കൊല്ലം: സിപിഐക്കാരെ വെട്ടിനിരത്തി കൊല്ലത്ത് എല്‍ഡിഎഫില്‍ ആധിപത്യം ഉറപ്പിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ സിപിഐ ജില്ലാ നേതൃത്വം കേന്ദ്രക്കമ്മിറ്റിക്ക് പരാതി നല്‍കാനൊരുങ്ങുന്നു. തുടര്‍ഭരണം ഉണ്ടാകുമെന്ന ധാരണയില്‍ എല്ലാം പിടിച്ചടക്കാനുള്ള വ്യഗ്രതയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ കാട്ടുന്നതെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്.
സിപിഐയെ നിഷ്പ്രഭമാക്കാനുള്ള മാര്‍ക്സിസ്റ്റ് നീക്കം സംഘടിതവും നേതൃത്വത്തിന്റെ അറിവോടെയുമാണെന്ന് ജില്ലയിലെ പ്രമുഖനായ ഒരു സിപിഐ നേതാവ് ‘ജന്മഭൂമി’യോട് പ്രതികരിച്ചു. ‘രാജ്യത്തെ സിപിഐയുടെ അഭിമാനമാണ് കൊല്ലം ജില്ല. സിപിഐയ്ക്ക് മികച്ച സംഘടനാ കെട്ടുറപ്പുള്ള പാര്‍ട്ടി ഘടകങ്ങളും അംഗങ്ങളുമുള്ള ജില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലം നഗരത്തില്‍ നടന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവര്‍ അത് അടയാളപ്പെടുത്തിയതുമാണ്. കൊല്ലത്തെ എല്‍ഡിഎഫിലെ വല്യേട്ടന് ആയിരുന്നു സിപിഐ. കൂടുതല്‍ നിയമസഭാ സീറ്റുകളില്‍ മത്സരിക്കുന്നു എന്നത് കൊണ്ട് മാത്രമല്ല, ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സിപിഐയ്ക്ക് ആദ്യ പരിഗണന എല്‍ഡിഎഫില്‍ ലഭിച്ചിരുന്നു.
കൊല്ലം ജില്ലാ പഞ്ചായത്തില്‍ ആദ്യ പകുതി പ്രസിഡന്റ് പദവി വഹിക്കുന്നതും സിപിഐയാണ്. കൊല്ലത്ത് താരതമ്യേനെ മികച്ച സംഘടനാ ശേഷിയുള്ള ആര്‍എസ്പി ഇടതുമുന്നണിയില്‍ ഉണ്ടായിരുന്നപ്പോഴും കൂടുതല്‍ നിയമസഭാ സീറ്റുകളില്‍ മത്സരിച്ചിരുന്നത് സിപിഐയാണ്. ജില്ലയില്‍ 12 നിയമസഭാ സീറ്റുകള്‍ ഉണ്ടായിരുന്ന കാലത്ത് അഞ്ച് സീറ്റുകളില്‍ സിപിഐയും നാല് സീറ്റുകളില്‍ ആര്‍എസ്പിയുമാണ് മത്സരിച്ചിരുന്നത്’. സിപിഐ നേതാവ് വിശദീകരിച്ചു.
നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ സിപിഐയ്ക്കും ആര്‍എസ്പിക്കും പിന്നില്‍ മുമ്പ് മൂന്നാമതായിരുന്നു സിപിഎം. 2001ല്‍ ആര്‍എസ്പിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് കൊല്ലം സീറ്റ് സിപിഎം ഏറ്റെടുത്തതോടെയാണ് രണ്ടാമതെത്തിയത്. പിന്നീട് നിയമസഭാ സീറ്റുകള്‍ 11 ആയി കുറഞ്ഞപ്പോഴും സിപിഐ മേധാവിത്വം തുടര്‍ന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ പത്തനാപുരം സീറ്റ് സിപിഐയില്‍ നിന്ന് സിപിഎം ഏറ്റെടുത്തപ്പോള്‍ സിപിഎം, സിപിഐ കക്ഷികള്‍ നാല് വീതം സീറ്റിലും ആര്‍എസ്പി മൂന്ന് സീറ്റിലും എന്ന നിലയിലായി. 2016ല്‍ ആ.ര്‍എസ്.പി മുന്നണി വിട്ടപ്പോള്‍ കേരള കോണ്‍ഗ്രസ് ബി ഒപ്പം വന്നു. പത്തനാപുരം സീറ്റ് സിപിഎം അവര്‍ക്കായി വിട്ടു നല്കി.
ആര്‍എസ്പി മത്സരിച്ചിരുന്ന ചവറ, ഇരവിപുരം, കുന്നത്തൂര്‍ സീറ്റുകളില്‍ ഇരവിപുരം സീറ്റ് സിപിഎം ഏറ്റെടുത്തു. ചവറ സിഎംപിക്കും കുന്നത്തൂര്‍ ആര്‍എസ്പി ലെനിനിസ്റ്റിനും നല്കി. ഇതോടെ വീണ്ടും സിപിഎം, സിപിഐ കക്ഷിനില നാല് സീറ്റിലെത്തി. സിഎംപി, സിപിഎമ്മില്‍ ലയിച്ചതോടെ ചവറ എംഎല്‍എ ആയിരുന്ന എന്‍. വിജയന്‍പിള്ളയും സിപിഎമ്മിന്റെ ഭാഗമായി.
സ്വഭാവികമായി ഇത്തവണ ചവറ സീറ്റ് സിപിഎമ്മിന്റേതായി. ഇതോടെ സിപിഎം അഞ്ച്, സിപിഐ നാല് എന്ന തരത്തിലാണ് ജില്ലയിലെ സീറ്റ് വിഭജനം. ജില്ലയിലെ മേധാവിത്വം നഷ്ടമാകുമെന്ന് മനസിലാക്കിയ സിപിഐ കുന്നത്തൂര്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ആര്‍എസ്പി ലെനിനിസ്റ്റിന്റെ കോവൂര്‍ കുഞ്ഞുമോന് തന്നെ നല്‍കാനായിരുന്നു സിപിഎം തീരുമാനം. ഇതോടെ സിപിഎം 5, സിപിഐ 4, കേരള കോണ്‍ഗ്രസ് ബി 1, ആര്‍എസ്പി ലെനിനിസ്റ്റ് 1 എന്നിങ്ങനെ ആയി കക്ഷിനില. മുന്നണി രൂപീകരണ കാലം മുതല്‍ ജില്ലയില്‍ സിപിഐയ്ക്കുണ്ടായിരുന്ന അപ്രമാദിത്വമാണ് ഇതോടെ ഇല്ലാതാകുന്നത്.
എം.എസ്. ജയച്ചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: