തൃശൂര്‍: വിവിധ ഹിന്ദുസംഘടനകളുടെ സമ്മര്‍ദ്ദത്തിനും പൂരപ്രേമികളുടെയും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രസമിതികളുടെയും നിര്‍ബന്ധത്തിനും മുന്നില്‍ ഉദ്യോഗസ്ഥരും സര്‍ക്കാരും അയയുന്നു. തൃശൂര്‍ പൂരം നടത്തിപ്പ് എങ്ങിനെ വേണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്തിമമായി പരിശോധിക്കാന്‍ ധാരണയായി.
മന്ത്രിസഭായോഗമാണ് ഇതിനുള്ള നിര്‍ദേശം നല്‍കിയത്. അതേസമയം പൂരം മുന്‍വര്‍ഷങ്ങളിലേത് പോലെ നടത്താന്‍ സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് ബിജെപി ഏകദിന ഉപവാസം ആരംഭിച്ചു. കഴിഞ്ഞ ദിവസം ബിജെപി തന്നെ പൂരം ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച്, പാരമ്പര്യപ്പൊലിമയോടെ അനുബന്ധച്ചടങ്ങള്‍ക്കൊപ്പം നടത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും മറ്റു സര്‍ക്കാര്‍ പരിപാടികള്‍ക്കും ബാധകമല്ലാത്ത കൊറോണ പ്രോട്ടോക്കോള്‍ ക്ഷേത്രോത്സവങ്ങളില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് ബാലിശമാണെന്നും ബിജെപി ആരോപിച്ചിരുന്നു. ഷോപ്പിംഗ് മാളുകളും സിനിമാ തിയറ്ററുകളും തുറന്ന് പ്രവര്‍ത്തിക്കുന്ന നാട്ടില്‍ പൂരവും അനുബന്ധ എക്സിബിഷനും നടത്താമെന്നും ബിജെപി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
കൊറോണ പ്രോട്ടോക്കോള്‍ ഉയര്‍ത്തിയുള്ള കടുത്ത നിലപാടുകളില്‍ നിന്നും സര്‍ക്കാര്‍ ഇപ്പോള്‍ പിന്മാറിയിരിക്കുകയാണ്. ഇക്കുറി തൃശൂര്‍ പൂരത്തിന് ഇളവുകള്‍ നല്കുന്ന കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്നും ആറ്റുകാല്‍ പൊങ്കാലയും ശബരിമല ഉത്സവും നടത്തിയ രീതി പിന്തുടരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പൂരത്തോടനുബന്ധിച്ചുള്ള എക്സിബിഷന് സ്റ്റാളുകളുടെ എണ്ണം കുറച്ച് നടത്താനും തത്വത്തില്‍ ധാരണയായിട്ടുണ്ട്. സ്റ്റാളുകളുടെ എണ്ണം പകുതിയായി കുറയ്ക്കാന്‍ ദേവസ്വങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആനകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പാറമേക്കാവും തിരുവമ്പാടിയും. പതിനഞ്ച് വീതം ആനകളുമായി എഴുന്നള്ളിപ്പുകള്‍ നടത്തണമെന്ന കാര്യത്തിലും ഇരു പൂരം കമ്മിറ്റികള്‍ക്കും നിര്‍ബന്ധമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്തിമ തീരുമാനം കൈക്കൊള്ളും.
ഈ വര്‍ഷത്തെ പൂരം ഏപ്രില്‍ 23നാണ്. പൂരത്തോടനുബന്ധിച്ചുള്ള എക്സിബിഷന് ആരംഭിക്കേണ്ട സമയം കഴിഞ്ഞു. പൂരം പ്രദര്‍ശനത്തില്‍ നിന്നുള്ള വരുമാനം പൂരച്ചെലവിന്റെ പ്രധാനഉറവിടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: