ആലപ്പുഴ ജില്ലയെക്കുറിച്ച് പറയുമ്പോള്‍ പത്രക്കാര്‍ എഴുതുന്ന ക്ലീഷേ ഇതാണ്- പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ നാട്. ആ ചരിത്രത്തിന്റെ ചിറകേറി ഇതുവരെയും ചുവപ്പുകോട്ടയായി നിലകൊണ്ട ആലപ്പുഴയില്‍ 2016ലും ചരിത്രം ആവര്‍ത്തിച്ചു. ആകെയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ 2016ല്‍ ഹരിപ്പാടൊഴികെ എട്ട് സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു.
അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, അമ്പലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍, കായംകുളം, മാവേലിക്കര എന്നീ ഒമ്പത് നിയമസഭാമണ്ഡലങ്ങളാണ് ആലപ്പുഴ ജില്ലയില്‍. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 19 സീറ്റുകളും യുഡിഎഫ് തൂത്തുവാരിയപ്പോഴും ആലപ്പുഴ എ.എം. ആരിഫിലൂടെ എല്‍ഡിഎഫിനൊപ്പം നിന്നു. പക്ഷെ അരൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫിനെ ഞെട്ടിച്ച് കൊണ്ട് യുഡിഎഫ് വിജയം കൊയ്തു. പക്ഷെ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന്റെ തരംഗത്തില്‍ വീണ്ടും വിപ്ലവത്തിന്റെ ജില്ലയില്‍ വീണ്ടും ചെങ്കോടിപാറിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എന്തായാലും ആലപ്പുഴ ജില്ലയിലെ പ്രധാന പാർട്ടികളുടെയെല്ലാം ജില്ലാ നേതൃത്വത്തിലുള്ളവരുടെ പേരുകളാണ് നിയമസഭാ സ്ഥാനാർത്ഥി ചർച്ചകളിൽ സജീവമാവുന്നത്.
ആലപ്പുഴ, അമ്പലപ്പുഴ
ജില്ലയില്‍ ഇത്തവണത്തെ പ്രധാനചോദ്യം മന്ത്രിമാരായ ജി. സുധാകരനും (അമ്പലപ്പുഴ) തോമസ് ഐസക്കും (ആലപ്പുഴ) മത്സരിക്കുമോ എന്നതാണ്. തോമസ് ഐസക്ക് 2016ല്‍ 31,032 വോട്ടുകള്‍ക്കാണ് ജയിച്ചത്. അമ്പലപ്പുയില്‍ സുധാകരന്‍ ജയിച്ചതാകട്ടെ 22,621 വോട്ടുകള്‍ക്കും. ഐസക്കിന് പകരം യുവ നേതാവായ കെ.ടി മാത്യുവും സുധാകരന് പകരം മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജനും മത്സരിച്ചേക്കും. ആലപ്പുഴയില്‍ ബിജെപിയുടെ രഞ്ജിത് ശ്രീനിവാസന്‍ 18214 വോട്ടുകളും അമ്പലപ്പുഴയില്‍ ബിജെപിയ്‌ക്ക് വേണ്ടി എല്‍.പി. ജയചന്ദ്രന്‍ 22730 വോട്ടുകളുമാണ് നേടിയത്. ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ ലാലിവിന്‍സന്‍റാണ് പരാജയപ്പെട്ടത്. അമ്പലപ്പുഴയില്‍ ജെഡിയുവിന്റെ സീറ്റാണ്. ഇവിടെ ഷേഖ് പി ഹാരിസും തോറ്റു.
ചെങ്ങന്നൂരില്‍ താമര വിരിയുമോ?
ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ശക്തമായ വേരോട്ടമുണ്ട്.
.ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന മണ്ഡലമാണ് ചെങ്ങന്നൂര്‍. ഇവിടെ 2016ല്‍ ബിജെപിയ്‌ക്ക് 40000ല്‍കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അന്ന് പി.എസ്. ശ്രീധരന്‍പിള്ള ഇവിടെ 42,682 വോട്ടുകളാണ് പിടിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന്റെ പി.സി. വിഷ്ണുനാഥിനേക്കാള്‍ 2215 വോട്ടുകളുടെ കുറവ് മാത്രമാണ് ശ്രീധരന്‍പിള്ളയ്‌ക്കുണ്ടായിരുന്നു. ഇവിടെ സിപിഎമ്മിന്റെ കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ 7,983 വോട്ടുകള്‍ക്കാണ് ജയിച്ചത്.
എന്നാല്‍ 2018ല്‍ കെകെ രാമചന്ദ്രന്‍മാസ്റ്ററുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സജി ചെറിയാന്‍ വിജയിച്ചു. അതും 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. ബിജെപിയുടെ പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് ലഭിച്ചത് 35,270 വോട്ടുകളാണ്.
കോണ്‍ഗ്രസ് ടിക്കറ്റില്‍ മുതിര്‍ന്ന നേതാക്കളായ ബി. ബാബുപ്രസാദ്, എം. മുരളി, എബി കുര്യാക്കോസ് എന്നിവര്‍ക്ക് സാധ്യതയുണ്ട്.
കായംകുളം
കായംകുളത്ത് യു. പ്രതിഭ വീണ്ടും മാറ്റുരച്ചേയ്‌ക്കും. സിപിഎമ്മില്‍ പ്രതിഭയ്‌ക്കെതിരായ ഒരു ഗ്രൂപ്പ് ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും കായംകുളത്ത് തന്നെയാണ് ഡിസിസി പ്രസിഡന്‍റ് എം ലിജുവിന്റെ പേര് ഉയരുന്നത്. പ്രതിഭ 2016ല്‍ 11,857 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ബിജെഡിഎസ് സ്ഥാനാര്‍ത്ഥിയ്‌ക്ക് ഇവിടെ ഷാജി എം. പണിക്കര്‍ക്ക് 20,000 വോട്ടുകളേ നേടാന്‍ കഴിഞ്ഞുള്ളൂ.
ഇടതുമുന്നണിയ്‌ക്ക് കീറാമുട്ടിയായി ചേര്‍ത്തല
എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ മന്ത്രി തിലോത്തമനെ പുകഴ്‌ത്തിയെങ്കിലും മിക്കവാറും ചേര്‍ത്തലയില്‍ മന്ത്രി പി. തിലോത്തമനെ വീണ്ടും മത്സരിപ്പിച്ചേക്കില്ല. . പകരം സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിക്കാന്‍ സിപിഐ ബുദ്ധിമുട്ടും. അരൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഈഴവ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് വെള്ളാപ്പള്ളി പറഞ്ഞെങ്കിലും സിപിഎം കേട്ടില്ല. ഫലം 2016ല്‍ ആരിഫ് 38,519 ചെങ്കോടി പാറിച്ച മണ്ഡലം യുഡിഎഫിന് വേണ്ടി മത്സരിച്ച ഷാനിമോള്‍ ഉസ്മാന്‍ കയ്യടക്കി. തിലോത്തമന് പകരം അരഡസന്‍ സ്ഥാനാര്‍ത്ഥികളെ സിപി ഐ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്.
കുട്ടനാടില്‍ ത്രികോണമത്സരം പൊടിപാറും
കുട്ടനാട്ടില്‍ 33,044 വോട്ടുകള്‍ പിടിച്ച സുഭാഷ് വാസു പാര്‍ട്ടിയിലില്ല. ഈ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്നതാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ താത്പര്യം. അങ്ങനെയെങ്കിൽ തുഷാർ കുട്ടനാട്ടിൽ നിന്നാകും ജനവിധി തേടുക. തുഷാര്‍ എത്തിയാല്‍ ശക്തമായ ത്രികോണ മത്സരം അരങ്ങേറും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റ് ജേക്കബ് എബ്രഹാം കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കുട്ടനാട്ടില്‍ മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് എന്‍സിപി ടിക്കറ്റില്‍ മത്സരിക്കും.
രമേശ് ചെന്നിത്തലയ്‌ക്ക് തലവേദനയായി ഹരിപ്പാടിലെ തദ്ദേശതരംഗം
യുഡിഎഫിന് വേണ്ടി ഹരിപ്പാട്ട് രമേശ് ചെന്നിത്തല 2016ല്‍ 18621 വോട്ടുകള്‍ക്കാണ് ജയിച്ചത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന പരിവേഷമുള്ളതിനാല്‍ രമേശ് ചെന്നിത്തലയ്‌ക്ക് അല്‍പം മുന്‍തൂക്കമുണ്ട്. പക്ഷെ ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കെടുത്താല്‍ ഇവിടെ എല്‍ഡിഎഫിന് 60,106 വോട്ടുകളും യുഡിഎഫിന് 58639 വോട്ടുകളും മാത്രമേ കിട്ടിയുള്ളൂ. ഇവിടെ ബിജെപിയുടെ അശ്വനീദേവിന് ആകെ ലഭിച്ചത് 12985 വോട്ടുകളാണ്. രമേശ് ചെന്നിത്തലയ്‌ക്കെതിരെ കഴിഞ്ഞ തവണ പി. പ്രസാദാണ് മത്സരിച്ചത്. ഇക്കുറി കൂടുതല്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ സിപിഐ കളത്തിലിറക്കിയേക്കും.
മാവേലിക്കര
2016ല്‍ 31542 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആര്‍. രാജേഷ് ജയിച്ചത്. എന്നാല്‍ രണ്ട് തവണ വിജയിച്ചവര്‍ക്ക് സീറ്റില്ലാത്ത സാഹചര്യം വന്നാല്‍ ജില്ല സെക്രട്ടേറിയറ്റംഗം കെ. രാഘവന്‍, ഡിവൈഎഫ് ഐ ജില്ലാ ട്രഷറര്‍ എം.എസ്. അരുണ്‍കുമാര്‍ എന്നിവര്‍ക്ക് സാധ്യത കല്‍പിക്കുന്നു. മാവേലിക്കരയില്‍ മുന്‍ എംഎല്‍എ കെ.കെ. ഷാജുവിനാണ് സാധ്യത. ഇവിടെ ബിജെപിയുടെ പി.എം. വേലായുധന്‍ 30,929 വോട്ടുകള്‍ നേടിയിരുന്നു. ബൈജു കലാശാലയായിരുന്നു 2016ലെ സ്ഥാനാര്‍ത്ഥി.
അരൂര്‍
ഈ മണ്ഡലത്തില്‍ 2016ല്‍ ആരിഫ് 38,519 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച് ചെങ്കോടി പാറിച്ചതാണ്. എന്നാല്‍ അരൂരില്‍ പിന്നീട് ആരിഫ് ലോക്സഭയിലേക്ക് പോയപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന്‍ വെന്നിക്കൊടി പാറിച്ചു. ഷാനിമോള്‍ ഉസ്മാന്‍ തന്നെയായിരിക്കും വീണ്ടും മത്സരിക്കുക. മണ്ഡലം തിരിച്ച് പിടിക്കാൻ ജില്ലാ സെക്രട്ടറി ആർ നാസറിനെ സിപിഎം രംഗത്തിറക്കിയേക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അരൂരില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയെന്ന ആത്മവിശ്വാസം ഇടതുമുന്നണിയ്‌ക്കുണ്ട്. ബിഡിജെഎസായിരിക്കും എന്‍ഡിഎയ്‌ക്ക് വേണ്ടി മത്സരിക്കുക.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: