തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനും നിയമസഭാ സ്പീക്കര്‍ക്കും തിരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് നിഷേധിച്ചത് സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ക്കടത്തിലും ആരോപണ വിധേയരായതു കൊണ്ടാണോയെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്.
മന്ത്രിമാര്‍ക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ഡോളര്‍ക്കടത്താണ് പ്രശ്നമെങ്കില്‍ ആദ്യം മാറി നില്‍ക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കോന്നിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിപിഎം-കോണ്‍ഗ്രസ് അന്തര്‍ധാര സജീവമായത് കൊണ്ടാണ് മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്. കോണ്‍ഗ്രസില്‍ നിന്നും ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ഒഴുകുകയാണ്. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു.
എല്‍ഡിഎഫിന്റെ വര്‍ഗീയ രാഷ്ട്രീയത്തെയും അഴിമതിയേയും നേരിടാനുള്ള ഏക ബദല്‍ എന്‍ഡിഎയാണെന്നും സുരേന്ദ്രന് പറഞ്ഞു. അമിത്ഷാ ചോദിച്ച ചോദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഉത്തരം മുട്ടിക്കുന്നതാണ്. അതുകൊണ്ടാണ് അദ്ദേഹം മറുപടി പറയാത്തത്. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വിജയസാധ്യത മുന്‍നിര്‍ത്തിയാണ്.
ഇരുമുന്നണികളില്‍ നിന്നും ജനപിന്തുണയുള്ള നേതാക്കളെ ബിജെപി സ്വീകരിക്കും. എല്ലാ സാധ്യതകളും പാര്‍ട്ടി പരിശോധിക്കും. സുരേഷ്ഗോപി മത്സര രംഗത്ത് വന്നാല്‍ എന്‍ഡിഎക്ക് ഗുണം ചെയ്യും. കോന്നിയില്‍ ശക്തമായ ത്രികോണ മത്സരം. ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് മന്ത്രിമാര്‍ വന്ന് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തത് ഇടതുപക്ഷത്തിന് തിരിച്ചടിയാവും. ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം കോന്നിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: