തിരുവനന്തപുരം: കേരള കോൺഗ്രസ്സ് മാണി വിഭാഗം നേതാവ് ജോസ്.കെ.മാണിക്കെതിരെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൂടുതൽ സീറ്റിൽ മത്സരിക്കുന്നതിലല്ല, അതിൽ വിജയിച്ച് ജോസ്.കെ.മാണി ശക്തി തെളിയിക്കണമെന്ന് കാനം. ജോസ്.കെ.മാണി വിഭാഗത്തിന് 13 സീറ്റുകൾ എൽഡിഎഫ് നൽകിയിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു കാനം.
കൂടുതൽ സീറ്റുകളിൽ മത്സരിച്ചു എന്നത് കൊണ്ട് ശക്തിയാകുന്നില്ല. അത് മത്സരിച്ച് ജയിച്ച് വന്നാൽ മാത്രമേ ശക്തിയാണോ അവർ പ്രധാനമാണോ എന്നൊക്കെ പറയാനാകൂ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ ഒമ്പത് സീറ്റിലാണ് ജോസ്.കെ.മാണി വിഭാഗം മത്സരിച്ചത്. നാല് സീറ്റ് തോറ്റു. അപ്പോ സീറ്റ് കൂടുതൽ കിട്ടിയാലും തോക്കാമെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ശക്തിയാണോ എന്ന് നോക്കാമെന്നും കാനം പറഞ്ഞു. തുടർഭരണം ഉണ്ടായാൽ കൂടുതൽ മന്ത്രിസ്ഥാനവും ജോസ്.കെ.മാണി ആവശ്യപ്പെടില്ലേ എന്ന ചോദ്യത്തിന് സ്വപ്‌നം കാണാൻ ലൈസൻസ് ആവശ്യമില്ലെന്ന് വച്ച് എപ്പോഴും കാണാനാകുമോ എന്നുമായിരുന്നു കാനത്തിന്റെ മറുപടി.
ജോസ്.കെ.മാണിവിഭാഗം എൽഡിഎഫിലേക്ക് വരുന്നതിനെ ആദ്യം മുതൽ കാനം എതിർത്തിരുന്നു. ജോസ്.കെ.മാണിയുടെ പാർട്ടിക്ക് ശക്തി കുറവാണെന്നും തുടർഭരണ സാധ്യത ഉള്ള സമയത്ത് വേണ്ടാത്ത പണികാണിച്ച് സാധ്യത മങ്ങിക്കരുതെന്നും എൽഡിഎഫിൽ കാനം നിലപാട് എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: