മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍നിര്‍മ്മാണ ഫാക്ടറിയ്ക്ക് അനുവദിച്ച ഭൂമിയില്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതിന് ബജാജ് ഓട്ടോയ്ക്ക് സര്‍ക്കാര്‍ ചുമത്തിയ 143 കോടിയുടെ പിഴ 25 കോടിയായി കുറച്ചു നല്കിയ പരിസ്ഥിതി മന്ത്രി ആദിത്യ താക്കറേയുടെ നടപടിയെ വിമര്‍ശിച്ച് ബിജെപി.
ബജാജ് ഓട്ടോയുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പിഴത്തുക കുറച്ചുനല്‍കിയതെന്നും ബിജെപി എംഎല്‍എ അതുല്‍ ഭത്ഖാല്കര് ആരോപിക്കുന്നു. 2007ല്‍ വ്യവസായം തുടങ്ങാന്‍ ചക്കാനില്‍ 200 ഏക്കര്‍ ഭൂമിയാണ് മഹാരാഷ്ട്ര ഡവലപ്മെന്റ് കോര്പറേഷന് (എം ഐഡിസി) ബജാജ് ഓട്ടോയ്ക്ക് നല്‍കിയത്. പക്ഷെ 2020 ആയിട്ടും ഈ നിര്‍ദ്ദീഷ്ട പ്ലോട്ടില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിനാലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ 143 കോടി രൂപ പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.
മന്ത്രി തന്നെ വിളിച്ചുചേര്‍ത്ത യോഗത്തിലല്ലേ പിഴത്തുക ഗണ്യമായി കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന കാര്യം വ്യക്തമാക്കണമെന്ന് ബിജെപി ആദിത്യ താക്കേറയോട് ആവശ്യപ്പെട്ടു. 200 ഏക്കര്‍ ഭൂമിയാണ് അനുവദിച്ചതെങ്കിലും 250 ഏക്കര്‍ ഭൂമി നല്കിയിട്ടില്ലേ എന്നും ബിജെപി നേതാവ് ഭത്കല്‍ക്കര്‍ ചോദിച്ചു.
എം ഐഡിസി കരാര്‍ പ്രകാരം അനുവദിച്ച ഭൂമിയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കണമെന്നുണ്ട്. അതല്ലെങ്കില്‍ കമ്പനി ആ ഭൂമി സര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കണം. എന്നാല്‍ ഈ ഭൂമി നിര്‍മ്മാണം തുടങ്ങാതെ 12 വര്‍ഷത്തോളം ഒഴിച്ചിട്ടതിന് അധികപിഴ ഉള്‍പ്പെടെയാണ് 143 കോടി രൂപ പിഴയിട്ടിരിക്കുന്നത്.
റെനോ കാര്കമ്പനിയുമായി ചേര്‍ന്ന് വില കുറഞ്ഞ കാറുകള്‍ നിര്‍മ്മിക്കാനുള്ള പ്ലാന്റ് നിര്‍മ്മിക്കാനായിരുന്നു ബജാജ് ഓട്ടോയുടെ പദ്ധതി. എന്നാല്‍ ഈ പങ്കാളിത്ത ബിസിനസ് പദ്ധതി പരാജയപ്പെട്ടതോടെ പ്ലാന്റ് നിര്‍മ്മിക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. പിന്നീട് ഇവിടെ ടൂവീലറും ത്രീവീലറും നിര്‍മ്മിക്കാനുള്ള ഫാക്ടറി തുടങ്ങാന്‍ പദ്ധതിയിട്ടെങ്കിലും അതും നടന്നില്ല. പിന്നീട് ഉയര്‍ന്ന വിലയുള്ള മോട്ടോര്‍സൈക്കിളുകളും ചേതക് സ്കൂട്ടറും ഇലക്ട്രിക് സ്കൂട്ടറുകളും നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടെങ്കിലും അതും നേരെയായില്ല. എന്നാല്‍ ഭൂമി തിരിച്ചുനല്കിയതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: