കോട്ടയം: കടലാസ് ക്ഷാമവും വില വര്‍ദ്ധനവും മൂലം അച്ചടി വ്യവസായം പ്രതിസന്ധിയില്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇറക്കു മതി വൈകുന്നതാണ് കടലാസ് ക്ഷാമത്തിനും വിലവര്‍ദ്ധനവിനും കാരണ മാകുന്നത്. അച്ചടിക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിദേശ നിര്‍മ്മിത ആര്‍ട്ട് പേപ്പര്‍ ആവശ്യത്തിന് കിട്ടാനില്ലെന്ന് പ്രസ് ഉടമകള്‍ പറയുന്നു. ലഭിക്കുന്നതിനാകട്ടെ വില വന്‍തോതില്‍ കൂടുകയും ചെയ്തു. മൂന്നു മാസത്തിനുള്ളില്‍ കിലോഗ്രാമിന് അന്‍പത് ശതമാനം വരെ വില വര്‍ദ്ധിച്ചു. അറുപതു രൂപയില്‍ നിന്ന് 90 രൂപ വരെയായി വില. ഇന്ത്യന്‍ പേപ്പര്‍ ഉത്പാദന കമ്പനികളും വില വര്‍ദ്ധനവിന്റെ പാതയി ലാണ്. മഷി, കെമിക്കല്‍സ് മുതലായ അച്ചടി അനുബന്ധ സാമ ഗ്രികള്‍ക്കും വില ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്.
ലോക്ഡൗണിനുശേഷം പൊതുപരിപാടികളും ഉത്സവാ ഘോഷങ്ങളും പുനരാരംഭിക്കാത്തതും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും തുറക്കാത്തതും മൂലം അച്ചടി ജോലികള്‍ വളരെ കുറവാണ്. ഇതുകാരണം മിക്ക പ്രസുകളും ഉല്‍പ്പാദന ശേഷിയുടെ പകുതിയില്‍ താഴെയേ ഉപയോഗിക്കുന്നുള്ളൂ. നാളുകളായി കേരളത്തിലെ മൂവായിരത്തോളം വരുന്ന പ്രിന്റിംഗ് പ്രസ്സുകള്‍ ഗുരുതര സാമ്പത്തിക ബുദ്ധിമുട്ടിലാണ്. അതിനിടെയാണ് കടലാസിന്റെ വില വര്‍ദ്ധിച്ചതു വഴി ഉണ്ടായ പുതിയപ്രതിസന്ധിയെന്ന് പ്രസ്സ് ഉടമകള്‍ പറയുന്നു.
ദീര്‍ഘനാളത്തേയ്ക്ക് കരാര്‍ എടുത്തിരിക്കുന്ന അച്ചടി സ്ഥാപനങ്ങള്‍ കനത്ത നഷ്ടം സഹിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അച്ചടിക്കൂലി വര്‍ദ്ധിപ്പിക്കുന്നില്ലെങ്കിലും കടലാസ് വില വര്‍ദ്ധനവിന് ആനുപാതികമായി അച്ചടി ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് പ്രസ് ഉടമകള്‍.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ അച്ചടി ജോലികള്‍ കേരളത്തില്‍ തന്നെ നടത്തിയതിനാല്‍ മിക്ക പ്രസ്സുകള്‍ക്കും അത് ഒരു തിരിച്ചു വരവായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ മുഴുവന്‍ അച്ചടി ജോലികളും കേരളത്തിലുള്ള പ്രസുകളില്‍ തന്നെ ചെയ്താല്‍ അത് കൂടുതല്‍ സഹായകരമാകുമെന്നും ഉടമകള്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി നവീകരിച്ച് നല്ലയിനം പേപ്പര്‍ ഉണ്ടാക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.
കടലാസിന്റെ വിലവര്‍ദ്ധനവും ക്ഷാമവും പരിഹരിക്കുന്നതിന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷന് സംസ്ഥാന ട്രഷറര്‍ പി. അശോക് കുമാര്‍, ജില്ലാ പ്രസിഡന്റ് സോണി ജോര്‍ജ്, ജില്ലാ സെക്രട്ടറി വി.ടി. ജോര്‍ജ്, ജില്ലാ ട്രഷറര്‍ പി.എസ്. രമേശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: