ലക്നൗ: റായിബറേലിയില്‍നിന്നുള്ള 98 വയസുകാരനെ ആദരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഈ പ്രായത്തിലും ആരെയും ആശ്രയിക്കാതെ, സ്വയം പര്യാപ്തതയോടെ ജീവിക്കാന്‍ ശ്രമിക്കുന്നതിനാണ് ജില്ലാഭരണകൂടം ആദരിച്ചത്. റായിബറേലിയിലെ ഗ്രാമത്തില്‍ പുഴുങ്ങിയ കടല വിറ്റാണ് വിജയ് പാല് സിംഗ് ജീവിതമാര്‍ഗം കണ്ടെത്തുന്നത്. വഴിയരികില്‍ മേശയ്ക്കു പിന്നില്‍നിന്നുകൊണ്ട് കടലയുണ്ടാക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മറ്റൊരാളുമായി സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വലിയ കടുംബമാണ് തന്റേതെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം. കടല വാങ്ങാനെത്തിയ ആളുടെ ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ട് തുണ്ട് കടലാസിലെ കടലയിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കുന്നത് വീഡിയോയില്‍ കാണാം. ഈ പ്രായത്തിലും ജോലി ചെയ്ത് കഷ്ടപ്പെടുന്നത് എന്തിനെന്ന് ചോദിക്കുമ്പോള്‍ വീട്ടിലിരിക്കുമ്പോള്‍ ദുര്‍ബലനായെന്ന് തോന്നുമെന്നായിരുന്നു ഉത്തരം.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ ശ്രമിക്കുന്ന വിജയ് പാല് സിംഗിനെക്കുറിച്ച് ജില്ലാ ഭരണകൂടം അറിഞ്ഞത്. തുടര്‍ന്ന് ഇദ്ദേഹത്തെ വ്യാഴാഴ്ച ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫിസിലേക്ക് ക്ഷണിച്ചുവരുത്തി 11,000 രൂപ ധനസഹായം നല്‍കുകയായിരുന്നു. കൂടാതെ ഊന്നുവടിയും ഷാളും സര്‍ട്ടിഫിക്കറ്റും റായ്ബറേലി ജില്ലാ മജിസ്ട്രേറ്റ് വൈഭവ് ശ്രീവാസ്തവ സമ്മാനിച്ചു.
സര്‍ക്കാര്‍ പദ്ധതിക്ക് കീഴില്‍ വിജയ് പാല് സിംഗിന് വീടുണ്ടെന്ന് ഉദ്യോഗസ്ഥന് അറിയിച്ചു. വീഡിയോ വൈറലായിരുന്നുവെന്നും മുഖ്യമന്ത്രിയും ഇതു ശ്രദ്ധിച്ചിട്ടുണ്ടായിരുന്നുവെന്നും ശ്രീവാസ്തവ പറഞ്ഞു. ഇദ്ദേഹത്തിന് റേഷന്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ശുചിമുറി പണിയാനുള്ള തുകയും നല്കി. മുത്തച്ഛന് എന്ത് ആവശ്യമുണ്ടെങ്കിലും ജില്ലാ ഭരണകൂടം സഹായിക്കും.
ഇദ്ദേഹം നമുക്ക് പ്രചോദനമാണ്. നിര്‍ബന്ധിച്ചട്ടല്ല, മറിച്ച് സ്വയം പര്യാപ്തതയ്ക്കു(ആത്മനിര്‍ഭര്‍) വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് വിജയ് പാല് സിംഗ് പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദരിക്കല്‍ ചടങ്ങിനുശേഷം പുതിയ ഊന്നുവടിയും കുത്തിയാണ് സിംഗ് ഓഫിസിന്റെ പുറത്തേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: