കൊച്ചി : ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന് ക്ലീന്‍ ചിറ്റ് നല്കി വിജിലന്‍സ് റിപ്പോര്‍ട്ട്. കെ. ബാബുവിനെതിരായ 100 കോടിയുടെ അഴിമതി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്താന്‍ ആയിട്ടില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്.
കെ. ബാബു എക്സൈസ് മന്ത്രിയായിരിക്കേ പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിലും മദ്യവില്പന ശാലകള്‍ പൂട്ടുന്നതിലുമായി 100 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു ആരോപണം. ഇതോടെ മന്ത്രിപദവി ഒഴിയുകയും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 2016ല്‍ കെ. ബാബുവിനെതിരെ കേസെടുത്ത് വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിശദമായ അന്വഷണങ്ങള്‍ക്ക് ഒടുവിലാണ് ഇപ്പോള്‍ വിജിലന്‍സ് കെ. ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ തെളിവില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കെ. ബാബു നേരിട്ട് കൈക്കൂലി വാങ്ങിയതായി പരാതിക്കാരന് പോലും പറയുന്നില്ല. ബാര്‍ ഹോട്ടല്‍ അസോസിയേഷന് പിരിച്ചെടുത്തതായി പറയുന്ന 3.79 കോടി രൂപ കേസ് നടത്തിപ്പിന് വേണ്ടി പിരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ തന്നെ മനപ്പൂര്‍വ്വം ക്രൂശിച്ചതാണ്. സത്യം പുറത്തുവരുമെന്ന് ബോധ്യമുണ്ടായിരുന്നു. വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ട് വളരെ ആശ്വാസകരമെന്ന് മുന്‍ മന്ത്രി ബാബു പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ യുഡിഎഫില്‍ നടന്നു വരികയാണ്. തൃപ്പൂണിത്തുറയില്‍ വീണ്ടും കെ. ബാബുവിന് അവസരം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ബാര്‍കോഴ ആരോപണങ്ങള്‍ക്ക് പിന്നാലെ നഷ്ടപ്പെട്ട തൃപ്പൂണിത്തുറ സീറ്റ് ഇത്തവണയും അദ്ദേഹത്തിന് നല്‍കണം. കെ. ബാബുവിലൂടെ മാത്രമേ സീറ്റ് തിരിച്ചു പിടിക്കാന്‍ സാധിക്കൂവെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ഇതോടൊപ്പം ഇരിക്കൂറില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച കെ.സി. ജോസഫിന് കാഞ്ഞിരപ്പള്ളി സീറ്റ് നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി കെപിസിസിയോടും ഉന്നത നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: