കോട്ടയം: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018ല്‍ ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഖേദം പ്രകടിപ്പിച്ചതു കൊണ്ടോ പശ്ചാത്തപിച്ചതു കൊണ്ടോ മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്ന് എന്‍എസ്എസ്.മന്ത്രി പറഞ്ഞതില്‍ ആത്മാര്‍ഥതയുള്ള പക്ഷം, വിശ്വാസികളുടെ ആരാധനാവകാശം സംരക്ഷിക്കുന്നതിനു ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ മുന്നില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യമായ സത്വര നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത ഏതൊരു ഗവണ്മെന്റിനുമുണ്ട്, അത് ഞങ്ങള്‍ നടപ്പാക്കും’ എന്നു പ്രഖ്യാപിച്ചു വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെയും അവരുടെ ആവശ്യം പരിഗണിക്കാതെയും, കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിന് തയാറാകാതെ ഏതു മാര്‍ഗവും സ്വീകരിച്ച് കോടതി വിധി പൊടുന്നനെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണ്.
‘യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018ല്‍ ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ ഖേദം ഉണ്ടെന്നും, അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തനിക്ക് വല്ലാത്ത വിഷമമുണ്ട്’ എന്നുമുള്ള ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏതു സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളതാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: