കേരള പ്രാന്തസംഘചാലകനായി ഫെബ്രുവരി മാസം 27 ന് കണ്ണൂരിലെ അഭിഭാഷകപ്രമുഖനും സഹപ്രാന്തസംഘചാലകനുമായിരുന്ന അഡ്വക്കേറ്റ് കെ.കെ. ബാലറാമിനെ എറണാകുളത്ത് എളമക്കരയിലെ ‘ഭാസ്കരീയ’ത്തില്‍ ചേര്‍ന്ന പ്രാന്തപ്രതിനിധിസഭ തെരഞ്ഞെടുക്കുകയുണ്ടായി. ദശവത്സരങ്ങളായി ആ ചുമതല വഹിച്ചുവന്ന പറയത്ത് ഇരവി ബാലകൃഷ്ണമേനോന്റെ സ്മരണകളാണ് ഇത്രയും സംഭവബഹുലമായ ഒരു കാഘട്ടത്തില്‍ കേരളത്തിലെ സ്വയംസേവകരുടെയും സംഘാനുഭാവികളുടെയും സംഘത്തിനു പുറത്തുള്ളവരുടെയും ഹൃദയങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. ശാരീരികമായ അവശതമൂലം അദ്ദേഹത്തിന്റെ നിരന്തരമായ ആവശ്യങ്ങള്‍ പരിഗണിച്ചാണ് സംഘപ്രവര്‍ത്തകര്‍ അതിനു വഴങ്ങിയത്. മുതിര്‍ന്ന് വാര്ധക്യത്തിലേക്കു കടന്നവരെ സംഘത്തിന്റെ ചുമതലകളില്‍നിന്ന് വിടുതല്‍ ചെയ്യുക എന്ന പതിവ് ഏതാണ്ട് ഒരു വ്യാഴവട്ടക്കാലമായി സംഘത്തില്‍ തുടരുന്നുമുണ്ട്. എന്തായാലും പി.ഇ.ബി. മേനോന്റെ സാന്നിധ്യം കേരളത്തിലെ ലക്ഷാവധി സ്വയംസേവകരുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുമെന്നതിനു സംശയമില്ല.
മേനോന്റെ പറയത്തു കുടുംബം കേരളത്തിന്റെ ആധ്യാത്മികവും സാംസ്കാരികവുമായ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പൂര്‍വ്വികനായിരുന്ന പറയത്ത് ഗോവിന്ദമേനോനാണ് ആഗമാനന്ദസ്വാമികള്‍ക്ക്, ഇന്നു നാം പെരിയാറ്റിന്‍കരയില്‍ കാണുന്ന അദൈ്വതാശ്രമം നിര്‍മിക്കാനായി ഒരേക്കറിലധികം സ്ഥലം ദാനം ചെയ്തത്. സ്വാമിജി അവിടെ ആരംഭിച്ച ഏറ്റവും പിന്നാക്കജാതിക്കാര്ക്കുവേണ്ടിയുള്ള സംസ്കൃമടക്കമുള്ള ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ എത്രയോ മഹാപണ്ഡിതന്മാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സമുദായ പരിഷ്കര്‍ത്താക്കളെയും ഉള്‍ക്കൊള്ളുന്നു. പത്മശ്രീ എം.കെ. കുഞ്ഞോല്‍ അവരില്പ്പെടുന്നു. പരമേശ്വര്‍ജിയും പി. ഗോവിന്ദപ്പിള്ളയും അടക്കം പില്ക്കാലത്ത് കേരളീയ ജനതയ്ക്കു രാഷ്ട്രീയവും സാംസ്കാരികവുമായ നേതൃത്വം നല്കിയ എത്രയോ പ്രഗല്ഭന്മാര് അവിടെ വളര്‍ന്നുവന്നു.
പി.ഇ.ബി. മേനോന് കഴിഞ്ഞ നാല് പതിറ്റാണ്ടുകാലമായി ക്രമേണ സംഘത്തിലേക്കലിഞ്ഞുചേരുകയായിരുന്നു. മുതിര്‍ന്ന പ്രചാരകന്മാരായ മാധവജിയും ഭാസ്കര്‍ജിയും ഭാസ്കര്‍റാവുവുമെല്ലാമാണദ്ദേഹത്തെ സംഘദൗത്യം നല്കി ഒരുക്കിയെടുത്തതെന്നു പറയാം. ഒട്ടനവധി സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുള്ള ഒരു കുടുംബമാണ് അദ്ദേഹത്തിന്റേത്. എല്ലാവരുടെയും പേരിനോടൊപ്പമുള്ള ‘ഇരവി’ എന്നത് പഴയകാലത്തെ ഏതോ രാജാവ് നല്കിയ ബഹുമതിയാണെന്നും, ജന്മഭൂമിയില് തുടക്കക്കാലത്തു സഹകരിച്ചുവന്ന പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന പെരുന്ന കെ.എന്‍. നായര്‍ പറയുമായിരുന്നു. എന്നു മാത്രമല്ല 1100-ാമാണ്ടില്‍ (മലയാള വര്‍ഷം) തിരുവിതാംകൂറില്‍ നായന്മാരുടെ മരുമക്കത്തായം അവസാനിപ്പിച്ച് മക്കത്തായം നടപ്പിലാക്കിയപ്പോള്‍ അതില്‍നിന്നു നാലോ അഞ്ചോ കുടുംബങ്ങളെ ഒഴിവാക്കിയതില്‍ ഒന്ന് ‘പറയത്ത്’ ആയിരുന്നുവെന്നും കെ.എന്‍. നായര്‍ പറഞ്ഞിരുന്നു. പിന്നീട് രാജ്യം മുഴുവന്‍ ഒരേവിധത്തിലുള്ള വ്യക്തിനിയമങ്ങളും പിന്തുടര്ച്ചാവകാശ നിയമവും നടപ്പിലായതുവരെ ആ സമ്പ്രദായം തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ പി.ഇ.ബി. മേനോനെ തികച്ചും യാദൃച്ഛികമായാണ് പരിചയപ്പെട്ടത്. അടിയന്തരാവസ്ഥയ്ക്കുശേഷം ജന്മഭൂമി പത്രത്തിന്റെ പുനഃപ്രസിദ്ധീകരണത്തിനുള്ള ഉത്സാഹവുമായി നടക്കുന്ന 1977 ലെ സെപ്തംബര്‍-ഒക്ടോബര്‍ കാലം. കെ.ജി. വാധ്യാര് എന്ന ഗുണഭട്ട് അതിന്റെ വലിയ ഉത്സാഹിയായിരുന്നു. എറണാകുളം നോര്‍ത്തില്‍ പഴയ ഒരു ഹോട്ടല്‍ നടന്നുവന്ന കെട്ടിടം വാടകയ്ക്കെടുത്തു. നോര്‍ത്ത് സ്റ്റേഷനടുത്താകയാല് പല സൗകര്യങ്ങളുമുണ്ടായി. നോര്ത്തില്നിന്നുതന്നെ ചില ബസ്സുകളും പുറപ്പെട്ടിരുന്നു. അതിനടുത്ത് ശിവരാമമേനോന് റോഡില്‍ റെയിലിന്റെ മറുവശത്ത,് സാമ്പത്തികമായ ഉപദേശങ്ങള്‍ നല്‍കിവന്ന പങ്കജാക്ഷന് (അനിയന്) എന്ന സിഎയുടെ ഓഫീസ് പുതിയതായി തുടങ്ങി. അതു കാണാന്‍ അവിടെ ചെന്നപ്പോള്‍ ആരു കണ്ടാലും തല കുമ്പിടത്തക്ക ഗാംഭീര്യവദനനായ ഒരാള്‍ ഇരിക്കുന്നു. സീരിയസ് ബിസിനസ് ആണെങ്കില്‍ ഞാന്‍ പിന്നെ വരാമെന്നു പറഞ്ഞെങ്കിലും രണ്ടുപേരും അതു സമ്മതിച്ചില്ല. പങ്കജാക്ഷന് അദ്ദേഹത്തെ പരിചയപ്പെടുത്തി. പി.ഇ.ബി. മേനോന് ആലുവയില്‍ സിഎ ആണ്. സിഎമാരില് ഏറ്റവും ബഹുമാനിക്കപ്പെടുന്നയാള്‍ എന്നു പറഞ്ഞു. എന്നെ അദ്ദേഹത്തിനും പരിചയപ്പെടുത്തി. പഴക്കം ചെന്ന ആര്‍എസ്എസ് പ്രചാരക്, ജനസംഘത്തിന്റെ സംസ്ഥാന കാര്യദര്‍ശി, ഇപ്പോള്‍ മലയാളത്തില്‍ പത്രം തുടങ്ങാനുള്ള ശ്രമത്തിലാണ്. പരിചയം പരസ്പരമായപ്പോള് അടുപ്പം വര്‍ധിച്ചു. വീട് തൊടുപുഴയാണെന്നറിയിച്ചപ്പോള് അവിടത്തെയാണ് സിഎ തൊഴിലിലെ തന്റെ ആദ്യത്തെ ഫയല്‍ എന്നു പറഞ്ഞു. ആരുടെയാണ് എന്നന്വേഷിച്ചപ്പോള്‍ പി.ബി.നാരായണന് നായര്‍ നാണപ്പന് ചേട്ടന് എന്നാണ് എല്ലാവരും വിളിക്കുന്നത് എന്നും പറഞ്ഞു. അതെന്റെ ‘ചേച്ചിയുടെ ഭര്‍ത്താവാ’ണെന്നു പറയാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അതോടെ അകല്‍ച്ചയുടെ തരിപോലും ഞങ്ങള്‍ക്കിടയില്‍നിന്ന് അപ്രത്യക്ഷമായി.
അന്നു രാത്രി എളമക്കര കാര്യാലയത്തിലെത്തിയപ്പോള്‍ പുതിയ പരിചയത്തെപ്പറ്റി മാധവജിയെ ധരിപ്പിച്ചു. അദ്ദേഹം ആലുവായിലെ വീട്ടിലെത്തി മെല്ലെ സമ്പര്‍ക്കം ആരംഭിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പൂജനീയ സര്‍സംഘചാലക് എറണാകുളം ജില്ലയിലെ പരിപാടി ആലുവായില്‍ നിശ്ചയിച്ചു. അതിനായി രൂപീകരിക്കപ്പെട്ട സ്വാഗതസംഘാധ്യക്ഷനായി മേനോന് സാറിനെ ക്ഷണിച്ചു. പഴയ കമ്യൂണിസ്റ്റ് നേതാവും, ദേശാഭിമാനി പത്രാധിപരുമായിരുന്ന വി.ടി. ഇന്ദുചൂഡന് പാര്‍ട്ടിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് പുറത്താകുകയും ഏറെ അന്തര്മുഖനാകുകയും ചെയ്തിരുന്നു. സംഘത്തിന്റെ ക്ഷണം അദ്ദേഹം സ്വീകരിച്ചു. ശിവരാത്രി മണപ്പുറത്തു നടന്ന പരിപാടിയിലെ അതിവിശാലമായ സ്വയംസേവകരുടെയും സംഘകുടുംബങ്ങളുടെയും ചിട്ടപ്രകാരമുള്ള ചടങ്ങുകളൊക്കെക്കഴിഞ്ഞു. സ്വാഗതസംഘാധ്യക്ഷന്‍ ഇംഗ്ലീഷിലാണ് സംസാരിച്ചത്. ദേവറസ്ജിയും ഇംഗ്ലീഷില്‍ തന്റെ പ്രഭാഷണം നടത്തി. ഒരു പക്ഷേ സംഘത്തില്‍ മുഴുകിയെന്ന് മേനോന് സാറിനെക്കുറിച്ചു പറയാന്‍ കഴിയുക അന്നുതൊട്ടായിരിക്കാം.
പിന്നീട് അദ്ദേഹം സംഘത്തില്‍ കൂടുതല്‍ ചുമതലകളേറ്റെടുത്തു. ആലുവയിലെ അദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്തായിരുന്ന കൊച്ചണ്ണന് (സദാനന്ദന് പിള്ള) ആയിരുന്നു അവിടെ സംഘചാലക്. മുതിര്‍ന്ന പ്രചാരകന്മാര്ക്കും അഖിലഭാരതീയ അധികാരിമാര്‍ക്കും അദ്ദേഹത്തിന്റെ വസതി സ്വന്തമായി എന്നു പറയാം. ജന്മഭൂമിയുടെ കാര്യത്തില്‍ അദ്ദേഹം എടുത്ത താല്‍പ്പര്യം ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്.
ജന്മഭൂമിയുടെ പ്രസിദ്ധീകരണം എളമക്കരയില്‍ നിന്നായതിനുശേഷമാണദ്ദേഹത്തിന്റെ ശ്രദ്ധ ഏറെപ്പതിഞ്ഞത്. അതിനുണ്ടായ സഹായങ്ങളും ഒത്താശകളും എത്രയെന്നു പറയാന്‍ കഴിയില്ല. അതിന്റെ നടത്തിപ്പിനു ചുമതലപ്പെട്ടവര്‍ക്ക് അദ്ദേഹത്തില്‍നിന്ന് ലഭിച്ച സഹായവും പ്രോത്സാഹനങ്ങളും എത്രയെന്നു പറയാനാവില്ല. നേരത്തെ പരാമര്‍ശിച്ച കൊച്ചണ്ണനും, മേനോന് സാറും സദാ ജന്മഭൂമിയെപ്പറ്റി മാത്രം ചിന്തിച്ചതുപോലെയായിരുന്നു.
സംഘപ്രവര്‍ത്തനത്തിന്റെ സാമൂഹ്യപങ്കാളിത്തന്നെപ്പറ്റി ചിന്തിച്ചു തുടങ്ങിയപ്പോള്‍ അതിന് സാകാര രൂപം നല്കാന് ചൊവ്വരയില്‍ പെരിയാറ്റിന്‍കരയില്‍ ഉയര്ന്നുനില്ക്കുന്ന സ്ഥാപനങ്ങള്‍ക്കു പിന്നിലെ ചാലകശക്തി മറ്റാരുമായിരുന്നില്ല. അതുപോലെയായിരുന്നു മാധവജിയുടെ സങ്കല്‍പ്പത്തില്‍ ഏറെ നാളുകളായി രൂപംകൊണ്ട് വളര്‍ന്നു വികസിച്ച്, മോഹമായി ചിന്തയായി സ്വരൂപമായി വന്ന തന്ത്രവിദ്യാപീഠം.
അതിനൊരു ലോകോത്തര ആത്മീയ കേന്ദ്രമായിട്ടുണ്ടെങ്കില് അതിന്റെ സൃഷ്ടികര്‍ത്താക്കള്‍ക്കും എന്നും കരുത്തു നല്കിയതു മറ്റാരുമായിരുന്നില്ല.
സംഘത്തിന്റെ ഏതാവശ്യത്തിനും ഭാരതത്തിലെവിടെയായാലും എത്തുകയും, അതു നിറവേറ്റുകയും ചെയ്ത വിശിഷ്ട പാരമ്പര്യമാണ് മേനോന് സാര്‍ സൃഷ്ടിച്ചത്. അതില്‍ ഒരു അന്യാദൃശത നമുക്കു കാണാന്‍ കഴിയും. കൃതജ്ഞതയോടെ അഭിമാനത്തോടെ നമുക്കൊക്കെ ഓര്‍ക്കാനുള്ളത് അദ്ദേഹം മാതൃകയായിരുന്നിട്ടാണ് സംഘചാലക സ്ഥാനം വിട്ടത്. ആരോഗ്യം തികഞ്ഞ് അദ്ദേഹം തുടര്‍ന്നും നമുക്ക് വഴികാട്ടിയാകാന്‍ ജഗദീശ്വരന് അനുഗ്രഹിക്കട്ടെ.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: