മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച്, ഉപേക്ഷിച്ചനിലയില്‍ കണ്ട വാഹനത്തിന്റെ ഉടമയായ മന്‍സുഖ് ഹിരെന്റെ മരണത്തിന് പിന്നില്‍ മഹാരാഷ്ട്ര പൊലീസിന്റെ മാനസികപീഡനമെന്ന് ആരോപണം.
വീട്ടില്‍ നിന്നും അപ്രത്യക്ഷമാകുന്നതിന് മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തില്‍ പൊലീസുകാര്‍ മാനസികമായി പീഡിപ്പിച്ചതായി പറയുന്നുണ്ട്. പത്രപ്രവര്‍ത്തകരും സമ്മര്‍ദ്ദം ചെലുത്തിയതായി അറിയുന്നു. ആഭ്യന്തര മന്ത്രി, മുംബൈയിലെയും താനെയിലെയും പൊലീസ് കമ്മീഷണര്‍മാര്‍ എന്നിവര്‍ക്കും മന്‍സുഖ് ഹിരെന്‍ കത്തയച്ചിരുന്നതായി പറയുന്നു.
മുകേഷ് അംബാനിയുടെ വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച്, ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ എസ് യുവിയുടെ ഉടമ മന്‍സുഖ് ഹിരെനാണെന്ന് തൊട്ടടുത്ത ദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസിന്റെയും പത്രപ്രവര്‍ത്തകരുടെയും വക ചോദ്യം ചെയ്യലുകള്‍ ഉണ്ടായത്. എന്നാല്‍ വ്യാഴാഴ്ച മുതല്‍ കാണാതായ മന്‍സുഖ് ഹിരെന്റെ ജഡം പിറ്റേ ദിവസം മുംബൈയിലെ ഒരു കടലിടുക്കില്‍ നിന്നും കണ്ടെത്തി.
ഹിരെന്‍ ഈ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള ഒരു കണ്ണിയായിരുന്നു. വ്യാഴാഴ്ച കാണാതാവുന്നതിന് രണ്ട് ദിവസം മുന്‍പ് മാര്‍ച്ച് രണ്ടിന് എഴുതിയ കത്തില്‍ അദ്ദേഹത്തെ ഒരു കുറ്റവാളിയെപ്പോലെയാണ് പൊലീസ് കരുതുന്നതെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ഒരു ഇര മാത്രമാണ് താനെന്നും ഹിരെന്‍ എഴുതിയിട്ടുണ്ട്. സമാധാനം കാംക്ഷിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും ഇതിന് മുന്‍പുള്ള തന്റെ ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യവുമായി തനിക്ക് യാതൊരു ബന്ധവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
കാറിന് സാങ്കേതിത്തകരാര്‍ ഉണ്ടായതിനെതുടര്‍ന്ന് നഹൂര്‍ ഫ്ളൈഓവറിനടുത്ത് ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയ്ക്കരികില്‍ താന്‍ ഫിബ്രവരി 17ന് കാര്‍ പാര്‍ക്ക് ചെയ്തതായി ഹിരെന്‍ കത്തില്‍ വിശദീകരിക്കുന്നു. പിറ്റേ ദിവസം കാര്‍ എടുക്കാന്‍ പോയപ്പോള്‍ അവിടെ കണ്ടില്ല. പിന്നീട് കാര്‍ കാണാതായതിനെക്കുറിച്ച് പരാതി നല്കാന് വിക്രോളി പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം സന്ദര്‍ശിച്ചുവെന്നും ഹിരെന്‍ പറയുന്നു.
എന്നാല്‍ ആന്റിലയില്‍ സ്ഫോടകവസ്തുക്കളുമായി തന്റെ വാഹനം കണ്ടെത്തിയത് മുതലാണ് പീഡനം തുടങ്ങുന്നത്. ഫിബ്രവരി 25ന് രാത്രി 11 മണിക്ക് രണ്ട് മൂന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍പ്പെട്ട പൊലീസുകാര്‍ വീട്ടില്‍ വന്നതായി പറയുന്നു. തന്റെ സ്കോര്‍പിയോ കാര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച രീതിയില്‍ മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ കണ്ടതായി അവര്‍ പറഞ്ഞു. പിന്നീട് ഈ പൊലീസുദ്യോഗസ്ഥര്‍ ഹിരെനെ ചോദ്യം ചെയ്തു. അതുകഴിഞ്ഞയുടന്‍ ഘാട്കോപര്‍ പൊലീസ് സ്റ്റേഷനിലെ നാലഞ്ച് പൊലീസുകാര്‍ വീട്ടില്‍ എത്തി. ചോദ്യം ചെയ്ത് മടങ്ങി. ഫിബ്രവരി 26ന് പൂലര്‍ച്ചെ രണ്ട് മണിക്ക് വിക്രോളി പൊലീസ്റ്റ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാര്‍ അദ്ദേഹത്തെ കൊണ്ട് പോയി. ആറ് മണിവരെ തടവില്‍ വെച്ചു.
‘തുടര്‍ച്ചയായി ഈ കേസുമായി ബന്ധപ്പെട്ട് ഞാന്‍ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടേയിരുന്നു. എന്‍ ഐഎ, ഭംറെ പൊലീസ് ജോയിന്റ് കമ്മീഷണര്‍ എന്നിവരും ചോദ്യം ചെയ്തു. വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തതോടെ എന്റെ മാനസിക നില തെറ്റി. വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരും വിളി തുടങ്ങി. ഒരു പത്രപ്രവര്ത്തകന് പറഞ്ഞത് ഞാനാണ് കേസില്‍ സംശയിക്കപ്പെടുന്ന ആള് എന്നാണ്,’ ഹിരെന്റെ കത്ത് തുടരുന്നു.
‘പ്രതികളെപ്പറ്റി യാതൊരു വിവരവുമില്ലാത്തതിനാല്‍ ഞാന്‍ പീഡിപ്പിക്കപ്പെട്ടു. പ്രതികള്‍ എന്റെ വാഹനം മോഷ്ടിക്കുക മാത്രമല്ല, ദുരുപയോഗം ചെയ്യുകയും പിന്നീട് അത് മേല്‍ പറഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഞാന്‍ എന്റെ കാര്‍ എങ്ങിനെയാണ് മോഷ്ടിക്കപ്പെട്ടതെന്ന് വിശദീകരണം നല്‍കിയെങ്കിലും കേസില്‍ ഇരയാക്കപ്പെട്ടു. എന്നാല്‍ പൊലീസുകാരും പത്രപ്രവര്‍ത്തകരും അനാവശ്യമായി പീഡിപ്പിച്ചു,’ അദ്ദേഹം കത്തില്‍ പറയുന്നു.
അതേ സമയം മന്‍സുഖ് ഹിരെന്റെ കുടുംബം ആത്മഹത്യ എന്ന വാദത്തെ തള്ളിക്കളയുന്നു. ഈ കത്ത് ഹിരെന്‍ എഴുതിയതല്ലെന്നും അവര്‍ പറയുന്നു. അദ്ദേഹത്തിന് യാതൊരു വിധ സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലെന്നും ഒന്നാന്തരം നീന്തല്ക്കാരനാണെന്നും അവര്‍ പറയുന്നു. ഹിരെന്റെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്തായാലും കേസ് നാള്‍ക്ക് നാള് സങ്കീര്‍ണ്ണമാവുകയാണ്. ഒരു ഇസ്ലാമിക തീവ്രവാദി സംഘടന കുറ്റം ഏറ്റെടുത്തെങ്കിലും ഇതുവരെയും ആരെയും പിടികൂടാനാവാതെ ഇരുട്ടില്‍തപ്പുകയാണ് മഹാരാഷ്ട്ര പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: