വത്സന് തില്ലങ്കേരി
(ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ്)
അശ്വിനി കുമാര്‍ ബലിദാനിയായിട്ട് 15 വര്‍ഷം തികയുന്നു. മുസ്ലിം ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഉന്നത ഗൂഢാലോചനയിലൂടെ അശ്വിനിയെ വകവരുത്തുകയായിരുന്നു. ഹൈന്ദവ സംഘടനാ പ്രവര്‍ത്തന രംഗത്ത് ഉദിച്ചുയര്‍ന്ന യുവ പ്രതിഭയായിരുന്നു അശ്വിനി. ഒരിക്കല്‍ പരിചയപ്പെട്ടവരുടെ മനസ്സില്‍ അശ്വിനി മറയാതെ നില്ക്കും. അത്ര അഗാധമായി സ്വാധീനിക്കുന്ന മാസ്മരിക വ്യക്തിത്വമായിരുന്നു അശ്വിനിയുടേത്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം സൃഷ്ടിച്ച വേദന ഒരു നെരിപ്പോടുപോലെ എല്ലാവരിലും ഇന്നും നീറി നില്‍ക്കുകയാണ്.
അന്നൊരു ശനിയാഴ്ച ആയിരുന്നു. മാര്‍ച്ച് 10. പ്രഗതിയില്‍ അശ്വിനിമാഷ് സ്പെഷ്യല്‍ ക്ലാസ് വച്ചിരുന്നു. പതിവുപോലെ നേരത്തേ വീട്ടില്‍ നിന്നിറങ്ങി ചുറ്റുപാടുമുള്ള വീടുകളില്‍ ക്ഷേമാന്വേഷണം നടത്തിയാണ് അദ്ദേഹം പുന്നാട് എത്തിയത്. അവിടെനിന്നും ബസ്സില്‍ കയറി ഇരിട്ടിയിലേക്ക് തിരിച്ചതാണ്. പയഞ്ചേരി മുക്കില്‍ ബസ് എത്തിയപ്പോഴാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തി ബസ്സിനുള്ളില്‍ വെച്ച് കൊലയാളി സംഘം അശ്വിനിയെ വെട്ടി നുറുക്കി ജീവനെടുത്തത്.
കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല പുറത്തും അറിയപ്പെട്ട അശ്വനി രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കണ്ണൂര്‍ ജില്ലാ ബൗദ്ധിക് പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജാതി മത രാഷ്ട്രീയ ഭേദമന്യേ സമാദരണീയനായിരുന്നു ആ യുവാവ്. സംഘര്‍ഷ കലുഷിതമായ ജില്ലയിലെ സവിശേഷ സാഹചര്യത്തിലും ഒരു കേസ് പോലും അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരുന്നില്ല. ഹിന്ദു സമാജത്തിന്റെ നേതൃ നിരയിലേക്ക് അതിവേഗം വളന്നുവരികയായിരുന്ന അശ്വിനിയെ കൊലയാളികള്‍ ഇല്ലാതാക്കുകയായിരുന്നു.
ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് നല്ല വേരോട്ടമുള്ള ഇരിട്ടി മീത്തലെ പുന്നാട് ഒരു പാവപ്പെട്ട കുടുംബത്തിലാണ് അശ്വിനി കുമാര്‍ ജനിച്ചത്. ബാലനായിരിക്കുമ്പോള്‍ തന്നെ സംഘത്തിന്റെ സായാഹ്ന ശാഖയിലെത്തി. ജന്മസിദ്ധമായ നേതൃഗുണം കൊണ്ടും വശ്യമായ പെരുമാറ്റം കൊണ്ടും ഏവരേയും ആകര്‍ഷിച്ച ആ സ്വയം സേവകന് നന്നായി പാടാനും പ്രസംഗിക്കാനും ഏറെ കഴിവുള്ളവനായിരുന്നു. നാടിന്റെ മനം കവര്‍ന്ന് പടിപടിയായി സംഘ ചുമതലകള്‍ ഏറ്റെടുത്ത് സംഘ വികാസത്തിനായി ജീവിതം ചിട്ടപ്പെടുത്തുകയായിരുന്നു ആ യുവാവ്. കോളേജ് വിദ്യാഭ്യാസ കാലത്ത് വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തിലേക്കുയരുകയും സംസ്ഥാന സമിതി അംഗമാവുകയും യൂണിയന് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. യൂനിവേഴ്സിറ്റി ഇന്റേണല്‍ കലോത്സവത്തില്‍ പ്രസംഗ മത്സരങ്ങളില്‍ അശ്വിനി സമ്മാനങ്ങള്‍ വാരിക്കൂട്ടി. കടുത്ത ജീവിതാനുഭവങ്ങള്‍ക്കിടയിലും സംഘ പരിശീലനങ്ങള്‍ നേടുകയും മികച്ച കാര്യകര്‍ത്താവായി ഉയര്‍ന്നു വരികയും ചെയ്തു. കുട്ടികളോട് സല്ലപിച്ചും മുതിര്‍ന്നവരെ ആദരിച്ചും അമ്മമാരോട് വാത്സല്യപൂര്‍വ്വം പെരുമാറിയും എല്ലാവരുടെയും ഹൃദയം കവര്‍ന്നു. അങ്ങിനെ സഹപ്രവര്‍ത്തകരെ സമന്വയിപ്പിച്ച് പുന്നാടിനെ അക്ഷരാര്‍ത്ഥത്തില്‍ സംഘഗ്രാമമാക്കി മാറ്റി.
സമാജത്തില്‍ ഏകാത്മകതയും ആവേശവും ഐക്യവും വളര്‍ത്താന്‍ പുന്നാട് ഗ്രാമോത്സവം പോലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത് ജാതിമത ഭേദമന്യേ എല്ലാവരെയും സഹകരിപ്പിച്ചു. കേരളം മുഴുവന്‍ ചര്‍ച്ചചെയ്ത് വന്‍ വിജയമായി ഗ്രാമോത്സവം മാറി. മഹനീയ പരമേശ്വര്‍ജിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ഗീതാ ക്ലാസുകള്‍ ആരംഭിച്ച് ഗീത ഗ്രാമത്തിലേക്കുള്ള പ്രയാണത്തിനായുള്ള ആദ്യ ചുവടുകള്‍ക്ക് നേതൃത്വം നല്കി. നിരന്തര യാത്രകള്‍ക്കും ക്ലാസുകള്‍ക്കും ഇടയില്‍ വീണു കിട്ടുന്ന സമയത്തിനിടയില്‍ ഭഗവദ്ഗീതയും വേദേതിഹാസങ്ങളും പുരാണങ്ങളും പഠിച്ച് പ്രഭാഷണങ്ങള്‍ നടത്തുകയും ഉജ്ജ്വല പ്രഭാഷകനായി ഖ്യാതി നേടുകയും ചെയ്തു. പതിഞ്ഞ ശബ്ദത്തില്‍ ആരംഭിച്ച് ഉദാഹരണങ്ങളും ഉദ്ധരണികളും കോര്‍ത്തിണക്കി ശ്രോതാക്കളുടെ മനോധര്മ്മമറിഞ്ഞ് നര്‍മ്മം കലര്‍ത്തി അവസാനം കത്തിപ്പടരുന്ന പ്രഭാഷണ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. കണ്ണൂര്‍ ജില്ലയിലെ നൂറുകണക്കിന് ക്ഷേത്രങ്ങളിലെ ആദ്ധ്യാത്മിക സദസ്സുകളില്‍ നിറ സാന്നിദ്ധ്യമായിരുന്നു അശ്വിനി.
കടന്നുവന്ന ജീവിത പാതയില്‍ താന്‍ അഭിമുഖീകരിച്ച പൊള്ളുന്ന അനുഭവങ്ങളിലൂടെ പാവപ്പെട്ടവരോടുള്ള അനുതാപം അദ്ദേഹത്തിന്റെ സഹജ ഭാവമായിരുന്നു. പാവപ്പെട്ട രോഗികള്‍ മരുന്നില്ലാതെ വിഷമിക്കുമ്പോള്‍ ഉദാരമതികളുടെ സഹായം സ്വീകരിച്ചും മരുന്ന് കടകളുമായുള്ള നല്ല ബന്ധം ഉപയോഗിച്ചും നിരവധിപേര്‍ക്ക് ജീവന് രക്ഷാ ഔഷധങ്ങള്‍ എത്തിച്ചു നല്‍കിയത് പലരും വിതുമ്പലോടെ ഓര്‍മ്മിച്ചത് കേട്ടിട്ടുണ്ട്. പ്രഗതിയില്‍ വിദ്യാര്‍ത്ഥികളുടെ ആരാധ്യമൂര്‍ത്തിയായ മാതൃകാ അദ്ധ്യാപകനായിരുന്നു അശ്വിനി കുമാര്‍. നിവേദിതാ വിദ്യാലയത്തിന്റെ മികച്ച പ്രധാനാദ്ധ്യാപകനായി അദ്ദേഹം പ്രവര്‍ത്തിച്ചു. തൊട്ടതെല്ലാം പൊന്നാക്കി ഇളം പ്രായത്തില്‍ തന്നെ ഒരായുസ്സില്‍ ചെയ്യേണ്ട വന്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ത്ത് അജാതശത്രുവായി ജീവിച്ച് ഹൈന്ദവ ജനതയുടെ ആവേശമായി വളര്‍ന്ന അശ്വിനിയെ ജിഹാദി ഭീകരര്‍ കൃത്യമായി ഉന്നം വെച്ച് ഇല്ലാതാക്കുകയായിരുന്നു.
അശ്വിനിയെ ഇല്ലാതാക്കിയാല്‍ ഹിന്ദുസമാജത്തിന്റെ സംഘടിത ശക്തിയേയും ബഹുമുഖമായ പ്രഭാവത്തേയും വളര്‍ന്നുവരുന്ന സ്ഥാപനങ്ങളേയുമെല്ലാം ഇല്ലാതാക്കാം എന്നായിരിക്കാം കൊലയാളി സംഘം കണക്കുകൂട്ടിയത്. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. അക്രമിസംഘങ്ങള്‍ക്കും അവര്‍ക്ക് പിന്തുണ നല്കിയവര്ക്കും ജനരോഷത്തിന് മുന്നില്‍ പിടിച്ചു നില്ക്കാനാവാതെ പലായനം ചെയ്യേണ്ടി വന്നു. പുന്നാട് മേഖല സംഘ പ്രസ്ഥാനങ്ങളുടെ നെടുംകോട്ടയായി മാറി. അശ്വിനിയുടെ സ്വപ്നങ്ങള്‍ സാര്‍ത്ഥകമാക്കി ഗീതാ ഗ്രാമവും ക്ഷേത്രങ്ങളും നിവേദിതയുമെല്ലാം ഇന്നും പുരോഗതിയുടെ പാതയിലാണ്. നൂറുകണക്കിന് യുവാക്കള്‍ പഠിച്ച് മത്സര പരീക്ഷകളില്‍ വിജയികളായി വിവിധ മേഖലകളില്‍ ജോലി ചെയ്യുകയാണ്. നിരവധിപേര്‍ നിവേദിതാ മൈതാനിയില്‍ പരിശീലിച്ച് വ്യത്യസ്ത സായുധ സേനകളില്‍ തെരഞ്ഞെടുക്കപ്പെട്ട് രാജ്യസേവനം നിര്‍വഹിച്ച് നാടിന്റെ യശസ്സുയര്‍ത്തുന്നു. അശ്വിനി സേവാ കേന്ദ്രം പോലുള്ള സ്ഥാപനങ്ങള്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. അശ്വിനി സ്മൃതി പുന്നാട ഗ്രാമത്തിലെ ഓരോ പുല്‍ക്കൊടിത്തുമ്പിലും നിറഞ്ഞു നില്ക്കുന്നു.
സംഘര്‍ഷമല്ല ആശയസംവാദമാണ് വേണ്ടതെന്ന് എപ്പോഴും പറഞ്ഞിരുന്ന അശ്വിനി സമാധാനത്തിന്റെയും സഹകരണത്തിന്റെയും മാതൃകയാണ് മുന്നില്‍ വെച്ചത്. എന്നാല്‍ ജിഹാദി ഭീകരത തലക്കുപിടിച്ച കയ്യറപ്പില്ലാത്ത ഇസ്ലാമിക കൊലയാളി സംഘം അദ്ദേഹത്തെ ഇല്ലാതാക്കി. അതിനു ശേഷവും ഊര്‍ജ്ജസ്വലരായ നിരവധി ഹിന്ദു യുവാക്കളെ അവര്‍ ആസൂത്രിതമായി വകവരുത്തിയിട്ടുണ്ട്. വിശാലും, സച്ചിനും, ശ്യാമപ്രസാദും, നന്ദു കൃഷ്ണയും ആ പട്ടിക നീളുകയാണ്.
വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ഭീകരതക്ക് കുട പിടിക്കുന്ന ഇടത് വലത് മുന്നണി കളുടെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും സംരക്ഷണത്തിലാണ് ഈ കാളസര്‍പ്പങ്ങള്‍ വിഷം ചീറ്റിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഭരണകൂടങ്ങളും സംവിധാനങ്ങളുമെല്ലാം അക്രമികളുടെ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നു. ഭാരതത്തില്‍ ജീവിച്ച് ശത്രുരാജ്യങ്ങള്‍ക്ക് വേണ്ടി അഞ്ചാം പത്തികളായി പ്രവര്‍ത്തിക്കുന്ന ഈ ദുഷ്ട ശക്തികള്‍ ഹിന്ദുത്വ പ്രസ്ഥാനങ്ങളെയും കാര്യകര്‍ത്താക്കളേയും ഉന്നം വെക്കാന്‍ കാരണം അവരുടെ ഗൂഢ പദ്ധതികള്‍ക്ക് തടസ്സം സംഘമാണ് എന്നത് മാത്രമാണ്. അതുകൊണ്ട് തന്നെ അവര്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശത്ത് നിന്നും ലഭിക്കുന്ന അളവറ്റ സമ്പത്തും ആയുധങ്ങളും അവരുടെ അഹന്ത വര്‍ദ്ധിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ രാജ്യ സുരക്ഷക്കായി കൈക്കൊണ്ട ചില നടപടികള്‍ അവരെ തളര്‍ത്തിക്കൊണ്ടിരിക്കുന്നു എന്നത് പരമാര്‍ത്ഥമാണ്. അതോടൊപ്പം തന്നെ മനുഷ്യത്വത്തിന്റെ ശത്രുക്കളായ ഇത്തരം ശക്തികളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള ജനജാഗരണവും നടത്തേണ്ടതുണ്ട്.
എങ്കില്‍ മാത്രമേ രാഷ്ട്രാഖണ്ഡതയെ തകര്‍ക്കുന്ന ജിഹാദി ഭീകരതയുടെ അടിവേരറുക്കാന്‍ കഴിയൂ. അശ്വിനികുമാറിനെ പോലുള്ള വീര ബലിദാനികള്‍ ബാക്കി വെച്ച രാഷ്ട്രവൈഭവത്തിന് വേണ്ടിയുള്ള നിരന്തര പ്രവര്‍ത്തനത്തിനായി സ്വയം സമര്‍പ്പിതരാവുക എന്നതാണ് അവര്‍ക്കു നല്കാവുന്ന ഏറ്റവും ഉജ്ജ്വലമായ ശ്രദ്ധാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: