കൊച്ചി: വയനാട്ടിലെ ബത്തേരിയില്‍ സിപിഎം സീറ്റു വിറ്റു, ഒപ്പം അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നവും തൂക്കി വിറ്റു. സീറ്റു വില്‍പ്പന മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ചിഹ്നം വില്‍ക്കുന്നതാദ്യം. എം.എസ്. വിശ്വനാഥന് എന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ ബിസിനസുകാരനാണ് സീറ്റ് നല്‍കിയത്. 2001 ല്‍ നടത്തിയ സീറ്റു വില്‍പ്പനയുടെ ആവര്‍ത്തനമാണ് 20 വര്‍ഷം കഴിഞ്ഞപ്പോള്‍.
എം.എസ്. വിശ്വനാഥന് കേണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു. വിമുക്തഭടന്. വയനാട്ടില്‍ ആദ്യമായി പാചക വാതക വിതരണ ഏജന്‍സി കൊണ്ടുവന്ന് കോടികള്‍ സമ്പാദിച്ച ബിസിനസുകാരന്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഏജന്‍സി ഇപ്പോഴും നടത്തുന്ന മുതലാളി. പെട്ടെന്ന് സിപിഎമ്മിന്റെ പ്രിയനായി, സ്ഥാനാര്‍ഥിയായി. മാത്രമല്ല, പാര്‍ട്ടി ചിഹ്നവും നല്കി.
ഇന്നലെവരെ കോണ്‍ഗ്രസുകാരനായിരുന്ന വിശ്വനാഥന് പെട്ടെന്ന് പാര്‍ട്ടി നേതാവാകുകയും സ്ഥാനാര്‍ഥിയാകുകയും ചെയ്ത് ബത്തേരി സംവിരണ സീറ്റില്‍ മത്സരിക്കുകയും ചെയ്യുന്നുവെന്ന് വന്നപ്പോള്‍ അതുവരെ പാര്‍ട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തിച്ചു വന്നവര്‍ക്ക് പാര്‍ട്ടിയില്‍ നിലനില്‍പ്പില്ലാതായി. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി നേതാവുമായ ഇ.എ. ശങ്കരന് പ്രതിഷേധിച്ച് രാജിവെച്ചുകഴിഞ്ഞു. കൂടുതല്‍ രാജി ഉണ്ടാകുമെന്നാണ് അറിയുന്നത്. മണ്ഡലം എന്നും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കൂടെയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് രാഷ്ട്രീയ സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടുമറിച്ച് നല്കിയ ജില്ലയാണ് വയനാട്.
ബത്തേരി മണ്ഡലത്തില്‍ മാത്രം രാഹുല്‍ ഗാന്ധിക്ക് 70,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. അതായത്, സീതാറാം യെച്ചൂരി- സോണിയാ ഗാന്ധി ധാരണയും സിപിഎം-കോണ്‍ഗ്രസ് സഖ്യവും പ്രവര്‍ത്തിച്ച മണ്ഡലം. അവിടെ കോണ്‍ഗ്രസുകാരനായിരുന്നയാളെ ഇത്തവണ സിപിഎം സ്ഥാനാര്‍ഥിയാക്കി, അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നവും കൊടുത്തു. കുടിയേറ്റ പ്രദേശമായ ആദിവാസി മണ്ഡലം 2011 മുതലാണ് പട്ടികവര്‍ഗ സംവരണമായത്.
ബത്തേരിയില്‍ 1996ലും 2006ലും ഇടതുപക്ഷ സ്ഥാനാര്‍ഥി ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ സ്ഥാനാര്‍തഥി പ്രശ്നം, തമ്മിലടി, അസംതൃപ്തി ഒക്കെയായിരുന്നു കാരണം. ഇത്തവണയും അതൊക്കെ അനുകൂല ഘടകമായിട്ടും സിപിഎം എന്തുകൊണ്ട് പാര്ട്ടിക്കാരന് സീറ്റുകൊടുത്തില്ല, എന്നത് മറ്റു സ്ഥലങ്ങളില്‍ സിപിഎം-കോണ്‍ഗ്രസ് രാഷ്ട്രീയ സഖ്യത്തിന് പാര്‍ട്ടി ദേശീയ തലത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പുകള്‍തന്നെയാകാം കാരണം.
ഈ മണ്ഡലം 2001 ല്‍ ഒരു മുതലാളിക്ക് സിപിഎം വിറ്റിരുന്നു. അന്ന് 25 ലക്ഷം വാങ്ങിയാണ് സീറ്റുകൊടുത്തതെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ബിസിനസ് നടത്തിപ്പുകാരന് മത്തായി നൂറനാലിനാണ് സീറ്റ് നല്‍കിയത്. മത്തായി നൂറനാല്‍ 2001 ല്‍ കോണ്‍ഗ്രസിലെ എന്‍.ഡി. അപ്പച്ചനോട് തോറ്റു. തൊട്ടു മുന്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വര്‍ഗീസ് വൈദ്യന് നേടിയ 44.42 ശതമാനം വോട്ട് 35.65 ആക്കി കുറച്ചുകളഞ്ഞു. എം.എസ്. വിശ്വനാഥന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ ആ പഴയ ഓര്‍മകള്‍ ഉയര്‍ത്തുമെന്ന് ഉറപ്പാണ്.
പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയില്‍നിന്നുവന്ന ഒരാളെ ദത്തെടുത്ത് സ്ഥാനാര്‍ഥിത്വവും സമ്മാനമായി പാര്‍ട്ടി ചിഹ്നവും നല്കിയ സംഭവം ഏറെ പരിഹാസ്യമായാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ പ്രചരിക്കുന്നത്. 1980 കളുടെ അവസാനം കേരള സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനം നടത്തിയ വിവാദത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രചരിപ്പിച്ച പാട്ടാണ് പഴയ സഖാക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലെ രഹസ്യ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത്. പാട്ട് ഇങ്ങനെയാണ്: ‘ആര്‍ക്കും വാങ്ങാം കാശുകൊടുത്താല്‍ മാര്ക്കുഷീറ്റും ബിരദവുമെല്ലാം’ മറ്റൊരു സന്ദേശം ഇങ്ങനെ, സിപിഎം വാടക ഗര്‍ഭപാത്രമായി മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: