിറവത്തേത് സീറ്റു കച്ചവടമെന്ന് യൂത്ത് ഫ്രണ്ട് നേതാവ് ജില്‍സ് പെരിയപ്പുറം
കൊച്ചി: ജോസ് കെ. മാണി പിറവം സീറ്റ് ഇടതുമുന്നണിയില്‍ നിന്ന് ചോദിച്ച് വാങ്ങിച്ചത് കച്ചവടത്തിന് വേണ്ടിയെന്ന് യൂത്ത് ഫ്രണ്ട് നേതാവ് ജില്‍സ് പെരിയപ്പുറം. യോഗ്യനായ സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എന്തിന് സീറ്റ് വാങ്ങി. ഡോ. സിന്ധുമോളെ സിപിഎം പുറത്താക്കിയത് നാടകം മാത്രമാണ്. സീറ്റ് കച്ചവട ശ്രമം പൊളിച്ചതുകൊണ്ടാണ് തന്നെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റിയതെന്ന് ജില്‍സ് ആരോപിച്ചു. ഡോ. സിന്ധുമോളെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ജില്‍സ് കേരളാ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചിരുന്നു.
കോട്ടയം ഉഴവൂരിലെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ സിന്ധുമോളെ പിറവത്തെ ഇടതുപക്ഷക്കാര്‍ എങ്ങനെ ചുമക്കും. കേട്ടുകേള്‍വിയില്ലാത്ത കാര്യമല്ലേ ഇതെന്നും ജില്‍സ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ പിറവം എന്തുകൊണ്ട് ജോസ് കെ. മാണി സിപിഎമ്മിന് തിരിച്ചു കൊടുത്തില്ല. സിപിഎമ്മിന് ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് അടക്കം സ്ഥാനാര്‍ഥിയാകാന്‍ യോഗ്യരായ ആളുകളുണ്ട്. 25 കൊല്ലമായി യൂത്ത് ഫ്രണ്ടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തന്നെ എന്തിന് ബലിയാടാക്കി. പണമാണ് ജോസ് കെ. മാണിക്ക് വളരെ പ്രധാനപ്പെട്ടകാര്യം. കേരള കോണ്‍ഗ്രസിന് 13 സീറ്റ് ലഭിച്ചതില്‍ ഒരു യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകനു പോലും സീറ്റ് കൊടുത്തിട്ടില്ല. ആദ്യം വീട്ടില്‍ ചെന്നപ്പോള്‍ യാക്കോബായക്കാരനല്ലെന്ന് പറഞ്ഞു. പിന്നെ പറഞ്ഞു ഓര്ത്തഡോക്സുകാരന് സീറ്റ് നല്‍കുമെന്ന്. തന്റെ സ്ഥാനാര്‍ഥിത്വം പോയതിന് പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും ജില്‍സ് പെരിയപ്പുറം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: